ദുൽഖർ സൽമാൻ നായകനായ ‘കുറുപ്പ്’ വിജയകരമായി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. നവംബർ 12ന് തിയേറ്ററുകളിലെത്തിയ ചിത്രം നാലു ദിവസം കൊണ്ട് തന്നെ 50 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. മികച്ച പ്രതികരണമാണ് ചിത്രം നേടി കൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ, ചിത്രത്തിന്റെ ബിഹൈൻഡ് വീഡിയോയുമായി എത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. ചിത്രത്തിന്റെ ഷൂട്ടിങ്ങ് വിശേഷങ്ങൾ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ ഉൾപ്പടെയുള്ള അണിയറപ്രവർത്തകർ വീഡിയോയിൽ പങ്കുവയ്ക്കുന്നു. ചിത്രത്തിനു വേണ്ടി എങ്ങനെയാണ് പഴയ ബോംബെ നഗരമൊക്കെ പുനരാവിഷ്കരിച്ചത് എന്നും വ്യക്തമാക്കുകയാണ് അണിയറ പ്രവർത്തകർ.
Read more: കുറുപ്പ് വിജയാഘോഷം, മറിയം സ്റ്റൈൽ; വീഡിയോ
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടെയ്ൻമെൻറ്സും ചേർന്നാണ് ‘കുറുപ്പ്’ നിർമ്മിച്ചിരിക്കുന്നത്. ഏതാണ്ട് 35 കോടിയോളം മുടക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ തന്നെയാണ് കുറുപ്പും സംവിധാനം ചെയ്തിരിക്കുന്നത്. മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിൽ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി. ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പത്മനാഭൻ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിനുണ്ട്.
ജിതിൻ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ.എസ്. അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രിയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്‌ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിങ് നിർവഹിച്ചത്.