മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നായകന്മാരിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ എന്ന ചാക്കോച്ചൻ. ‘അനിയത്തിപ്രാവി’ലൂടെ വന്ന് മലയാളികളുടെ ഇഷ്ടം കവരുകയും ഏറെനാൾ ക്യാമ്പസുകളുടെ ചോക്ക്ളേറ്റ് ഹീറോയായിരിക്കുകയും ചെയ്ത താരം. ആരാധികമാരുടെ ഹൃദയം കവർന്ന ആ ചോക്ലേറ്റ് ഹീറോയുടെ ഹൃദയം കവർന്നത് പ്രിയ സാമുവൽ ആൻ എന്ന പെൺകുട്ടിയായിരുന്നു. കഴിഞ്ഞ 22 വർഷമായി തന്റെ പ്രണയിനിയായും പിന്നീട് ഭാര്യയായുമൊക്കെ കൂടെയുള്ള പ്രിയയുമായുള്ള പ്രണയകാലം ഓർക്കുകയാണ് ചാക്കോച്ചൻ ഇപ്പോൾ. വാലന്റൈൻസ് ഡേയിലാണ് പ്രിയയ്ക്ക് എഴുതിയ കത്തുകളും പഴയകാല ചിത്രവുമൊക്കെ ചാക്കോച്ചൻ പങ്കുവച്ചിരിക്കുന്നത്.
“വർഷം 1999… ഈ പെൺകുട്ടി ആയിരുന്നു എന്റെ വാലന്റൈൻ… ഇന്നുമതെ… ഇനിയെന്നും.. പലരും അക്കാലത്ത് എനിക്കു കിട്ടിയ കത്തുകളെ കുറിച്ചു ചോദിക്കാറുണ്ട്. എങ്കിൽ ഇതാ, ഞാൻ അങ്ങോട്ട് അയച്ച ചില കത്തുകൾ… പ്രിയ കുഞ്ചാക്കോ, പ്രിയ ആൻ സാമുവൽ ആയിരുന്ന കാലത്ത്… ഹാപ്പി വാലന്റൈൻസ് ഡേ,” എന്നാണ് ചാക്കോച്ചൻ കുറിക്കുന്നത്.
View this post on Instagram
2005 ലാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരാവുന്നത്. ഈ ക്വാറന്റെയിൻ കാലത്ത് ഒന്നായതിന്റെ 15-ാം വാർഷികവും ഇരുവരും ആഘോഷിച്ചിരുന്നു. വിവാഹവാർഷികദിനത്തിൽ ഹൃദയസ്പർശിയായ ഒരു കുറിപ്പാണ് ചാക്കോച്ചൻ പങ്കുവച്ചത്.
“കഴിഞ്ഞ 15 വർഷമായി പ്രണയത്തിന്റെ ക്വാറന്റയിനിലാണ്, അതേറെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. 22 വർഷമായി പരസ്പരം അറിയുന്നു നമ്മൾ, നീയാണ് എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും മികച്ച കാര്യങ്ങളിലൊന്ന്. നിന്നെ കണ്ടുമുട്ടും മുൻപു തന്നെ, എന്റെ ആദ്യ ചിത്രത്തിലെ ആദ്യഗാനത്തിൽ നിന്റെ പേര് ചൊല്ലി ഞാൻ പാടി…പരസ്പരം എല്ലാ ഗുണങ്ങളും ദോഷങ്ങളും സ്വീകരിച്ച് കൈകോർത്ത് നാം മുന്നോട്ട് നീങ്ങുക. ഈ പ്രത്യേക ദിനം ഇത്തവണ കുറച്ചുകൂടി സ്പെഷലാണ്, ജീവിതത്തിലെ ഏറ്റവും മികച്ച സമ്മാനം നമ്മൾ പരസ്പരം നൽകിയിരിക്കുന്നു… ഇസഹാക്”.
Read more: 20 വർഷം മുൻപ് ചാക്കോച്ചന്റെ ഓട്ടോഗ്രാഫിനായി കാത്തുനിന്ന പെൺകുട്ടി
“നീ നിന്റെ മാതാപിതാക്കൾക്ക് നല്ലൊരു മകളാണ്, കസിൻസിന് നല്ലൊരു സഹോദരിയാണ്, ഞാനടക്കം നിരവധിയേറെ പേർക്ക് നല്ലൊരു സുഹൃത്താണ്, എനിക്കൊരു റോമാന്റിക് പ്രണയിനിയും ഭാര്യയുമാണ്, എന്റെ കുടുംബത്തിനും നല്ലൊരു മകളാണ് നീ… ഇസഹാക്കിന് ഒരു കിടിലൻ അമ്മയും….
ഈ ക്വാറന്റയിൻ വേളയിൽ എന്റെ വാലന്റൈന്‍ നിറയെ സ്നേഹവും ആലിംഗനവും ചുംബനങ്ങളും… ഓ പ്രിയേ….” ആദ്യമായി ഭാര്യയ്ക്ക് വേണ്ടി ബേക്ക് ചെയ്ത കേക്കാണിതെന്നും കുഞ്ചാക്കോ ബോബൻ പോസ്റ്റിൽ പറയുന്നു.
Read more: നിങ്ങളുടെ കൊച്ചു സ്വർഗമുണ്ടാക്കുക; ഇസഹാക്ക് വളരുന്നത് കണ്ട് ചാക്കോച്ചൻ
നീണ്ട പതിനാലുവർഷത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ വർഷമാണ് കുഞ്ചാക്കോ- പ്രിയ ദമ്പതികളുടെ ജീവിതത്തിലേക്ക് ഇസഹാക്ക് എത്തുന്നത്. വൈകിയെത്തിയ കണ്മണിയെ ചുറ്റിപ്പറ്റിയാണ് കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ജീവിതമിപ്പോൾ. അത് ശരിയാണെന്ന് ചാക്കോച്ചന്റെ ഇന്‍സ്റ്റഗ്രാം പേജിലൊന്ന് കയറി നോക്കിയാല്‍ മനസിലാകും. മകന് ഇസഹാക്ക് കുഞ്ചാക്കോയുമായി പങ്കിടുന്ന കൊച്ചു കൊച്ചു നിമിഷങ്ങളാണ് ചാക്കോച്ചന്റെ ഏറ്റവും വലിയ സന്തോഷങ്ങള്‍.