scorecardresearch
Latest News

സുകുമാരക്കുറുപ്പിനെ മഹത്വവൽക്കരിക്കരുത്: ദുൽഖറിന് നോട്ടീസ് അയച്ച് ചാക്കോയുടെ കുടുംബം

ദുൽഖർ കേന്ദ്രകഥാപാത്രമായെത്തുന്ന ‘കുറുപ്പ്’ എന്ന ചിത്രത്തിനെതിരെ നിയമനടപടികളുമായി കൊല്ലപ്പെട്ട ഫിലിം റെപ്രസന്ററ്റീവ് ചാക്കോയുടെ ഭാര്യയും മകനും രംഗത്ത്

Kurup film, legal notice kurup film, legal notice to dulquer salman

കേരളം കണ്ട ഏറ്റവും വലിയ പിടിക്കിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്‍റെ ജീവിതം ആസ്പദമാക്കിയൊരുങ്ങുന്ന ‘കുറുപ്പ്’ എന്ന ചിത്രത്തിനെതിരെ നിയമനടപടികളുമായി കൊല്ലപ്പെട്ട ഫിലിം റെപ്രസന്ററ്റീവ് ചാക്കോയുടെ ഭാര്യയും മകനും രംഗത്ത്.

ചാക്കോയെ നിഷ്കരുണം കൊലപ്പെടുത്തിയ സുകുമാരക്കുറുപ്പിനെ മഹത്വവൽക്കരിക്കുന്നതോ കൊല്ലപ്പെട്ട ചാക്കോയെ അപകീർത്തിപ്പെടുത്തുന്നതോ ആയ ഒന്നും സിനിമയിൽ ഇല്ലെന്നു ബോധ്യപ്പെടുത്തണമെന്നും സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് കാണണമെന്നും ആവശ്യപ്പെട്ടാണ് ചാക്കോയുടെ ഭാര്യ ആലപ്പുഴ കരളകം ആലപ്പാട് കണ്ടത്തിൽ ശാന്തമ്മയും മകൻ ജിതിനും ചിത്രത്തിലെ നായകനും നിർമാതാവുമായ ദുൽഖർ സൽമാന് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

Dulquer, Dulquer salmaan, Kurup film

കേരള പൊലീസിന്റെ അന്വേഷണ ചരിത്രത്തിലെ ഏറ്റവും ദുരൂഹമായ കേസുകളിൽ ഒന്നായിരുന്നു ചാക്കോ കൊലപാതകം. 1984-ൽ തന്നോട് രൂപസാദൃശ്യമുള്ള ചാക്കോയെ കൊലപ്പെടുത്തിയ സുകുമാരകുറുപ്പ് ശവശരീരം ആസൂത്രിതമായി ചുട്ടുകരിച്ചു. താനാണ് മരിച്ചത് എന്ന് തെറ്റിദ്ധരിപ്പിച്ച്, ഗൾഫിൽ ജോലിചെയ്തിരുന്ന കമ്പനിയിൽനിന്നു ഇൻഷുറൻസ് തുകയായ എട്ട് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു സുകുമാരക്കുറുപ്പിന്റെ ലക്ഷ്യം.

ആലപ്പുഴയ്ക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന ചാക്കോയെ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് സുകുമാരക്കുറുപ്പ് കാറിൽ കയറ്റി യാത്രാമദ്ധ്യേ കഴുത്തിൽ തുണിമുറുക്കി കൊല്ലുകയായിരുന്നു. പിന്നീട് ചാക്കോയുടെ ശരീരം തന്റെ വീട്ടിലെത്തിച്ച്, മരിച്ചുവെന്ന് ഉറപ്പ് വരുത്തിയശേഷം കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഇരുത്തി ആളൊഴിഞ്ഞ വഴിയരുകിൽ കാറുൾപ്പെടെ കത്തിച്ചു. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കടുത്തുള്ള കുന്നം എന്ന സ്ഥലത്ത്, കൊല്ലകടവ് – പൈനുമ്മൂട് റോഡിനരുകിൽ വയലിലാണ് സുകുമാരക്കുറുപ്പിന്റെ കാറിൽ, കത്തിയ നിലയിൽ ചാക്കോയെ കണ്ടെത്തിയത്. സംഭവത്തിനു ശേഷം സുകുമാരക്കുറുപ്പ് വിദേശത്ത് കടന്നു. കൊലപാതകത്തിൽ പങ്കാളിയായ ഡ്രൈവർ പൊന്നപ്പൻ, ഭാര്യാസഹോദരൻ ഭാസ്കർ പിള്ള എന്നിവർ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു.

2000ൽ സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ളവരെ ഇന്ത്യയിലും കേരളത്തിലും പലയിടങ്ങളിലായി കണ്ടുവെന്ന വാർത്തകൾ പരന്നതോടെ വീണ്ടും ചാക്കോ കേസ് വാർത്താപ്രാധാന്യം നേടിയിരുന്നു. വർഷങ്ങൾക്കിപ്പുറം ഇന്നും കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയെന്ന ലേബലിൽ ഒരു കടങ്കഥയായി അവശേഷിക്കുകയാണ് സുകുമാരക്കുറുപ്പ്.

ദുൽഖർ സൽമാൻ അഭിനയരംഗത്തേക്ക് കടന്നു വന്ന ‘സെക്കൻഡ് ഷോ’ എന്ന ചിത്രമൊരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ ആണ് ‘കുറുപ്പ്’ സംവിധാനം ചെയ്യുന്നത്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിനുവേണ്ടി നടത്തിയത്. 105 ദിവസം പൂർണമായും ഷൂട്ടിങ്ങിനായി ചെലവഴിച്ചു. ജൂലൈ 28ന് ദുൽഖറിന്റെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ സ്നീക്ക് പീക് വീഡിയോ അണിയറക്കാർ റിലീസ് ചെയ്തിരുന്നു.

Read more: ദുബായിലെ മണലാരണ്യത്തിലൂടെ കാര്‍ പറത്തി ദുല്‍ഖര്‍: ‘കുറുപ്പ്’ ഷൂട്ടിങ്ങ് വീഡിയോ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Kurup film chacko family send legal notice to dulquer salman