വ്യത്യസ്ത സംസാര ശൈലിയിലൂടെ ചിരിയുടെ പുതിയ തലങ്ങൾ മലയാളി പ്രേക്ഷകർക്ക് നൽകിയ കുതിരവട്ടം പപ്പു ഓർമയായിട്ട് ഇന്നേക്ക് പതിനേഴ് വർഷം. കോഴിക്കോടിനടുത്തുളള ഫറോക്കിൽ നിന്നുളള ഈ താരം പ്രേക്ഷകരുടെ ഇഷ്‌ടം നേടിയത് വളരെ പെട്ടെന്നായിരുന്നു. പനങ്ങാട്ട് പത്മദളാക്ഷനെന്നായിരുന്നു യഥാർത്ഥ പേര്. ഭാർഗവി നിലയമെന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായിരുന്നു കുതിരവട്ടം പപ്പു. പിന്നീട് ആ പേര് അദ്ദേഹം കൂടെ കൂട്ടി. അങ്ങനെ പത്മദളാക്ഷൻ മലയാളികൾ എക്കാലവും ഓർക്കുന്ന കുതിവട്ടം പപ്പുവായി.

നാടകത്തിലൂടെയായിരുന്നു അഭിനയ പ്രവേശനം. 1963 ൽ പുറത്തിറങ്ങിയ മൂടുപടമാണ് ആദ്യ ചിത്രം. മണിചിത്രത്താഴ്, വെളളാനകളുടെ നാട്, ഏയ് ഓട്ടോ, തേന്മാവിൻ കൊമ്പത്ത് തുടങ്ങി 1500 ഓളം ചിത്രങ്ങളിൽ പപ്പു അഭിനയിച്ചിട്ടുണ്ട്. ഇന്നും മിമിക്രി വേദികളിലെ പ്രിയ താരമാണ് ഈ ഹാസ്യ പ്രതിഭ.

തേന്മാവിൻ കൊമ്പത്ത് സിനിമയിലെ ടാസ്‌കി വിളിയെടാ എന്ന പപ്പുവിന്റെ ഡയലോഗ് മലയാളികൾ ആരും മറക്കാനിടയില്ല.

ഇങ്ങളറിയില്ലേ, മ്മടെ താമരശേരി ചുരമെന്ന് തുടങ്ങുന്ന പപ്പുവിന്റെ വെളളാനകളുടെ നാടിലെ ഡയലോഗുകളും പ്രസിദ്ധമാണ്.

ഇപ്പൊ ശരിയാക്കിത്തരാം, ആ സ്‌പാനറിങ്ങിടുത്തേ തുടങ്ങിയവ പപ്പുവിന്റെ എക്കാലത്തെയും ഹിറ്റ് ഡയലോഗുകളാണ്. മണിചിത്രത്താഴിലെ മന്ത്രവാദിയെയും ആരും മറന്നു കാണില്ല.

ഹാസ്യനടനായി മാത്രമല്ല മികച്ച സ്വഭാവ നടനായും അദ്ദേഹം വെളളിത്തിരയിലെത്തി. ദി കിങ്ങിലെ സ്വാതന്ത്ര സമര സേനാനിയുടെ വേഷം ഈ നടന്റെ മറ്റൊരു അഭിനയത്തിന്റെ മറ്റൊരു തലമാണ് പ്രേക്ഷകർക്ക് കാണിച്ചു തന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്‌ത നരസിംഹമായിരുന്നു അവസാനം അഭിനയിച്ച ചിത്രം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ