scorecardresearch
Latest News

ഒന്നിച്ചുള്ള മധുര പതിനേഴ്; വിവാഹവാർഷികം ആഘോഷമാക്കി ചാക്കോച്ചനും പ്രിയയും

മകൻ ഇസഹാക്കിനൊപ്പം കേക്ക് മുറിച്ചാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹവാർഷികം ആഘോഷിച്ചത്

ഒന്നിച്ചുള്ള മധുര പതിനേഴ്; വിവാഹവാർഷികം ആഘോഷമാക്കി ചാക്കോച്ചനും പ്രിയയും

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട കുടുംബനായകനാണ് കുഞ്ചാക്കോ ബോബൻ എന്ന ചാക്കോച്ചൻ. ‘അനിയത്തിപ്രാവി’ലൂടെ വന്ന് പ്രേക്ഷക ഹൃദയം കീഴടക്കിയ ആ യുവാവ്, ഏറെനാൾ ക്യാമ്പസുകളുടെ ചോക്ലേറ്റ് ഹീറോയായിരുന്നു. എന്നാൽ ആയിരക്കണക്കിന് ആരാധികമാരുടെ ഹൃദയം കവർന്ന ആ ചോക്ലേറ്റ് ഹീറോയുടെ ഹൃദയം കവർന്നത് പ്രിയ സാമുവൽ ആൻ എന്ന പെൺകുട്ടിയാണ്. 2005 ലാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരാവുന്നത്. ഇപ്പോഴിതാ, ഒന്നായതിന്റെ 17-ാം വാർഷികം ആഘോഷിക്കുകയാണ് ചാക്കോച്ചനും പ്രിയയും.

മകൻ ഇസഹാക്കിനൊപ്പം കേക്ക് മുറിച്ചാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹവാർഷികം ആഘോഷിച്ചത്. വിവാഹവാർഷികാഘോഷത്തിന്റെ ചിത്രങ്ങളും അതിനൊപ്പം ചാക്കോച്ചൻ പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.

“ഔദ്യോഗികമായി ഒന്നിച്ചുള്ള മധുര 17!! നിന്നോടൊപ്പമുള്ള ജീവിതം മികച്ചതായി തുടരുന്നു പ്രിയപ്പെട്ട ഭാര്യേ. ഈ ഡിജിറ്റൽ ലോകത്തിലെ എന്റെ അതിവേഗ വൈഫൈ നിങ്ങളാണ്. എന്റെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും നീ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നു. എന്നെയും എന്റെ കുടുംബത്തെയും എന്റെ തൊഴിലിനെയും സുഹൃത്തുക്കളെയും പരിപാലിക്കുന്നു, ഒപ്പം എന്റെ ജീവിതം സന്തുലിതമായി നിലനിർത്തുന്നു.
മറ്റേതൊരു സാധാരണ ദമ്പതികളെയും പോലെ ചെറിയ വഴക്കുകൾ ഉണ്ടായിട്ടുണ്ട്, പക്ഷേ രാത്രി തീരും മുൻപ് അവ പരിഹരിച്ച് അടുത്ത ദിവസത്തെ ഏറ്റവും മികച്ച ഒന്നാക്കി മാറ്റുന്നു എന്ന് ഞങ്ങൾ ഉറപ്പാക്കി!!!

ഇന്ന് ഞാൻ സിനിമകളിൽ നന്നായി അഭിനയിക്കുന്നുവെങ്കിൽ അതിന്റെ ക്രെഡിറ്റ് നിനക്കാണ്. എന്നെ എന്നിൽ വിശ്വസിക്കാൻ പ്രേരിപ്പിച്ചതിന്റെയും എല്ലാറ്റിനെയും വ്യത്യസ്തമായ വീക്ഷണകോണിൽ കാണാനും മികച്ചതിന് വേണ്ടി പരിശ്രമിക്കാനും എന്നെ പ്രേരിപ്പിച്ചത് നീയാണ്. “ഓ പ്രിയേ “…….. എന്ന് എന്റെ ആദ്യ സിനിമയിൽ തന്നെ പാടാൻ അവസരം നൽകിയത് ദൈവത്തിന് പറ്റിയ തെറ്റല്ല. കാരണം എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം നീയാണ്!!

ഇത് വളരെ ലളിതവും എന്നാൽ മധുരതരവുമായ ഒരു ആഘോഷമായിരുന്നു… അതിനിടയിൽ ഞങ്ങളുടെ കുഞ്ഞും ഉണ്ടായിരുന്നത് വളരെ മധുരമായി തോന്നി!! സർപ്രൈസ് ആനിവേഴ്സറി ഡിന്നറിനും കേക്കിനും നന്ദി ഷെഫ് മോട്ടൂസ്. ഒപ്പം എല്ലാ മധുരമായ ആശംസകൾക്കും പ്രാർത്ഥനകൾക്കും എല്ലാവർക്കും നന്ദി. എല്ലാവരോടും സ്നേഹം” കുഞ്ചാക്കോ ബോബൻ കുറിച്ചു.

ആറ് വർഷം നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരുടെയും വിവാഹം. നീണ്ട പതിനാല് വർഷത്തെ കാത്തിരിപ്പിന് ശേഷം 2019 ഏപ്രിലിലാണ് ഇവർക്ക് കുഞ്ഞു പിറന്നത്.

‘പട’ ആണ് ചാക്കോച്ചന്റെതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഒറ്റ്, ന്നാ താൻ കേസ് കൊട്, ആറാം പാതിര തുടങ്ങിയ താരത്തിന്റെ ഒട്ടേറെ ചിത്രങ്ങൾ ഈ വർഷം റിലീസ് ചെയ്യാനൊരുങ്ങുന്നുമുണ്ട്.

Also Read: മിനി കൂപ്പർ ഇലക്ട്രിക് സ്വന്തമാക്കി മഞ്ജു വാര്യർ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Kunchako boban celebrates 17th wedding anniversary