എന്നെ സിനിമയിലേക്ക് എത്തിച്ച ആ റഷ്യൻ ഷോട്ട്; കെ വി ആനന്ദിനെ ഓർത്ത് സൂര്യ

“എന്റെ മേൽ ആദ്യമായി വീണ വെളിച്ചം താങ്കളുടെ ക്യാമറയിൽ നിന്നായിരുന്നു. ആ വെളിച്ചത്തിലൂടെയാണ് എന്റെ ഭാവി ശോഭനമായത്. ”

KV Anand, KV Anand death, KV Anand suriya, കെ വി ആനന്ദ്, സൂര്യ, suriya KV Anand films, KV Anand celeb trobites, KV Anand tributes social meida, KV Anand dead, KV Anand news, KV Anand director, celebs tribute for KV Anand

തമിഴ് സംവിധായകനായും ഛായാഗ്രാഹകനുമായ കെ.വി ആനന്ദിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് സിനിമാലോകം. തന്റെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളായ ആനന്ദിനെ ഓർക്കുകയാണ് നടൻ സൂര്യ. ആദ്യചിത്രം മുതലിങ്ങോട്ട് തന്റെ യാത്രകളിൽ എന്നും പ്രചോദനവും സ്നേഹവും കരുതലുമായി കൂടെയുള്ള വ്യക്തിയായിരുന്നു ആനന്ദ് എന്ന് സൂര്യ കുറിക്കുന്നു.

“കെ വി ആനന്ദ് സാർ… താങ്കളുടെ മരണം ഈ മഹാമാരിയുടെ കാലത്ത് ഞങ്ങൾക്കേറ്റ കനത്തൊരു പ്രഹരമാണ്. നിങ്ങൾ ഞങ്ങളോടൊപ്പം ഇല്ല എന്നത് വലിയ വേദനയാണ്. താങ്കളുടെ വിയോഗത്തോട് പൊരുത്തപ്പെടാനാവാതെ ഇരിക്കുമ്പോഴും മറക്കാൻ കഴിയാത്ത ഓർമകൾ തിരമാലകളെന്ന പോലെ മനസ്സിലേക്ക് വരികയാണ്. നിങ്ങളെടുത്ത ഒരു ഫോട്ടോയിലൂടെയാണ് ആ അതിശയകരമായ കാര്യം സംഭവിച്ചത്, ശരവണൻ സൂര്യയായി മാറിയത്. ഒരു പുതുമുഖത്തെ ശരിയായ ആംഗിളിൽ അവതരിപ്പിക്കാൻ നിങ്ങൾ ചെലവഴിച്ച ആ രണ്ടു മണിക്കൂർ സമയത്തിന് ഞാനെപ്പോഴും കടപ്പെട്ടിരിക്കുന്നു. മദ്രാസ് ടാക്കീസ് ഓഫീസിലെ ആ രണ്ട് മണിക്കൂർ ഫോട്ടോഷൂട്ട് ഒരു യുദ്ധമുഖത്ത് നിൽക്കുന്നതുപോലെ തോന്നിപ്പിച്ചു. നിങ്ങളെടുത്ത​ ആ ‘റഷ്യൻ ആംഗിൾ’ ഷോട്ട് കാരണമാണ് സംവിധായകൻ വാസന്തിനും നിർമ്മാതാവ് മണി രത്നത്തിനും മറ്റുള്ളവർക്കും എന്നിൽ വിശ്വാസം തോന്നിയതും നേർക്കുനേർ എന്ന ചിത്രത്തിലേക്ക് എന്നെയെടുക്കാൻ കാരണമായതും. ആ ചിത്രം മാത്രമല്ല, ഒരു നടനെന്ന നിലയിൽ ഞാനാദ്യമായി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചപ്പോൾ ക്യാമറയ്ക്ക് പിന്നിൽ നിങ്ങളായിരുന്നു. ”

“എന്റെ മേൽ ആദ്യമായി വീണ വെളിച്ചം താങ്കളുടെ ക്യാമറയിൽ നിന്നായിരുന്നു. ആ വെളിച്ചത്തിലൂടെയാണ് എന്റെ ഭാവി ശോഭനമായത്. എന്റെ സിനിമാ ജീവിതത്തിൽ നിങ്ങളുടെ സംഭാവനയും മാർഗനിർദേശവും ഞാൻ ഒരിക്കലും മറക്കില്ല. സ്നേഹത്തോടെയും കരുതലോടെയും നിങ്ങൾ പങ്കിട്ട വാക്കുകൾ എന്റെ കരിയറിനെ ഇപ്പോഴും മുന്നോട്ട് നയിക്കുന്നു. അയന്റെ നിർമ്മാണ വേളയിൽ നിങ്ങൾ നടത്തിയ പരിശ്രമം ഒരു വലിയ വിജയത്തിനായി കൊതിക്കുന്ന എനിക്ക് പുത്തൻ ഉണർവ്വ് നൽകി. അയന്റെ വിജയം എന്നെ എല്ലാവരുടെയും പ്രിയങ്കരനാക്കി, ഞാൻ അത് നന്ദിയോടെ ഓർക്കുന്നു.നിങ്ങൾ എന്റെ ആദ്യ ചിത്രത്തിന്റെയും അവസാനചിത്രത്തിന്റെയും ഭാഗമായി എന്നത് പ്രകൃതിയുടെ തീരുമാനം പോലെ തോന്നുന്നു. നിങ്ങളെപ്പോഴും ഞങ്ങളുടെ ഓർമ്മകളിൽ ജീവിക്കും, സർ. ഹൃദയംഗമമായ നന്ദി, ആദരാഞ്ജലി,” സൂര്യ കുറിക്കുന്നു.

സൂര്യയും കെ വി ആനന്ദും കൈകോർത്ത ‘അയൻ,’ ”മാട്രാൻ,’ ‘കാപ്പാന്‍’ എന്നീ ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസ് വിജയങ്ങളായിരുന്നു.

സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി ആനന്ദ് ഹൃദയസ്തംഭനം മൂലം വെള്ളിയാഴ്ച രാവിലെയാണ് അന്തരിച്ചത്, 54 വയസ്സായിരുന്നു.

ദിനപത്രത്തിൽ ഫോട്ടോഗ്രാഫറായി കരിയർ ആരംഭിച്ച കെ.വി ആനന്ദ് പിന്നീടി പിസി ശ്രീറാമിന്റെ സഹായിയായി. ‘ഗോപുര വാസലിലെ,’ ‘മീര,’ ‘ദേവർ മഗൻ,’ ‘അമരൻ,’ ‘തിരുട തിരുട’ എന്നീ ചിത്രങ്ങളില്‍ പി സി യുടെ സഹായിയായി പ്രവര്‍ത്തിച്ചു. ‘പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘തേന്‍മാവിന്‍ കൊമ്പത്ത്’ ആണ് ആദ്യം സ്വതന്ത്രമായി പ്രവര്‍ത്തിച്ച ചിത്രം.

ഛായാഗ്രാഹകനായി ഒരു ദശാബ്‌ദം നീണ്ട കരിയറിൽ ‘മിന്നാരം,’ ‘ചന്ദ്രലേഖ,’ ‘മുതൽവൻ,’ ‘ജോഷ്,’ ‘നായക്,’ ‘ബോയ്‌സ്,’ ‘കാക്കി,’ ‘ശിവാജി’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ക്യമാറ ചലിപ്പിച്ച അദ്ദേഹം 2005ൽ ‘കനാ കണ്ടേൻ’ എന്ന തമിഴ് ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറി. പിന്നീട് ‘അയൻ,’ ‘കോ,’ ‘മാട്രാൻ,’ ‘അനേഗൻ,’ ‘കവൻ,’ കാപ്പാന്‍’ എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങൾ തമിഴ് സിനിമാലോകത്തിന് നൽകി.

Read more: ഇത്രമേൽ ഭംഗിയായി പൊള്ളാച്ചി ആരും പകർത്തിയിട്ടില്ല, ശോഭനയെയും; കെ വി ആനന്ദിനെ ഓർത്ത് പ്രിയദർശൻ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kv anand death suriya tribute condolence

The moderation of comments is automated and not cleared manually by malayalam.indianexpress.com