മലയാളികളുടെ എക്കാലത്തെയും ഇഷ്ട നടന്മാരില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. ‘ചോക്ലേറ്റ് ഹീറോ’ എന്ന് അറിയപ്പെടുന്ന ചാക്കോച്ചന്‍ കുറച്ച് നാളുകളായി വ്യത്യസ്ത കഥാപാത്രങ്ങളുടെ പിന്നാലെയാണ്. ഇതിലൂടെ ചാക്കോച്ചനിലെ അഭിനേതാവിനെ കൂടുതല്‍ അടുത്തറിയാന്‍ ആരാധകര്‍ക്കു സാധിച്ചു.
ചാക്കോച്ചന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘ ന്നാ താന്‍ കേസ് കൊട്’. ഈ ചിത്രത്തില്‍ ‘ ദേവദൂതര്‍ പാടി’ എന്ന ഗാനത്തിന് ചാക്കോച്ചന്‍ ചെയ്ത നൃത്തം ഏറെ വൈറലായിരുന്നു.
സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ചാക്കോച്ചന്‍ നല്‍കിയ അഭിമുഖത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘ ഈ ചിത്രത്തിലും ചാക്കോച്ചന്റെ ചുംബന രംഗം ഉണ്ടോ?’ എന്ന അവതാരകയുടെ ചോദ്യത്തിന് ‘ സിനിമയുടെ പേര് ‘ ന്നാ താന്‍ കിസ്സ് കൊട്’ എന്നല്ലെന്നാണ് ചാക്കോച്ചന്‍ നല്‍കിയ മറുപടി.
‘ ഭീമന്റെ വഴി’ എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ അഭിനയിച്ച ചുംബന രംഗം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ചിത്രത്തിലെ നായിക ഗായത്രിയും ചാക്കോച്ചനോടൊപ്പെം അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു.
രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആണ് ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ സംവിധായകന്‍. ഓഗസ്റ്റ് 11 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. കുഞ്ചാക്കോ ബോബന്‍, ഗായത്രി, ബേസില്‍ ജോസഫ്, വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, ഉണ്ണിമായ പ്രസാദ്, രാജേഷ് മാധവന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.