മലയാള സിനിമാ പ്രേക്ഷകരും തമിഴ് സിനിമാ പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍, സൂര്യ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കാപ്പാന്’. കെ.വി.ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാല്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിനായി ആദ്യം സമീപിച്ചത് അമിതാഭ് ബച്ചനെ ആയിരുന്നു എന്നാണ് സംവിധായകന്റെ പുതിയ വെളിപ്പെടുത്തല്‍. തമിഴ് മാധ്യമമായ വികടന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Read More: മോഹൻലാലിനൊപ്പം അഭിനയിച്ചത് വിശ്വസിക്കാനാവാതെ സൂര്യ, മലർ മിസിനെ ഓർത്ത് സായ് പല്ലവി
എന്നാല്‍ ബിഗ് ബിയുടെ ഡേറ്റ് പ്രശ്നമായതിനാല്‍ അത് നടന്നില്ലെന്നും പിന്നീട് മോഹന്‍ലാലിനെ സമീപിക്കുകയായിരുന്നു എന്നും അദ്ദേഹം ആ കഥാപാത്രത്തെ അനായാസം അതിമനോഹരമാക്കി എന്നും കെ.വി.ആനന്ദ് പറയുന്നു.
സൂര്യ ഉള്‍പ്പെടെ ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും പോസിറ്റീവും നെഗറ്റീവുമായ വശങ്ങള് ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ചിത്രത്തില്‍ സൂര്യ അദ്ദേഹത്തിന്റെ ബെസ്റ്റ് ആണ് നല്‍കിയിരിക്കുന്നത്. ഒരു പ്രത്യേക രംഗത്തിനായി ഞങ്ങള്‍ ഒന്നിലധികം ടേക്കുകള്‍ എടുത്തിരുന്നു. എന്നിട്ടും സൂര്യ സംതൃപ്തനായില്ല. അതിനാല്‍ വീണ്ടും ഒരു ടേക്ക് കൂടി എടുക്കേണ്ടി വന്നു,’ കെ.വി.ആനന്ദ് പറഞ്ഞു.
‘കാപ്പാനി’ല്‍ നായികയായി എത്തുന്നത് സയേഷയാണ്. ‘സയേഷയ്ക്ക് നന്നായി നൃത്തം ചെയ്യാന്‍ മാത്രമേ അറിയൂ എന്നാണ് ആളുകള്‍ കരുതിയിരിക്കുന്നത്. എന്നാല്‍ മനോഹരമായ ഭാവപ്രകടനങ്ങളാല്‍ സയേഷ നമ്മളെ അത്ഭുതപ്പെടുത്തും,’ അദ്ദേഹം പറഞ്ഞു. ഇവര്‍ക്കെല്ലാം പുറമെ നടന് ആര്യയും ചിത്രത്തില്‍ ഒരു മികച്ച വേഷത്തില്‍ എത്തുന്നുണ്ട്.
ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ഏപ്രിലിൽ റിലീസ് ചെയ്തിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയമാണ് കാപ്പാന് ചര്‍ച്ച ചെയ്യുന്നത് എന്നാണ് ടീസറില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍. തീവ്രവാദവും ഇന്ത്യ-പാക് പ്രശ്നങ്ങളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് എത്തുന്നത്. സൂര്യ ഇരട്ട വേഷത്തില്‍ എത്തുന്നുവെന്നാണ് ടീസര്‍ കാണുമ്പോള്‍ മനസിലാക്കാന്‍ കഴിയുന്നത്. ‘രക്ഷിക്കും’ എന്നര്‍ത്ഥം വരുന്ന തമിഴ് വാക്കാണ് ‘കാപ്പാന്’.
ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ മോഹന്‍ലാലും ഒരു ആര്‍മി കമാന്‍ഡോയുടെ വേഷത്തില്‍ സൂര്യയും ചിത്രത്തില്‍ എത്തും എന്നാണ് നേരത്തെ അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ പിന്നീട് പുറത്തു വന്ന ലൊക്കേഷന്‍ ചിത്രങ്ങളില്‍ നിന്നും മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷത്തില്‍ എത്തും എന്നാണു മനസ്സിലാക്കാന്‍ കഴിഞ്ഞത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്നു എന്ന് കരുതപ്പെടുന്ന കഥാപാത്രത്തിന്റെ പേര് ഒരു ഫ്ലെക്സ് ബോര്‍ഡില്‍ ഹിന്ദി തലക്കെട്ടുകളുടെ ഒപ്പം എഴുതിയിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം പ്രധാനമന്ത്രിയുടെ വേഷം ചെയ്യുന്നു എന്ന ചര്‍ച്ചകള്‍ ഉയര്‍ന്നത്. പിന്നീട് അണിയറ പ്രവർത്തകർ തന്നെ മോഹൻലാലിന്റെ വേഷത്തിൽ വ്യക്തത വരുത്തി.
‘ബഹുമാന്യമായ പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ… ദേശം 4കെ എച്ച്ഡി യുഗത്തിലേക്ക് കാല്‍വയ്പ് നടത്തുന്നതിനെ അഭിമാനത്തോടെ വരവേല്‍ക്കുന്നു”, എന്നാണ് ഫ്ലെക്സിലെ വാക്കുകള്‍.
ബോമന്‍ ഇറാനി, സമുദ്രക്കനി എന്നിവരും ചിത്രത്തില്‍ നിര്‍ണായകമായ വേഷങ്ങളിലെത്തുന്നുണ്ട്. ലൈക പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ആക്ഷന്‍ ത്രില്ലറാണ്. ഹാരിസ് ജയരാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഗവേമിക് യു ആരിയാണ് ക്യാമറ, കലാസംവിധാനം കിരണ്‍. ചിത്രം മലയാളത്തിലും തെലുങ്കിലും മൊഴിമാറ്റി എത്തുമെന്നും സൂചനയുണ്ട്.
നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴകത്തേക്ക് തിരിച്ചെത്തുകയാണ് മോഹന്‍ലാല്‍. 2014 ല്‍ വിജയ്ക്കൊപ്പം അഭിനയിച്ച ‘ജില്ല’യാണ് മോഹന്‍ലാലിന്റെ അവസാന തമിഴ് ചിത്രം.