മലയാളത്തിന്റെ പ്രിയനടൻ കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകൻ ഇസഹാക്കിന്റെ മൂന്നാം പിറന്നാളാണ് ഇന്ന്. ഇസയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് നടി ഉണ്ണിമായ ഷെയർ ചെയ്തൊരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.
“എന്റെ ഇസ്സുവിന് ഇന്ന് 3 വയസ്സ് തികയുന്നു. കൊറോണയെ ഭയന്ന് സ്കൂളിൽ പോകാൻ വിസമ്മതിക്കുകയാണ് അവൻ. എത്രപെട്ടെന്നാണ് അവൻ വളരുന്നത്. തമാശകളുടെയും സ്നേഹത്തിന്റെയും വികൃതികളുടെയും ഒരു ലോകം ഡാഡിബോയ് ചാക്കോച്ചനും മമ്മി ഗേൾ പ്രിയകൊച്ചിനുമായി അവൻ സൃഷ്ടിക്കുന്നു.
പക്ഷേ, അതിലെല്ലാമുപരി അവനെനിക്ക് എന്റെ ബട്ടർബൺ ബോയ്ഫ്രണ്ട് ആണ്. മാംഗോ ഗേളുമായി അവൻ അഗാധമായി സ്നേഹത്തിലാണ്. നമ്മുടെ ദിവസങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ ഇസൂ… നിനക്ക് സന്തോഷത്തിന്റെ, വികൃതികളുടെ ഒരു മനോഹരമായ വർഷം ആശംസിക്കുന്നു കുഞ്ഞേ… സ്നേഹം” ഉണ്ണിമായ കുറിക്കുന്നു.
പതിനാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് വന്ന കൺമണിയാണ് ഇസഹാഖ്. മകന്‍ ജനിച്ച നിമിഷം മുതലുള്ള ഓരോ കൊച്ചുകൊച്ചു വിശേഷങ്ങളും ചാക്കോച്ചൻ സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.
ചാക്കോച്ചന്റെ ലോകം തന്നെ ഇസയ്ക്ക് ചുറ്റുമാണിപ്പോഴൊന്ന് ഒരു അഭിമുഖത്തിൽ പ്രിയ പറഞ്ഞിരുന്നു. ‘ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ മോനു ചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. കുഞ്ഞിനെ കെട്ടിപ്പിടിച്ചുറക്കുന്നു. എടുത്തു നടക്കുന്നു. ചിലപ്പോള്‍ കുഞ്ഞു കരഞ്ഞാല്‍ ഞാനറിയാറില്ല. പക്ഷേ, ചാക്കോച്ചന്‍ ചാടിയെഴുന്നേല്‍ക്കും. കുഞ്ഞു വേണമെന്ന മോഹം പരാജയപ്പെടുമ്പോഴെല്ലാം സാരമില്ല, വിഷമിക്കേണ്ട നമ്മള്‍ ഹാപ്പിയായി ഇരുന്നാല്‍ മതിയെന്ന് പറഞ്ഞുകൊണ്ടിരുന്ന ആളാണ്. പക്ഷേ ഇപ്പോള്‍ അവനോടുള്ള ഇഷ്ടം കാണുമ്പോള്‍ ദൈവമേ, ഇത്രയും മോഹം മനസ്സില്‍? ഒളിപ്പിച്ചിട്ടാണോ എന്നെ ആശ്വസിപ്പിച്ചതെന്ന് തിരിച്ചറിയുന്നുണ്ട്,” പ്രിയ പറയുന്നു.