അന്തരിച്ച നടി തൊടുപുഴ വാസന്തിക്ക് ആദരാഞ്ജലി അർപ്പിച്ച് കുഞ്ചാക്കോ ബോബൻ. വാസന്തിക്ക് ആവശ്യമായ സമയത്ത് സഹായം ചെയ്യാൻ വൈകിയതിന് മാപ്പപേക്ഷിച്ചുകൊണ്ടാണ് ചാക്കോച്ചൻ ആദരാഞ്ജലികൾ നേർന്നത്.
തൊടുപുഴ വാസന്തി ചേച്ചി…..
അഭിനയ ജീവിതത്തിനു വേണ്ടി സ്വന്തം ജീവിതം സമർപ്പിച്ച കലാകാരിക്ക്,അവർക്കാവശ്യമുള്ള സമയത്തു സഹായം ചെയ്യാൻ വൈകിയതിന് മാപ്പപേക്ഷിച്ചു കൊണ്ട് ആദരാഞ്ജലികൾ അർപ്പിക്കുന്നു !!– ചാക്കോച്ചൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
നാനൂറ്റമ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുളള തൊടുപുഴ വാസന്തി ഇന്നു പുലർച്ചെയാണ് അന്തരിച്ചത്. ഗുരുതര രോഗങ്ങളാല്‍ ചികിത്സയിരിക്കെ പുലര്‍ച്ചെ നാലിന് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ വര്‍ഷങ്ങളായി തൊടുപുഴ മണക്കാട്ടെ സഹോദരന്റെ വീട്ടിലായിരുന്നു താമസം. പ്രമേഹം മൂർച്ഛിച്ചതിനെ തുടര്‍ന്ന് നേരത്തെ വലതുകാല്‍ മുറിച്ചു കളഞ്ഞതിനു പുറമേ തൊണ്ടയില്‍ അർബുദമുള്‍പ്പെടെയുളള ഗുരുതര രോഗങ്ങളും പിടിപെട്ടിരുന്നു.
രോഗത്തിന്റെ അവശതയിൽ ആരാലും സഹായിക്കാനില്ലാതെ കഷ്ടത അനുഭവിച്ചിരുന്ന വാസന്തിയുടെ ജീവിതം അടുത്തിടെ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സിനിമാ ലോകത്ത് നിന്നും ആരും വാസന്തിയെ തിരിഞ്ഞു നോക്കിയില്ല. വാസന്തിയുടെ ദയനീയ ജീവിതം മാധ്യമങ്ങളിലൂടെ പുറത്തു വന്നതിനു പിന്നാലെ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമൺ ഇന്‍ സിനിമ കളക്ടീവ് സഹായ വാഗ്‌ദാനവുമായി രംഗത്ത് വന്നിരുന്നു. ഇതിനിടയിലായിരുന്നു അന്ത്യം.