കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ‘രാമന്റെ ഏദൻതോട്ടം’ ചിത്രം പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തുകഴിഞ്ഞു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം പുറത്തിറങ്ങിയതിനുശേഷം തനിക്ക് തോന്നിയ രസകരവും കൗതുകരവുമായ ഒരു കാര്യം ആരാധകരോട് പങ്കുവയ്ക്കുകയാണ് കുഞ്ചാക്കോ ബോബൻ.

”ഹൗ ഓൾഡ് ആർ യൂ എന്ന സിനിമ കണ്ടുകഴിഞ്ഞപ്പോൾ അതിലെ രാജീവൻ എന്ന കഥാപാത്രത്തോട് സ്ത്രീകൾക്ക് പ്രത്യേകിച്ച് കുടുംബിനികൾക്ക് ദേഷ്യം തോന്നി. അവർക്ക് ദേഷ്യം തോന്നിയതുകൊണ്ട് അവരുടെ ഭർത്താക്കന്മാർക്ക് എന്നെ വല്യ കാര്യമായി. ഇപ്പോൾ രാമന്റെ ഏദൻതോട്ടം റിലീസ് ചെയ്തു കഴിഞ്ഞപ്പോൾ ഇതുനേരെ തിരിഞ്ഞു. സ്ത്രീകൾക്ക് രാമൻ എന്ന കഥാപാത്രം വളരെ ഇഷ്ടമായി. കുടുംബപ്രേക്ഷകർക്കും കുടുംബിനികൾക്കും പ്രത്യേകിച്ച്. ആണുങ്ങൾക്ക് അത് അത്ര രസിച്ചില്ല. അവർക്ക് എന്നോട് ചെറിയ കലിപ്പ് തോന്നി”.

”രസകരമായ ഒരു കാര്യം ഈ രണ്ടു സിനിമകളും സ്ത്രീപക്ഷ സിനിമകളാണ്. ഇതിലെ ഒരു കഥാപാത്രത്തോട് പ്രേക്ഷകർക്ക് ദേഷ്യവും മറ്റേ കഥാപാത്രത്തോട് സ്നേഹവും തോന്നിയിട്ടുണ്ടെങ്കിൽ അതാ കഥാപാത്രത്തിന്റെ വിജയമാണ്. അങ്ങനെയുളള കഥാപാത്രങ്ങൾ എനിക്ക് തന്ന ആ ചിത്രത്തിന്റെ സംവിധായകനോടും തിരക്കഥാകൃത്തിനോടുമാണ് ഞാൻ കടപ്പെട്ടിരിക്കുന്നത്. പ്രത്യേകിച്ച് രാമന്റെ ഏദൻതോട്ടം ചിത്രത്തിലെ രാമൻ എന്ന കഥാപാത്രം എനിക്ക് തന്ന സംവിധായകൻ രഞ്ജിത് ശങ്കർ. ചിത്രത്തിന്റെ മറ്റു പ്രവർത്തകരോടും ഞാൻ നന്ദി പറയുന്നു”.

രഞ്ജിത് ശങ്കറാണ് രാമന്റെ ഏദൻതോട്ടത്തിന്റെ സംവിധായകൻ. ഹാപ്പി വെഡ്ഡിങ്ങ്, ഫുക്രി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അനു സിത്താരയാണ് ചിത്രത്തിലെ നായിക. ജോജു ജോർജ്, രമേഷ് പിഷാരടി,മുത്തുമണി,അജു വർഗീസ് എന്നിവരാണ് രാമന്റെ ഏദൻതോട്ടത്തിലെ മറ്റു താരങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ