പാലുണ്ണിയേയും ചക്ക ഗോപനേയുമെല്ലാം സിനിമയ്ക്ക് സമ്മാനിച്ച ലാല്‍ ജോസ്-കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടിലെ പുതിയ ചിത്രമായ ‘തട്ടുംപുറത്ത് അച്യുതന്‍’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ റിലീസ് ചെയ്തു. ടൈറ്റില്‍ സൂചിപ്പിക്കുന്ന പോലെ തന്നെ തട്ടുംപുറത്ത് ഇരിക്കുന്ന കുഞ്ചാക്കോ ബോബനാണ് ഫസ്റ്റ് ലുക്കിലും.

‘എല്‍സമ്മ എന്ന ആണ്‍കുട്ടി’, ‘പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ചാക്കോച്ചനും ലാല്‍ ജോസും ഒന്നിക്കുന്ന ചിത്രമാണിത്. ‘തട്ടുംപുറത്ത് അച്യുതന്റെ’ തിരക്കഥ രചിച്ചിരിക്കുന്നത് സിന്ധുരാജാണ്. ‘മുല്ല’, ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’ എന്നീ ലാല്‍ ജോസ് ചിത്രങ്ങള്‍ക്ക് ഇതിനു മുന്‍പ് സിന്ധുരാജ് തിരക്കഥ എഴുതിയിട്ടുണ്ട്.

ഈ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ  നിര്‍മ്മാണം ഷിബിന്‍ ബേക്കര്‍, ക്യാമറ റോബി വർഗീസ് രാജ്, എഡിറ്റിങ് രഞ്ജൻ എബ്രഹാം.

ഇന്ന് റിലീസ് ചെയ്ത ‘മാംഗല്യം തന്തുനാനേന’ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ‘ജോണി ജോണി യെസ് അപ്പാ’, ‘അള്ള് രാമേന്ദ്രന്‍’ എന്നിവയാണ് ചാക്കോച്ചന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍.   ‘രാമന്റെ ഏദന്‍ തോട്ടം’ എന്ന ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബനും അനു സിത്താരയും പ്രധാനവേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് ‘ജോണി ജോണി യെസ് അപ്പാ’. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ജോണിയായും അനു സിത്താര ജെയ്‌സയായും എത്തുന്നു.

വൈശാഖ സിനിമാസിന്റെ ബാനറില്‍ വൈശാഖ് രാജന്‍ നിര്‍മ്മിച്ച്, ജോജി തോമസ് തിരക്കഥ ഒരുക്കി, ജി.മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചാക്കോച്ചന്‍ ചിത്രം ഹാസ്യത്തിനു പ്രാധാന്യം നല്‍കുന്നതായിരിക്കും.

Read More: കൈനിറയെ ചിത്രങ്ങളുമായി കുഞ്ചാക്കോ ബോബന്‍

അള്ള് രാമേന്ദ്രന്‍

നവാഗതനായ ബിലാഹരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അള്ള് രാമേന്ദ്രന്‍’. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികമാരായി എത്തുന്നത് അപര്‍ണ്ണ ബാലമുരളിയും ചാന്ദ്‌നി ശ്രീധരനുമാണ്.

‘അരികില്‍ ഒരാള്‍’, ‘ചന്ദ്രേട്ടന്‍ എവിടെയാ’, ‘കലി’, ‘വര്‍ണ്യത്തില്‍ ആശങ്ക’ തുടങ്ങിയ  സിനിമകള്‍ സമ്മാനിച്ച ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സാണ് ‘അള്ള് രാമേന്ദ്രന്‍’ നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ചാക്കോച്ചന്‍ നായകനാവുമ്പോള്‍ കൃഷ്ണ ശങ്കറും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജിംഷി ഖാലിദ് ക്യാമറ കൈകകാര്യം ചെയുന്ന സിനിമയ്ക്ക് സംഗീതം പകരുന്നത് ഷാന്‍ റഹ്മാനാണ്. സെന്‍ട്രല്‍ പിക്ചേഴ്സാണ് സിനിമ തിയേറ്ററുകളില്‍ എത്തിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ