Kunchacko Boban’s Mangalyam Thanthunanena Release Date: ദേശീയ അവാര്‍ഡ് നേടിയ ഡോക്യുമെന്ററി സംവിധായികയും നടിയുമായ സൗമ്യ സദാനന്ദൻ സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബൻ ചിത്രം ‘മാംഗല്യം തന്തുനാനേന’ നാളെ റിലീസിനെത്തുന്നു. ഒരു വിവാഹം ഉണ്ടാക്കിവെയ്ക്കുന്ന പൊല്ലാപ്പുകളുടെ കഥ പറയുന്ന ഫൺ ഫാമിലി എന്റർടെയ്നറായ ഈ ചിത്രത്തിൽ നിമിഷ സജയനാണ് നായിക. നോർത്ത്- സൗത്ത് പോളുകളിലുള്ള രണ്ടു ദമ്പതിമാരുടെ കഥ പറയുന്ന ചിത്രത്തിൽ നിമിഷയും കുഞ്ചാക്കോ ബോബനുമാണ് ഭാര്യാ ഭര്‍ത്താക്കന്മാരായിട്ടെത്തുന്നത്.

യുണൈറ്റഡ് ഗ്ലോബൽ മീഡിയ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോ. സക്കറിയ തോമസ്, ആൽവിൻ ആന്റണി, പ്രിൻസ് പോൾ, ആഞ്ജലീന മേരി ആന്റണി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. കുഞ്ചാക്കോ ബോബനും നിമിഷയ്ക്കും പുറമെ ഹരീഷ് കണാരൻ, ശാന്തി കൃഷ്ണ, വിജയരാഘവൻ, അലൻസിർ ലോപ്പസ്, ലിയോണ ലിഷോയ്, ചെമ്പിൽ അശോകൻ, കൊച്ചു പ്രേമൻ, മോളി, എസ്. കെ മിനി, മേരി, ബേബി, അശോകൻ , സുനിൽ സുഗദ എന്നു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ടോണി മഠത്തിൽ ആണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അരവിന്ദ് കൃഷ്ണയാണ് ഛായാഗ്രഹണം. ക്രിസ്റ്റി സെബാസ്റ്റ്യൻ എഡിറ്റിംഗും സായനോര ഫിലിപ്പ്, രേവ, അസിം റോഷൻ,എസ്. ശങ്കർ എന്നിവർ സംഗീതവും നിർവ്വഹിച്ചിരിക്കുന്നു. ബിജിബാൽ ആണ് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ദിൻ നാഥ് പുത്തഞ്ചേരി, മിർഷാദ് കൈപ്പമംഗലം എന്നിവരാണ് ഗാനരചയിതാക്കൾ. നൃത്തo ബ്രിന്ദ മാസ്റ്ററും വസ്ത്രലങ്കാരം സമീറ സനീഷും നിർവ്വഹിച്ചിരിക്കുന്നു.

ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവിതത്തെ ആസ്‌പദമാക്കി ഒരുക്കിയ ‘ചെമ്പൈ’ എന്ന ഹ്രസ്വ ചിത്രത്തിന് ദേശീയ പുരസ്‌കാരം നേടിയ സംവിധായികയാണ് സൗമ്യ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook