രൂപത്തിലും ഭാവത്തിലും താരങ്ങളുടെ അപരന്മാർ എന്നു തോന്നുന്നവർ പലപ്പോഴും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ, രൂപം കൊണ്ടും ശബ്ദം കൊണ്ടും പ്രണവ് മോഹൻലാലിനെ ഓർമ്മപ്പെടുത്തുന്ന ഒരാളെ പരിചയപ്പെടുത്തുകയാണ് നടൻ കുഞ്ചാക്കോ ബോബൻ.
അറിയിപ്പ് ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള രസകരമായൊരു വീഡിയോയും ചാക്കോച്ചൻ ഷെയർ ചെയ്തിട്ടുണ്ട്. “പ്രണവ് മോഹൻലാലിനെ പോലിരിക്കുന്ന ബിപിൻ തൊടുപുഴയുമായി ഒരു അപ്രതീക്ഷിത കണ്ടുമുട്ടൽ. ഷൂട്ടിനിടയിലെ തമാശകൾ,” എന്നാണ് ചാക്കോച്ചൻ കുറിക്കുന്നത്.
ചാക്കോച്ചൻ സന്തോഷത്തോടെ ഓടി വരുന്നതും ബിബിനെ കണ്ട് “ഹായ്, പ്രണവ്… എന്തായിവിടെ?” എന്നു ചോദിക്കുന്നതും കാണാം. ബിപിനോട് ചാക്കോച്ചൻ കുശലം പറയുന്നതിനിടയിൽ “അയ്യോ പ്രണവ് ആണോ?” എന്ന് ഒരു പെൺകുട്ടി തിരക്കുന്നതും “ആളുകൾ കൂടുന്നു, ഓട്,” എന്നു പറഞ്ഞ് തമാശ രൂപേണ ബിപിനെ ചാക്കോച്ചൻ ഓടിച്ചു വിടുന്നതും വീഡിയോയിൽ കാണാം.
രാവിലെ തന്നെ ചാക്കോച്ചന്റെ കോമഡി, നിങ്ങള്‍ ട്രോളാനും തുടങ്ങിയോ, ഈ ചാക്കോച്ചന്റെ ഒരു കാര്യം എന്നിങ്ങനെ പോവുന്നു വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ. ഛായാഗ്രാഹകനായ സനു ജോൺ വർഗീസ് ആണ് ഈ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. നോയിഡയിലാണ് അറിയിപ്പിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്.
ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന് അഭിനയിക്കുന്ന ചിത്രമാണ് ‘അറിയിപ്പ്’. മഹേഷ് നാരായണന് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും. ഷെബിന്‍ ബക്കറും മഹേഷ് നാരായണനുമൊപ്പം ചാക്കോച്ചനും ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളിയാകുന്നു.