വ്യത്യസ്ത സംസാര ശൈലിയിലൂടെ ചിരിയുടെ പുതിയ തലങ്ങൾ മലയാളി പ്രേക്ഷകർക്ക് നൽകിയ താരമായിരുന്നു കുതിരവട്ടം പപ്പു. ആ ചിരിമുഖം മറഞ്ഞിട്ട് ഇന്നേക്ക് 20 വർഷം പൂർത്തിയാവുകയാണ്. കോഴിക്കോടുകാരനായ പനങ്ങാട്ട് പത്മദളാക്ഷൻ മലയാളികളുടെ പ്രിയപ്പെട്ട കുതിരവട്ടം പപ്പുവായി മാറിയത് വേഗത്തിലായിരുന്നു. ‘ഭാർഗവി നിലയ’മെന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരായിരുന്നു കുതിരവട്ടം പപ്പു.

ഇരുപതാം ചരമവാർഷികദിനത്തിൽ അച്ഛനെ ഓർക്കുകയാണ് മകനും അഭിനേതാവുമായ ബിനു പപ്പു.

നാടകത്തിലൂടെയായിരുന്നു കുതിരവട്ടം പപ്പുവിന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. ‘1963’ ൽ പുറത്തിറങ്ങിയ മൂടുപടമാണ് ആദ്യ ചിത്രം. ‘മണിചിത്രത്താഴ്’, ‘വെളളാനകളുടെ നാട്’, ‘ഏയ് ഓട്ടോ’, ‘തേന്മാവിൻ കൊമ്പത്ത്’ തുടങ്ങി 37 വർഷത്തെ സിനിമാ ജീവിതത്തിനിടെ 1500 ഓളം ചിത്രങ്ങളിലാണ് പപ്പു അഭിനയിച്ചത്. ഇന്നും മിമിക്രി വേദികളിലെ പ്രിയ താരമാണ് ഈ ഹാസ്യ പ്രതിഭ.

Read more: ‘താമരശ്ശേരി ചുരം..’ പപ്പുവിന്റെ കിടിലന്‍ ഡയലോഗുമായി സുരഭി

മലയാളി ഒരിക്കലും മറക്കാത്ത നിരവധിയേറെ ഹാസ്യ ഡയലോഗുകൾ പപ്പുവിന്റെ സംഭാവനയാണ്. തിരക്കഥയിൽ സ്വാഭാവികമായി പറഞ്ഞുപോകുന്ന ചില ഡയലോഗുകൾ, വേറിട്ട സംസാരശൈലിയിലൂടെ അദ്ദേഹം അനശ്വരമാക്കി തീർത്തു. ‘തേന്മാവിൻ കൊമ്പത്ത്’ സിനിമയിലെ ‘ടാസ്‌കി വിളിയെടാ’ എന്ന പപ്പുവിന്റെ ഡയലോഗ് മലയാളികൾ ആരും മറക്കാനിടയില്ല. അതുപോലെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു ‘വെള്ളാനകളുടെ നാട്ടി’ലെ ‘താമരശേരി ചുരം’ എന്നു തുടങ്ങുന്ന ഡയലോഗും. ‘മണിചിത്രത്താഴി’ലെ വട്ടുണ്ടോ എന്ന് സംശയിക്കുന്ന കാട്ടുപറമ്പനെയും സിനിമാപ്രേമികൾക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല.

ഹാസ്യനടനായി മാത്രമല്ല മികച്ച സ്വഭാവ നടനായും അദ്ദേഹം വെളളിത്തിരയിലെത്തി. ‘ദി കിങ്ങി’ലെ സ്വാതന്ത്ര സമര സേനാനിയുടെ വേഷം ഈ നടന്റെ മറ്റൊരു അഭിനയത്തിന്റെ മറ്റൊരു തലമാണ് പ്രേക്ഷകർക്ക് കാണിച്ചു തന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്‌ത ‘നരസിംഹ’മായിരുന്നു അവസാനം അഭിനയിച്ച ചിത്രം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook