മോഹൻലാലിനെ നായകനാക്കി താൻ കുഞ്ഞാലിമരയ്ക്കാർ സംവിധാനം ചെയ്യാൻ പോകുന്നുവെന്ന് ആദ്യം അറിയിച്ചത് പ്രിയദർശനാണ്. എന്നാൽ ഇതിനുപിന്നാലെ സന്തോഷ് ശിവനോടൊപ്പം താൻ കുഞ്ഞാലി മരയ്ക്കാർ ചെയ്യാൻ പോകുന്നുവെന്ന് മമ്മൂട്ടി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. ഇതുകേട്ട് ഇരുതാരങ്ങളുടെയും ആരാധകർ കൺഫ്യൂഷനടിച്ചു. ഒടുവിൽ മലയാള സിനിമയിൽ രണ്ടു കുഞ്ഞാലിമരയ്ക്കാർ വേണ്ടെന്നും മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാർ വരുന്നുണ്ടെങ്കിൽ തന്റെ കുഞ്ഞാലി മരയ്ക്കാർ ഉണ്ടാകില്ലന്നും പ്രിയദർശൻ വ്യക്തമാക്കി.

Read More: മോഹൻലാൽ മാത്രമല്ല, മമ്മൂട്ടിയും കുഞ്ഞാലിമരക്കാറാകുന്നു; കേരളപ്പിറവി ദിനത്തിൽ മലയാളികൾക്ക് ഇരട്ടി മധുരം

എന്നാൽ മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാറിനായി വെറും എട്ടു മാസമേ താൻ കാത്തുനിൽക്കൂവെന്ന് ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ. അതിനുളളിൽ ചിത്രം യാഥാർഥ്യമായില്ലെങ്കിൽ താൻ നേരത്തെ പ്രഖ്യാപിച്ചതുപോലെ മോഹൻലാലിനെ നായകനാക്കി സിനിമ ചെയ്യുമെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ പറഞ്ഞു.

Read More: മോഹന്‍ലാലിന്റെ കുഞ്ഞാലിമരയ്ക്കാര്‍ ഇല്ല: പ്രിയദര്‍ശന്‍

”മൂന്നു വർഷം മുൻപ് അവർ ഈ ചിത്രം ചെയ്യുന്നുവെന്ന് എന്നോട് പറഞ്ഞിരുന്നു. പക്ഷേ ഇതുവരെ ചെയ്തില്ല. ഇത്തവണ ഞാൻ ആറോ എട്ടോ മാസമേ കാത്തിരിക്കൂ. ഇനിയും അവർ വൈകിപ്പിക്കുകയാണെങ്കിൽ എന്റെ ചിത്രവുമായി ഞാൻ മുന്നോട്ടു പോകും. അതല്ല അവർ കുഞ്ഞാലിമരയ്ക്കാർ ചെയ്യുന്നുണ്ടെങ്കിൽ എന്റെ പ്രോജക്ട് ഉപേക്ഷിക്കാൻ ഞാൻ തയാറാണ്. ഇത്തരം കാര്യങ്ങളിൽ അനാവശ്യമൽസരങ്ങളുടെ ആവശ്യമില്ല”- പ്രിയദർശൻ പറഞ്ഞു. നാലു കുഞ്ഞാലി മരയ്ക്കാർമാരെക്കുറിച്ചാണ് ചരിത്രത്തിൽ പറയുന്നത്. ഇതിൽ നാലാമന്റെ ജീവിതമാണ് മോഹൻലാലിനെ നായകനാക്കി താൻ വെളളിത്തിരയിലെത്തിക്കുന്നതെന്നും പ്രിയദർശൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook