ഒരുകാലത്ത് മലയാളത്തിന്റെ സ്വന്തം പ്രണയനായകൻ എന്ന രീതിയിൽ അറിയപ്പെട്ടിരുന്ന ആളാണ് അരവിന്ദ് സ്വാമി. തൊണ്ണൂറുകളിൽ പുറത്തിറങ്ങിയ ചിത്രങ്ങളിലൂടെ അരവിന്ദ് സ്വാമി എന്ന ചോക്ലേറ്റ് ഹീറോ ആഘോഷിക്കപ്പെട്ടു. ‘ഡാഡി’ എന്ന സംഗീത് ശിവൻ ചിത്രത്തിലൂടെയാണ് അരവിന്ദ് സ്വാമി മലയാളത്തിലെത്തുന്നത്. ഒരുകാലത്ത് അനവധി ആരാധികമാരുണ്ടായിരുന്ന താരമാണ് അരവിന്ദ് സ്വാമി. താരത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി ഖുശ്‌ബു.
സോഷ്യൽ മീഡിയയിൽ സജീവമായ ഖുശ്ബു തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെയാണ് അരവിന്ദ് സ്വാമിയ്‌ക്കൊപ്പമുള്ള ഷെയർ ചെയ്‌തത്. “ആർക്കാണ് ഇദ്ദേഹത്തെ കണ്ടാൽ പ്രണയിക്കാൻ തോന്നാത്തത്” എന്നാണ് ചിത്രത്തിന് ഖുശ്‌ബു നൽകിയ അടികുറിപ്പ്.
ഇരുവരും എത്‌നിക്ക് രീതിയിലുള്ള വസ്ത്രമാണ് അണിഞ്ഞിരിക്കുന്നത്. മനോഹരമായ ഫൊട്ടൊ, അലയ്പായുതെ ജോഡി തുടങ്ങിയ കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്. മണിരത്നത്തിന്റെ ചിത്രം ‘അലയ്‌പായുതെ’യിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.
ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം ‘ഒറ്റി’ലൂടെ അരവിന്ദ് സ്വാമി വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തിയിരുന്നു. ഭരതൻ സംവിധാനം ചെയ്ത ‘ദേവരാഗ’മാണ് ഇതിനു മുൻപ് അരവിന്ദ് സ്വാമി അഭിനയിച്ച മലയാളചിത്രം.