സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇന്നത്തെ ഏറിയ പങ്ക് താരങ്ങളും. പൃഥ്വിരാജും ദുൽഖറും നസ്രിയയും ഫഹദും കുഞ്ചാക്കോ ബോബനും ടൊവിനോ തോമസുമെല്ലാം ഇതിൽപെടും. പരസ്പരം പ്രോത്സാഹിപ്പിച്ചും ഷൂട്ടിംഗ് തിരക്കുകൾ ഒഴിയുമ്പോൾ ഒത്തു കൂടിയുമെല്ലാം പരസ്പരമുള്ള സൗഹൃദം പുതുക്കാൻ ഇവരാരും മറക്കാറില്ല. സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെയും പരസ്പരം ട്രോളിയും പ്രോത്സാഹിപ്പിച്ചുമൊക്കെ ഊഷ്മമളമായൊരു ചങ്ങാത്തം പങ്കിടുന്ന ഈ താരസൗഹൃദങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്കും കൗതുകമാണ്.
ഇപ്പോഴിതാ, മിന്നൽ മുരളിയിൽ മിന്നും പ്രകടനം കാഴ്ച വച്ച്, ആഗോളതലത്തിൽ തന്നെ ശ്രദ്ധ നേടുന്ന തന്റെ സഹപ്രവർത്തകന് ദുൽഖർ നൽകിയ ഒരു സമ്മാനമാണ് ശ്രദ്ധ നേടുന്നത്. ടൊവിനോ തന്നെയാണ് ഒരു വീഡിയോയിൽ ഇതിനെ കുറിച്ച് പറഞ്ഞത്. നെറ്റ്ഫിളിക്‌സ് സംഘടിപ്പിച്ച പ്രത്യേക പ്രമോഷൻ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്ന സമയത്ത് കൈയ്യില്‍ വാച്ച് കെട്ടുന്നതിനിടെയാണ് ‘ഇത് മിന്നല്‍ മുരളിയ്ക്ക് കുറുപ്പ് നല്‍കിയ സമ്മാനമാണ്… താങ്ക്യൂ ദുല്‍ഖര്‍… ഉമ്മാ’ എന്ന് പറഞ്ഞ് ടൊവിനോ വാച്ച് ഉയർത്തി കാണിച്ചത്.
മൂന്നുചിത്രങ്ങളിൽ ഈ യുവതാരങ്ങൾ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ദുൽഖറിന്റെ എബിസിഡി എന്ന ചിത്രത്തിൽ വില്ലനായി എത്തിയത് ടൊവിനോ ആയിരുന്നു. ചാർലിയിൽ അതിഥി വേഷത്തിലും ദുൽഖർ എത്തിയിരുന്നു. ചാക്കോവധത്തെ അടിസ്ഥാനമാക്കി സുകുമാരക്കുറുപ്പിന്റെ ജീവിതം പറഞ്ഞ ‘കുറുപ്പ്’ എന്ന ചിത്രത്തിൽ ചാക്കോ ആയി എത്തിയതും ടൊവിനോ ആയിരുന്നു.
ദുൽഖറിന്റെ കുറുപ്പിനൊപ്പം ഇപ്പോൾ ടൊവിനോയുടെ മിന്നൽ മുരളിയും നെറ്റ്ഫ്ളിക്സ് പ്ലാറ്റ്‌ഫോമിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഒടിടി പ്ലാറ്റ്‌ഫോമുകളിൽ മിന്നൽ മുരളിയും കുറുപ്പുമെല്ലാം പ്രദർശനം തുടരുമ്പോൾ മലയാളസിനിമയ്ക്ക് ആഗോളതലത്തിൽ വലിയ ശ്രദ്ധയാണ് ഈ ചിത്രങ്ങൾ നേടികൊടുക്കുന്നത്.