ജീവിതത്തിൽ ഇതുവരെ ചെയ്യാത്ത പല അലമ്പുകളും ‘വര്‍ണ്യത്തില്‍ ആശങ്ക’യിൽ ചെയ്യേണ്ടി വന്നുവെന്ന് കുഞ്ചാക്കോ ബോബൻ. മുഴുസമയം മദ്യപാനം, മുറുക്കൽ തുടങ്ങി എല്ലാം ചെയ്തു. ജീവിതത്തിൽ ആദ്യമായി ഒരു ബിവറേജസിന്റെ മുന്നിൽ പോയി ക്യൂ നിന്ന് ഇടികൊണ്ട് ഒരു വഴിക്കായി. കുടിയന്മാരുടെ ശരിക്കുളള ബുദ്ധിമുട്ട് മനസ്സിലായി. ഒന്നര മണിക്കൂർ വർക്ക്ഔട്ട് ചെയ്യുന്ന അതേ ഇഫക്ടാണ് ബിവറേജസിനു മുന്നിൽ ക്യൂനിന്ന് ഇടികൊണ്ട് മൂന്നു ബോട്ടിൽ വാങ്ങിക്കുന്നതെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു. തന്റെ പുതിയ ചിത്രമായ ‘വര്‍ണ്യത്തില്‍ ആശങ്ക’യുടെ റിലീസിന് മുന്നോടിയായി ആരാധകരോട് ഫെയ്സ്ബുക്ക് ലൈവിൽ സംസാരിക്കുകയായിരുന്നു ചാക്കോച്ചൻ. ചിത്രത്തിന്റെ സംവിധായകൻ സിദ്ധാർഥ് ശിവയും ഒപ്പമുണ്ടായിരുന്നു.

സിദ്ദുവുമായുളള ബന്ധം വർഷങ്ങൾക്കുമുൻപേ തുടങ്ങിയതാണെന്ന് ചാക്കോച്ചൻ പറഞ്ഞു. ചാക്കോച്ചനെ ഏറ്റവും വൃത്തികെട്ട രീതിയിൽ അവതരിപ്പിക്കണമെന്നായിരുന്നു സിദ്ദു ആവശ്യപ്പെട്ടത്. അത് ഞാൻ ശിരസാ വഹിച്ചിട്ടുണ്ട്. തനി ലോക്കൽ കൂതറയായിട്ടാണ് സിനിമയിൽ അഭിനയിച്ചിരിക്കുന്നതെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. സിനിമയുടെ ചിത്രീകരണ സമയത്തെ പല രസകരമായ അനുഭവങ്ങളും കുഞ്ചാക്കോ ബോബൻ ലൈവിലൂടെ ആരാധകരോട് പങ്കുവച്ചിട്ടുണ്ട്.

ചന്ദ്രേട്ടന്‍ എവിടെയാ എന്ന ദിലീപ് ചിത്രത്തിന് ശേഷം സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വര്‍ണ്യത്തില്‍ ആശങ്ക’. പതിവില്‍ നിന്നും വ്യത്യസ്തമായി കൗട്ട ശിവനെന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലെത്തുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, ചെമ്പന്‍ വിനോദ് ജോസ്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍ എന്നിവരാണ് മറ്റു താരങ്ങൾ. ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളില്‍ ഒരാളായ ആഷിക് ഉസ്മാനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഒന്നര വര്‍ഷത്തിന് ശേഷമാണ് പുതിയ സിനിമയുമായി സിദ്ധാര്‍ത്ഥ് വരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ