സിനിമയ്ക്ക് പുറത്ത് ജീവിതത്തിലും അടുത്ത കൂട്ടുകാരാണ് സുഹാസിനിയും ഖുശ്ബുവും ലിസ്സിയുമെല്ലാം. ഒന്നിച്ചു കൂടാനും സൗഹൃദം പങ്കിടാനുമുള്ള അവസരങ്ങളൊന്നും മൂവരും പാഴാക്കാറില്ല. സുഹാസിനി, ഖുശ്ബു, ലിസ്സി എന്നിവർ ഒന്നിച്ചുള്ള ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നടൻ ജയം രവിയുടെ ഭാര്യയുടെ അമ്മയും നിർമാതാവുമായ സുജാത വിജയകുമാറിനെയും ചിത്രത്തിൽ കാണാം. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (സിഐഐ) ദക്ഷിൺ സമ്മിറ്റിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഖുശ്ബുവും സുഹാസിനിയും ലിസിയും.
Read More: ശോഭന, ലിസി, നദിയ, പൂർണിമ, മേനക, രമ്യ കൃഷ്ണൻ; ശിവകുമാറും നായികമാരും
എൺപതുകളിൽ തെന്നിന്ത്യൻ സിനിമ താരങ്ങളുടെ കൂട്ടായ്മയായ എയ്റ്റീസ് ക്ലബ്ബിലും ലിസിയും സുഹാസിനിയും ഖുശ്ബുവുമൊക്കെ സജീവമാണ്. ശോഭന, രേവതി, രജനീകാന്ത്, കമൽഹാസൻ, മോഹൻലാൽ, വെങ്കിടേഷ്, സത്യരാജ്, പ്രഭു, പൂനം ധില്ലൻ, രാധ, സുമലത, അബരീഷ്, സ്വപ്ന, മേനക, പാർവ്വതി, ജയറാം, കാർത്തിക്, മുകേഷ്, പ്രതാപ് പോത്തൻ, മോഹൻ, സുരേഷ്, ശങ്കർ, അംബിക, രമേശ് അരവിന്ദ്, നരേഷ്, ഭാഗ്യരാജ്, പൂർണിമ ഭാഗ്യരാജ്, ചിരഞ്ജീവി, സുമൻ, നദിയാ മൊയ്തു, റഹ്മാൻ, രാജ്കുമാർ, സരിത, ജയസുധ, ജാക്കി ഷെറോഫ്, രാധിക ശരത്കുമാർ, രമ്യ കൃഷ്ണൻ തുടങ്ങിയവരാണ് ഈ കൂട്ടായ്മയിലെ മറ്റു അംഗങ്ങൾ.
2009 ലാണു സുഹാസിനി മണിരത്നവും ലിസിയും ചേർന്ന് ഇത്തരമൊരു റീയൂണിയൻ ആരംഭിക്കുന്നത്. ‘ചെന്നൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ കാര്യങ്ങൾ ചർച്ച ചെയ്യാനായി തെന്നിന്ത്യൻ താരങ്ങൾ ഒന്നിച്ച് സുഹാസിനിയുടെ വീട്ടിൽ ഒത്തു കൂടിയ യോഗത്തിൽ നിന്നാണ് ഇത്തരമൊരു കൂട്ടായ്മയുടെ പിറവി’യെന്ന് ‘ദ ഹിന്ദു’വിന് നൽകിയ അഭിമുഖത്തിൽ മുൻപ് സുഹാസിനി തന്നെ വ്യക്തമാക്കിയിരുന്നു. കൂട്ടായ്മ സംഘടിപ്പിക്കാൻ സുഹാസിനിയും ലിസിയും മുൻകൈ എടുത്തു. ആദ്യം, 80 കളിലെ താരറാണിമാർ മാത്രമുണ്ടായിരുന്ന കൂട്ടായ്മ പതിയെ വളർന്നു, താരങ്ങളും കൂട്ടായ്മയുടെ ഭാഗമായി മാറി. പാട്ടും നൃത്തവും തമാശകളുമൊക്കെയായി ഉത്സവമേളം സമ്മാനിക്കുന്ന രീതിയിലാണ് ഇവരുടെ ഓരോ ഒത്തുച്ചേരലുകളും.