കൊച്ചി: സംസ്ഥാനത്ത് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു തുടങ്ങിയപ്പോൾ 2020 മാർച്ച് 11നാണ് തിയേറ്ററുകൾ അടക്കാൻ സർക്കാർ ഉത്തരവ് വരുന്നത്. അതോടെ, എഴുന്നൂറോളം വരുന്ന കേരളത്തിലെ തിയേറ്ററുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഇടയ്ക്ക്, 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാമെന്ന സർക്കാർ അനുമതിയോടെ തിയേറ്ററുകൾ തുറന്നു പ്രവർത്തനമാരംഭിച്ചെങ്കിലും കോവിഡ് ഭയത്താൽ തിയേറ്ററിലേക്ക് വരാൻ ആളുകൾ മടിക്കുന്ന കാഴ്ചയാണ് കണ്ടത്. കാണികളില്ലാത്ത തിയേറ്ററുകളിൽ നിന്നും പല ചിത്രങ്ങളും ശരാശരി കളക്ഷൻ പോലും നേടാനാവാതെ മടങ്ങി.
പ്രതിസന്ധികാലം പിന്നിട്ട് തിയേറ്ററുകൾ ഒന്ന് ഉണർന്നു തുടങ്ങിയിരിക്കുകയാണ് ഇപ്പോൾ. ‘ഭീഷ്മപർവ്വം’ പോലുള്ള ചിത്രങ്ങൾ തിയേറ്ററുകളെ ഹൗസ് ഫുളാക്കുന്നു. കടന്നുപോയ പ്രതിസന്ധികാലത്തെ കുറിച്ചും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചും തിയേറ്റർ ഉടമകൾ സംസാരിക്കുന്നു.
“കോവിഡ് കാലത്ത് ഏറ്റവും ആദ്യം അടച്ചതും ഏറ്റവും ഒടുവിൽ തുറന്നതും തിയേറ്ററുകളാണ്. ഇതുവരെ സിനിമാ മേഖല കണ്ടിട്ടില്ലാത്തത്രയും വലിയ പ്രതിസന്ധിയിലൂടെയാണ് ഈ രണ്ടു വർഷങ്ങൾ ഞങ്ങൾ കടന്നു പോയത്. രണ്ടു വർഷത്തിനിടെ ആറുമാസം മാത്രമാണ് തിയേറ്ററുകൾ പ്രവർത്തിച്ചത്, 18 മാസങ്ങൾ അടഞ്ഞുകിടന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഈ മേഖലയിൽ ഉണ്ടാക്കിയിരിക്കുന്നത്. 2018 സമയത്ത് കേരളത്തിലെ ഒട്ടുമിക്ക തിയേറ്ററുകളും നവീകരിച്ചിട്ടുണ്ട്. 99 ശതമാനം തിയേറ്ററുകളും ബാങ്ക് ലോണുകളുടെ പുറത്താണ് ഈ നവീകരണ പ്രവർത്തനങ്ങളൊക്കെ ചെയ്തത്, ഏറ്റവും ചുരുങ്ങിയത് ഒരു കോടി രൂപയോളം ഈ ഇനത്തിൽ തിയേറ്ററുകൾക്ക് ചെലവ് വന്നിട്ടുണ്ട്. ഇങ്ങനെ കടവും പരാധീനതകളുമായി നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി ലോക്ക്ഡൗൺ എത്തിയത്,” പ്രതിസന്ധികാലത്തെ തിരുവനന്തപുരം ശ്രീ പത്മനാഭ തിയേറ്റര്‍ ഉടമ ഗിരീഷ് ഓർക്കുന്നതിങ്ങനെ.
“തിയേറ്ററിൽ പ്രദർശനം മുടങ്ങിയാലും അടച്ചിടാൻ പറ്റില്ലല്ലോ. പ്രൊജക്ടറുകൾ, ജനറേറ്റർ, എ.സി തുടങ്ങിയവ കേടു വരാതിരിക്കാൻ ആഴ്ചയിൽ ഒന്നിടവിട്ട് പ്രവർത്തിപ്പിക്കണം. ഇതിനായി ഒന്നര ലക്ഷത്തോളം രൂപ ഓരോ തിയറ്ററിനും ചെലവാകും. പോരാത്തതിന് വൈദ്യുതി ബില്ലിലെ ഫിക്‌സഡ് ചാർജ് ഒഴിവാക്കാത്തതിനാൽ ലക്ഷങ്ങൾ വേറെയും,” ഗിരീഷ് കൂട്ടിച്ചേർത്തു.

പുതുജീവൻ നൽകി ‘കുറുപ്പ്’
രണ്ടാം ലോക്ക്ഡൗണിനു ശേഷം തിയേറ്ററിലേക്ക് ആദ്യ വിജയം കൊണ്ടു വന്ന ചിത്രം ദുൽഖർ നായകനായ ‘കുറുപ്പ്’ ആണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ തിയേറ്റർ മേഖലയ്ക്ക് ‘കുറുപ്പ്’ പുതുജീവൻ നൽകിയെന്നാണ് മുക്കത്തെ അഭിലാഷ്- റോസ് തിയേറ്ററുകളുടെ ഉടമ കെ ഒ ജോസഫ് പറയുന്നത്. “നല്ല കളക്ഷൻ നേടിയ പടമാണ് കുറുപ്പ്, ‘കുറുപ്പ്’ ഞങ്ങൾക്ക് ശ്വാസം തന്നു എന്നു പറയാം. അതു വരെ മുടങ്ങികിടന്ന വൈദ്യുതി ബിൽ അടയ്ക്കുകയൊക്കെ ചെയ്തത് ‘കുറുപ്പി’ൽ നിന്നു കിട്ടിയ പണം കൊണ്ടാണ്.”
‘കുറുപ്പ്’ വന്നപ്പോൾ, ആളുകൾ തിയേറ്ററിലേക്ക് വരുമോ എന്ന് എല്ലാവർക്കും ആശങ്കയുണ്ടായിരുന്നു. ഒരു പരീക്ഷണം പോലെയാണ് തിയേറ്റർ ഉടമകളും സിനിമാലോകവുമെല്ലാം കുറുപ്പിനെ കണ്ടതും. എന്നാൽ ചിത്രത്തിന്റെ ഓപ്പണിംഗ് അമ്പരപ്പിക്കുന്നതായിരുന്നു. റിലീസിന്റെ അഞ്ച് ആറ് ദിവസം മുൻപു തന്നെ ആളുകൾ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരുന്നു. ജനങ്ങളിൽ നിന്നും ലഭിച്ച പോസിറ്റീവായ പ്രതികരണം തിയേറ്റർ ഉടമകൾക്കും ആശ്വാസം സമ്മാനിച്ചു.
” കുറുപ്പിനു ശേഷം കളക്ഷൻ വന്നൊരു ചിത്രം ‘മരക്കാർ’ ആണ്, നല്ല ഓപ്പണിംഗ് കിട്ടിയിരുന്നുവെങ്കിലും പിന്നീട് ബോക്സ് ഓഫീസിൽ ചിത്രം വീണു പോയി. അല്ലു അർജുൻ ചിത്രം ‘പുഷ്പ’യാണ് കേരളത്തിലെ തിയേറ്ററുകളിൽ നിന്നും തെറ്റില്ലാത്ത കളക്ഷൻ നേടിയ മറ്റൊരു ചിത്രം. ‘അജഗജാന്തരവും’ തരക്കേടില്ലാതെ കളക്റ്റ് ചെയ്ത സിനിമയാണ്. ഈ വർഷത്തെ സർപ്രൈസ് ഹിറ്റ് എന്ന് പറയാവുന്നത് ‘ജാൻ എ മൻ’ ആണ്. ഗംഭീര കളക്ഷനാണ് ചിത്രം നേടിയത്. ആദ്യ ദിവസങ്ങളിൽ ചിത്രത്തിന് ആളില്ലായിരുന്നു, പക്ഷേ പിന്നീട് സിനിമ കണ്ടിറങ്ങിയവർ തന്നെ ചിത്രത്തിന് നല്ല പബ്ലിസിറ്റി കൊടുത്തു, കൂടുതൽ ആളുകൾ എത്തിയതോടെ ഷോകളുടെ എണ്ണം കൂട്ടുകയായിരുന്നു. നൂറു ദിവസത്തോളമാണ് ചിത്രം തിയേറ്ററിൽ കളിച്ചത്,” ഗിരീഷ് വെളിപ്പെടുത്തി.
പ്രേക്ഷക ഹൃദയം കവര്‍ന്ന ‘ഹൃദയം’
കോവിഡ് ലോക്ക്ഡൗണിനു ശേഷം തിയേറ്ററുകളിലേക്ക് എത്തുന്ന ചിത്രങ്ങൾ ഏത് ഹിറ്റാവും, ഏത് പരാജയപ്പെടും എന്നൊന്നും ഇപ്പോൾ പ്രവചിക്കാനാവുന്നില്ലെന്നാണ് നിർമ്മാതാവ് രജപുത്ര രഞ്ജിത്ത് പറയുന്നത്. “വിജയിക്കുമെന്ന് കരുതിയ ചിത്രങ്ങൾ തിയേറ്ററുകളിൽ പരാജയപ്പെടുന്നു. അതേസമയം, വലിയ പ്രമോഷനൊന്നുമില്ലാതെ എത്തിയ ‘ജാൻ എ മൻ’ പോലുള്ള ചെറിയ ചിത്രങ്ങൾ വലിയ വിജയം നേടുന്നു. കോവിഡ് ഭയന്നാണ് ആളുകൾ തിയേറ്ററിലേക്ക് വരാത്തത് എന്നും പറയാൻ കഴിയില്ല. കാരണം, കേരളത്തിൽ 55,000 കോവിഡ് കേസുകൾ ഉണ്ടായിരുന്ന സമയത്താണ് ‘ഹൃദയം’ റിലീസ് ചെയ്തത്. മൊത്തത്തിൽ പ്രേക്ഷകരുടെ ട്രെൻഡ് പ്രെഡിക്ട് ചെയ്യാനാവാത്ത ഒരു അവസ്ഥയുണ്ട് ഇപ്പോൾ.”
ജനുവരി അവസാനത്തോടെയാണ് ‘ഹൃദയം’ തിയേറ്ററിലെത്തിയത്. നവംബർ മുതൽ അതു വരെ തിയേറ്ററുകളിലെത്തിയ എല്ലാ പടങ്ങളുടെയും മേലെ ആയിരുന്നു ‘ഹൃദയ’ത്തിന്റെ ഓപ്പണിംഗ് കളക്ഷൻ. പക്ഷേ നിർഭാഗ്യവശാൽ, മൂന്നു ദിവസമായപ്പോഴേക്കും കേരളത്തിലെ ആറു ജില്ലകളിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും അവിടങ്ങളിലെ തിയേറ്ററുകൾ അടയ്ക്കുകയും ചെയ്തത് ചിത്രത്തിന് തിരിച്ചടിയായി.
“നിർമ്മാതാവിന് 30 ശതമാനത്തോളം നഷ്ടം ആ വകയിൽ സംഭവിച്ചിട്ടുണ്ടാവും. ശേഷിക്കുന്ന എട്ടു ജില്ലകളിലും ഹൃദയം നന്നായി കളക്റ്റ് ചെയ്തിട്ടുണ്ട്. 10 ദിവസം കഴിഞ്ഞ് മേൽപ്പറഞ്ഞ ജില്ലകളിലെ ലോക്ക്ഡൗൺ പിൻവലിച്ചതോടെ വീണ്ടും ചിത്രത്തിന് വലിയ രീതിയിൽ ആളുകൾ കയറി തുടങ്ങി. എന്നാൽ, മൂന്നാഴ്ച കഴിഞ്ഞപ്പോൾ ചിത്രം ഹോട്ട്സ്റ്റാറിൽ വന്നു, അതോടെ തിയേറ്ററിലേക്കുള്ള ആളുകളുടെ വരവും കുറഞ്ഞു,” ഗിരീഷ് കൂട്ടിച്ചേര്‍ത്തു.
“മോഹൻലാലിന്റെ ‘ആറാട്ട്,’ അജിത്തിന്റെ ‘വലിമൈ’ ഒക്കെ ഓപ്പണിംഗിൽ നന്നായി കളക്റ്റ് ചെയ്തെങ്കിലും പിന്നീട് താഴോട്ട് പോയി. അതിനു ശേഷം ഒരു ഗംഭീര ഉണർവ് കിട്ടിയത് ‘ഭീഷ്മപർവ്വ’ത്തോടെയാണ്. കുടുംബമായി തന്നെ ആളുകൾ തിയേറ്ററിലേക്ക് വരുന്നുണ്ട്. 100 ശതമാനം ആളുകളെ പ്രവേശിപ്പിക്കാൻ സാധിച്ചുവെന്നത് മറ്റൊരു ആശ്വാസമാണ്. ‘കുറുപ്പി’നേക്കാളും ഇതുവരെ വന്ന മറ്റെല്ലാ പടത്തിനേക്കാളും കൂടുതൽ ഭീഷ്മപർവ്വം കളക്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷ,” ലുലു പിവി ആർ പ്രതിനിധി പറഞ്ഞു. മാർച്ച് മൂന്നു മുതൽ മാർച്ച് ഏഴ് വരെയുള്ള ദിവസങ്ങളിൽ മാത്രം ‘ഭീഷ്മപർവ്വ’ത്തിന് 43 ഷോകളാണ് പിവിആറിൽ ഉണ്ടായിരുന്നത്, എല്ലാ ഷോകളും ഹൗസ്‌ഫുൾ ആണെന്നതാണ് മറ്റൊരു പ്രത്യേകത.
നിരാശപ്പെടുത്തി ‘ആറാട്ട്’
“വലിയ പ്രതീക്ഷയോടെ നോക്കി കണ്ടൊരു ചിത്രമായിരുന്നു ‘ആറാട്ട്.’ സിനിമ മോശമാണെന്നൊന്നും പറയാനില്ല, പക്ഷേ ചിത്രം അത്ര കണ്ട് കളക്ഷൻ നേടിയില്ല. എന്തു കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നറിയില്ല. വലിയ നിരാശ തോന്നി,” മുക്കം അഭിലാഷ് തിയേറ്റർ ഉടമ കെ ഒ ജോസഫ് പറയുന്നു.
“ഇപ്പോൾ ‘ഭീഷ്മപർവ്വ’ത്തിന് ലഭിക്കുന്ന പ്രതികരണം ആശ്വാസകരമാണ്. നല്ല തിരക്കുണ്ട് ചിത്രത്തിന്. എനിക്കിവിടെ രണ്ടു തിയേറ്ററുകളാണ് ഉള്ളത്. രണ്ടിടത്തും സ്പെഷൽ ഷോ കൂടി കളിക്കുന്നുണ്ട്, അതായത് ദിവസേന അഞ്ച് ഷോ. ചിത്രം റിലീസ് ചെയ്ത വ്യാഴാഴ്ച മുതൽ ഈ ഞായർ വരെ, രണ്ടു തിയേറ്ററുകളിലായി 40 ഷോകളും ഹൗസ്‌ഫുളായിരുന്നു. എന്റെ തിയേറ്ററിൽ മാത്രമല്ല, സമീപത്തുള്ള തിയേറ്ററുകളുടെയും അവസ്ഥ ഇതു തന്നെയാണ്. ദിവസേന ആറു ഷോ വരെയൊക്കെ കളിക്കുന്ന തിയേറ്ററുകളുണ്ട് മുക്കത്ത്. ഒരിടവേളയ്ക്ക് ശേഷം ഫാമിലിയായി ആളുകൾ വരുന്നുണ്ട് എന്നതും സന്തോഷമാണ്. രാജമൗലി ചിത്രം ‘ആർആർആർ,’ ‘കെജിഎഫ്’ പോലുള്ള ചിത്രങ്ങൾ ആണ് ഇനി പ്രതീക്ഷ. ആ ചിത്രങ്ങളും ഇതു പോലെ സ്വീകരിക്കപ്പെട്ടാൽ വലിയ ആശ്വാസമാവും,” കെ ഒ ജോസഫ് കൂട്ടിച്ചേർത്തു.

ബോക്സ് ഓഫീസ് റെക്കോർഡുകൾ മറികടന്ന് ‘ഭീഷ്മപർവ്വം’
ആദ്യ നാലു ദിവസം കൊണ്ട് മമ്മൂട്ടി- അമൽ നീരദ് ടീമിന്റെ ‘ഭീഷ്മപർവ്വം’ റെക്കോർഡ് കളക്ഷനാണ് നേടിയത്. മലയാളത്തിലെ പണംവാരി പടങ്ങളുടെ പട്ടികയിൽ മുന്‍പന്തിയിലുള്ള മോഹൻലാലിന്റെ ‘ലൂസിഫറി’നെ ബോക്സ് ഓഫീസിൽ ‘ഭീഷ്മപർവ്വം’ മറികടന്നെന്നാണ് തിയേറ്റർ സംഘടനയായ ഫിയോക് അറിയിക്കുന്നത്. ആദ്യ നാല് ദിവസങ്ങൾ കൊണ്ട് എട്ട് കോടിക്ക് മുകളിൽ ഷെയർ ‘ഭീഷ്‌മപർവ്വം’ നേടിയെന്ന് ഫിയോക്ക് പ്രസിഡന്റ് വിജയകുമാർ പറഞ്ഞു.
നാലു ദിവസം കൊണ്ട് 53 കോടി കളക്ഷന്‍ ‘ഭീഷ്മപർവ്വം’ നേടിയിട്ടുണ്ടെന്നാണ് ട്രാക്കര്‍മാരെ ഉദ്ധരിച്ചുള്ള മറ്റൊരു അനൗദ്യോഗിക കണക്ക്. റിലീസ് ദിനത്തിൽ മാത്രം മൂന്ന് കോടിക്ക് മുകളിൽ ‘ഭീഷ്മപർവ്വം’ നേടിയിരുന്നു. 406 സ്‌ക്രീനുകളിലായി 1775 ഷോകളാണ് റിലീസ് ദിനത്തില്‍ ചിത്രത്തിന് ഉണ്ടായിരുന്നത്. ഓസ്ട്രേലിയ- ന്യൂസീലൻഡ് രാജ്യങ്ങളിലെ റിലീസിന്റെ അവകാശം റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റു പോയത്. ഒരു മലയാള സിനിമക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കോപ്പി റൈറ്റ് തുകയാണ് ‘ഭീഷ്മപർവ്വ’ത്തിന് ലഭിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
ഓടിടിയുടെ സ്വാധീനം
തിയേറ്ററിൽ എത്തി അധികം വൈകാതെ തന്നെ സിനിമകൾ ഓടിടിയിലും കാണാം എന്നത് ഒരു വിഭാഗം ആളുകളെ തിയേറ്ററിൽ നിന്നും അകറ്റുന്നുണ്ടെന്നാണ് തിയേറ്റർ ഉടമകളുടെ വിലയിരുത്തൽ.
“തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രങ്ങൾ 45 ദിവസം കഴിഞ്ഞേ ഓടിടിയിലേക്ക് കൊടുക്കാൻ പാടുള്ളൂ എന്ന് ഫിലിം ചേംബർ മുൻപ് നിർദ്ദേശം കൊടുത്തിരുന്നു. വീണ്ടും ലോക്ക്ഡൗൺ വന്നതോടെ അത് 30 ദിവസമായി കുറച്ചു. സിനിമകൾ പെട്ടെന്ന് തന്നെ ഓടിടിയിൽ വരുന്നത് തിയേറ്ററിൽ നിന്നും ആളുകളെ അകറ്റുന്നുണ്ട്. മാർച്ച് 31 ഓടെ 45 ദിവസം കഴിഞ്ഞേ ഓടിടിയ്ക്ക് കൊടുക്കാൻ പാടൂള്ളൂ എന്ന പഴയ നിർദ്ദേശം പാലിക്കാൻ ചേംബർ നിർമാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതെത്രത്തോളം നടക്കുമെന്നറിയില്ല. തിയേറ്ററിൽ പ്രദർശനം തുടരുന്ന ഒരു ചിത്രം ഓടിടിയിൽ ഇറങ്ങി കഴിഞ്ഞാൽ, പിന്നെ ഒരു ഷോ നടത്താൻ പോലുമുള്ള ആളുകൾ തിയേറ്ററിലേക്ക് വരാത്ത അവസ്ഥയാണ് നിലവിലുള്ളത്, ” ഗിരീഷ് പറയുന്നു.
“കോവിഡിനു മുൻപ് വലിയ താരനിരയൊന്നുമില്ലാത്ത ചിത്രങ്ങൾക്ക് പോലും ഒരു മിനിമം കളക്ഷൻ ഉണ്ടായിരുന്നതാണ്, അതിപ്പോഴില്ല. ഫെബ്രുവരി അവസാന വാരം തിയേറ്ററുകളിലെത്തിയ ‘ഉപചാരപൂർവ്വം ഗുണ്ട ജയൻ,’ ‘മെമ്പർ രമേശൻ,’ ‘വെയിൽ’ തുടങ്ങിയ ചിത്രങ്ങൾ തന്നെ നോക്കാം. താരതമ്യേന നല്ല കണ്ടന്റുള്ള ചിത്രങ്ങളാണ് മൂന്നും. പക്ഷേ തിയേറ്ററിൽ ആളില്ലാത്തതിനാൽ മൂന്നും ഒരാഴ്ച കൊണ്ടു തന്നെ പിൻവലിക്കേണ്ടി വന്നു. ചെറിയ പടങ്ങൾ ഓടിടിയിൽ വരുമ്പോൾ കാണാം എന്നൊരു മനോഭാവത്തിലേക്ക് ഒരുപറ്റം പ്രേക്ഷകരെങ്കിലും ചിന്തിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് മനസ്സിലാവുന്നത്.” വനിത- വിനീത തിയേറ്ററുകളുടെ ടെക്നിക്കൽ മാനേജർ ഷൈൻ പറയുന്നു.
ഡബിൾ ടാക്സ് തലവേദനയാവുമ്പോൾ
കൂടിയ ടിക്കറ്റ് നിരക്ക് കുടുംബപ്രേക്ഷകരെ തിയേറ്ററിൽ നിന്നും അകറ്റുന്നുവെന്ന അഭിപ്രായവും പല തിയേറ്റർ ഉടമകൾക്കുമുണ്ട്. തിയേറ്റർ 160 രൂപ ടിക്കറ്റ് ചാർജ് ഈടാക്കുന്നുണ്ടെങ്കിൽ ഇതിൽ 40 രൂപയോളം ടാക്സ് ഇനത്തിൽ പോവുകയാണ്. ഒരു കുടുംബത്തിലെ നാലോ അഞ്ചോ പേർ ഒന്നിച്ച് സിനിമ കാണാൻ എത്തിയാൽ നല്ലൊരു തുക ടിക്കറ്റ് ഇനത്തിൽ തന്നെ നഷ്ടമാവും.
“ഇരട്ട നികുതിയാണ് ഇപ്പോൾ തിയേറ്ററുകൾ നൽകി കൊണ്ടിരിക്കുന്നത്, കൊല്ലാകൊലയാണത്. തിയേറ്റർ പോലുള്ള വിനോദമേഖലയ്ക്ക് സർക്കാരിന്‍റെ ഭാഗത്തു നിന്ന് വലിയ പിന്തുണയില്ലാത്തത് സങ്കടകരമാണ്. കൊറോണ വന്നപ്പോൾ ആദ്യം തിയേറ്ററുകളെ പൂട്ടിച്ചു. ബാറു പോലും തുറന്ന് കുറേ കഴിഞ്ഞാണ് തിയേറ്ററുകൾക്ക് അനുമതി ലഭിച്ചത്. കഴിഞ്ഞതിനു മുന്നത്തെ ആഴ്ച മുതലാണ് 100 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനുള്ള അനുമതി വരുന്നത്. 2016-2018 കാലഘട്ടത്തിൽ കേരളത്തിലെ ഭൂരിഭാഗം തിയേറ്ററുകളും ഉടമകൾ പുതുക്കി പണിതിട്ടുണ്ട്. മിക്കവരും ലോണുകളുടെ പുറത്താണ് നവീകരണം നടത്തിയത്. കോവിഡ് സമയത്ത് ആ ലോണിന് മൊറട്ടോറിയം തന്നതല്ലാതെ, വേറെ സബ്സിഡിയോന്നും തിയേറ്റർ ഉടമകൾക്ക് ലഭിച്ചിട്ടില്ല. അത് സംസ്ഥാനത്തിന്‍റെ ഭാഗത്തു നിന്നു മാത്രമല്ല, കേന്ദ്രത്തിന്‍റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ഞങ്ങളിപ്പോൾ ആ തിക്താനുഭവങ്ങളെയെല്ലാം മറക്കുകയാണ്. ജീവിക്കാൻ ഒരു അവസരം കൂടി കിട്ടിയല്ലോ. മുന്നോട്ട് നോക്കാൻ ‘ഭീഷ്മപർവ്വം’ ഞങ്ങൾക്കെല്ലാം പ്രതീക്ഷ നൽകുന്നുണ്ട്. ലോക്ക്ഡൗണിനു മുൻപു പോലും ഇല്ലാത്ത കളക്ഷനാണ് ഭീഷ്മപർവ്വം ഞങ്ങൾക്ക് ഇപ്പോൾ തരുന്നത്, ” മുക്കം അഭിലാഷ് തിയേറ്റർ ഉടമ കൂട്ടിച്ചേർത്തു.
വലിയ തിയേറ്ററുകളേക്കാൾ പ്രതിസന്ധിയാണ് സിംഗിൾ സ്ക്രീൻ തിയേറ്ററുകൾ നേരിടുന്നതെന്ന് പറയുകയാണ് കോഴിക്കോട്ടെ ഗംഗ തിയേറ്റർ മാനേജർ മോഹൻദാസ്. തമിഴ് ചിത്രങ്ങൾ മാത്രം കളിക്കുന്ന തിയേറ്ററാണ് ഗംഗ.
“ഗംഗയിൽ മുൻപ് തമിഴ് ചിത്രങ്ങൾക്കായി വരുന്ന സ്ഥിരം ഓഡിയൻസ് ഉണ്ടായിരുന്നു, പ്രത്യേകിച്ചും സെക്കന്റ് ഷോയ്ക്ക് പതിവായി വരുന്ന കുടുംബങ്ങൾ. പക്ഷേ അവരാരും ഇപ്പോൾ വരുന്നില്ല. ഒരു ലക്ഷം രൂപ ഒരാഴ്ച മിനിമം ഷെയർ വന്നിടത്ത് ഇപ്പോൾ 30,000-35,000 രൂപയൊക്കെയേ വരുന്നുള്ളൂ. മൂന്നിലൊന്നായി ചുരുങ്ങി. വിജയ്‌യുടെ ‘മാസ്റ്റർ’ ആണ് കൂട്ടത്തിൽ ഞങ്ങൾക്ക് ഭേദപ്പെട്ട കളക്ഷൻ തന്നൊരു ചിത്രം, അന്ന് പക്ഷേ തിയേറ്ററിൽ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിക്കാൻ കഴിയുമായിരുന്നുള്ളൂവെന്നതും തിരിച്ചടിയായി. അജിത് ചിത്രം ‘വലിമൈ’ ആണ് ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്, ചിത്രത്തിന് ആവറേജ് കളക്ഷനേയുള്ളൂ. ഇനി വരാനുള്ളത് സൂര്യയുടെ ‘എതർക്കും തുനിന്തവൻ’ ആണ്, അതാണ് പ്രതീക്ഷ.”
“80 രൂപയാണ് നിലവിൽ ഞങ്ങളുടെ ടിക്കറ്റ് നിരക്ക്. 75 രൂപയാണ് തിയേറ്ററിന്‍റെ ചാർജ്, അതിൽ 8.57 ജിഎസ്ടിയായും 3.16 കേരള എന്റർടെയിൻമെന്റ് ടാക്സായി പോവും. കേരളത്തിലല്ലാതെ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത ടാക്സാണ് ഇത്. 63.27 രൂപയാണ് ഞങ്ങൾക്ക് കിട്ടുന്നത്. ബാക്കി വരുന്ന അഞ്ച് രൂപയിൽ മൂന്നു രൂപ വെൽഫയർ ഫണ്ടിലേക്ക് അയച്ചു കൊടുക്കണം, അവശകലാകാരന്മാർക്ക് 4000 രൂപ വച്ച് പെൻഷൻ കൊടുക്കുന്നില്ലേ, ആ ഫണ്ടിലേക്ക്. വർഷത്തിൽ 20,000 ചലച്ചിത്ര അക്കാദമിയ്ക്ക് അടക്കണം, 10,000 കേരള സ്റ്റേറ്റ് ഫിലിം കോർപ്പറേഷനും അടയ്ക്കണം. അതിലേക്ക് വേണ്ടിയാണ് ശേഷിക്കുന്ന 2 രൂപ ശേഖരിക്കുന്നത്. നിലവിൽ തിയേറ്ററിൽ നിന്നു കിട്ടുന്ന കളക്ഷൻ, തിയേറ്ററിലെ ദൈനംദിന ചെലവുകൾക്കു മാത്രമേ തികയുന്നുള്ളൂ. പോരാത്തതിന്, കോർപ്പറേഷന്‍റെ സ്ഥലത്താണ് തിയേറ്റർ സ്ഥിതി ചെയ്യുന്നത്. 1,20,000 രൂപയ്ക്ക് മുകളിൽ ആ സ്ഥലത്തിന്‍റെ വാടക വരുന്നുണ്ട്. മൂന്നു വർഷത്തിനിടെ ആകെ 11 മാസമാണ് തിയേറ്ററുകൾ വർക്ക് ചെയ്തത്, പക്ഷേ എന്നിട്ടും 36 മാസത്തെ വാടക കൊടുക്കേണ്ടി വന്നിട്ടുണ്ട്. അതിലൊന്നും അഞ്ചു പൈസ കോർപ്പറേഷൻ വിട്ടുവീഴ്ച ചെയ്തിട്ടില്ല,” മോഹൻദാസ് കൂട്ടിച്ചേർത്തു.
പ്രതിസന്ധികളുടെയും അനിശ്ചിതത്വങ്ങളുടെയും ദിനരാത്രങ്ങൾ പിന്നിട്ട് തിയേറ്ററുകൾ വീണ്ടും സജീവമായി തുടങ്ങുമ്പോൾ തിയേറ്റർ ഉടമകൾ ആശ്വാസത്തിലാണ്. എന്നിരുന്നാലും, ലോക്ക്ഡൗൺ ഉണ്ടാക്കിയ നഷ്ടം നികത്താൻ ഇനിയും മൂന്നു വർഷമെങ്കിലും എടുക്കുമെന്നാണ് തിയേറ്റർ ഉടമകളുടെ നിഗമനം.

കേരള സർക്കാരിന്റെ ഓടിടി
അതേ സമയം, 90ലേറെ ചിത്രങ്ങളാണ് റിലീസ് കാത്ത് കിടക്കുന്നത്. പൂർണ്ണമായ ലോക്ക്ഡൗണുകളും സിനിമാ ഷൂട്ടിംഗിൽ നിയന്ത്രണങ്ങളും ഉണ്ടായിരുന്നിട്ടു പോലും 2021-ൽ 209 സിനിമകൾ സെൻസർ ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന്റെ കണക്ക്. ഇവയിൽ 61 സിനിമകൾ മാത്രമാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. അവയിൽ പലതും ഇതിനകം തന്നെ ഓടിടി പ്ലാറ്റ്ഫോമുകളിലും എത്തി. എന്നാൽ 90 ലേറെ സിനിമകൾക്ക് ഇതുവരെ താൽപ്പര്യമുള്ള ഓടിടി പ്ലെയറെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വലിയ സിനിമകൾക്ക് ഒപ്പം തിയേറ്ററിലേക്ക് എത്തിയാൽ കളക്റ്റ് ചെയ്യാൻ കഴിയുമോ എന്ന ആശങ്കയും ഈ ചിത്രങ്ങളുടെ നിർമാതാക്കളിൽ പലർക്കുമുണ്ട്.
കോവിഡിനെ തുടര്‍ന്ന് മുടങ്ങിയ സിനിമാ റിലീസ് പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാറും പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്. അതിന്‍റെ ഭാഗമായി പുതിയ ഓടിടി പ്ലാറ്റ് ഫോം ഒരുക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ചെറിയ ബജറ്റിൽ ഒരുക്കിയ സിനിമകൾക്ക് ആശ്വാസം പകരാനും റിലീസിന് പ്ലാറ്റ്ഫോം ലഭിക്കാൻ ബുദ്ധിമുട്ടുന്ന നിർമ്മാതാക്കൾക്ക് സഹായകരമാവാനും വേണ്ടിയാണ് സർക്കാരിന്‍റെ ഈ പുതിയ സംരംഭം.
സിനിമകൾ നിർമാതാക്കളിൽ നിന്ന് വില കൊടുത്തു വാങ്ങുന്ന രീതിയാണ് നിലവിലുള്ള ഓടിടി പ്ലാറ്റ്ഫോമുകൾ പിന്തുടരുന്നത്. എന്നാൽ ഇതിന് പകരം പ്രദർശനത്തിന്‍റെ വരുമാനം നിർമ്മാതാക്കളും സർക്കാരും തമ്മിൽ പങ്കു വയ്ക്കുന്ന രീതിയിലാകും സര്‍ക്കാരിന്‍റെ പുതിയ സംരംഭം. പദ്ധതിയുടെ സാങ്കേതിക അവതരണത്തിന് ശേഷം കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെഎസ്എഫ്ഡിസി) എട്ട് പേരുടെ പട്ടികയിൽ നിന്ന് നാല് ലേലക്കാരെ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്. പ്രാരംഭ ഘട്ടത്തിൽ വെണ്ടർ ഹോസ്റ്റ് പ്ലാറ്റ്ഫോമായ ഈ സംരംഭത്തിനായി സംസ്ഥാന സർക്കാർ 5 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
തിയറ്ററുകളോട് മത്സരിക്കുകയല്ല, തിയേറ്റർ റിലീസിന് ശേഷമുള്ള വരുമാനം കൂട്ടുക എന്നതാണ് ആശയമെന്ന് കെഎസ്എഫ്ഡിസി മാനേജിംഗ് ഡയറക്ടർ മായ എൻ പറയുന്നു. “തീയറ്റർ റിലീസിന് ശേഷം സിനിമകൾ സ്ട്രീം ചെയ്യാൻ ഞങ്ങൾ പദ്ധതിയിടുന്നു. ഒപ്പം, തിയേറ്ററിൽ റിലീസ് കണ്ടെത്തുന്നതിൽ പരാജയപ്പെടുന്ന സിനിമകൾക്കും. നിലവിൽ വലിയ ഒടിടി പ്ലാറ്റ്ഫോമുകൾ താരമൂല്യമുള്ള വലിയ സിനിമകൾക്കാണ് മുൻഗണന നൽകുന്നത്. അവർ ചെറിയ സിനിമകൾ തിരഞ്ഞെടുക്കുന്നില്ല. തിയേറ്ററുകളിൽ റിലീസ് ചെയ്യാത്ത അവാർഡ് നേടിയ സിനിമകളും ഈ പ്ലാറ്റ്‌ഫോം വഴി പ്രദർശിപ്പിക്കും.”
ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട കലാമൂല്യമുള്ള സിനിമകൾ, യുവതലമുറ കണ്ടിട്ടില്ലാത്ത പഴയ മലയാള സിനിമകൾ എന്നിവ ഡിജിറ്റൈസ് ചെയ്യാനും സർക്കാർ പ്ലാറ്റ്‌ഫോമുകളിലൂടെ കൂടുതൽ പേരിലേക്ക് എത്തിക്കാനുമുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇക്കാര്യം നിർമ്മാതാക്കളുമായി സംസാരിച്ചുവരികയാണെന്നും മായ കൂട്ടിച്ചേർത്തു.
മലയാള സിനിമയുടെ നിർമ്മാണവും പ്രമോഷനും സുഗമമാക്കുന്നതിനായി 1975-ൽ സ്ഥാപിതമായ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന് സംസ്ഥാനത്ത് 17 സ്‌ക്രീനുകൾ സ്വന്തമായുണ്ട്, ഏഴ് സ്‌ക്രീനുകൾ കൂടി ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ് കെഎസ്എഫ്ഡിസി.