മലയാളത്തിന്റെ സ്വന്തം കുടുംബനായകനാണ് ചാക്കോച്ചൻ. തന്റെ വിശേഷങ്ങളും രസകരമായ അനുഭവങ്ങളുമൊക്കെ ചാക്കോച്ചൻ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം നടന്ന പ്രസ് മീറ്റിലെ ചിത്രങ്ങളാണ് ചാക്കോച്ചൻ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ഓരോ ദിവസവും കൂടി വരുന്ന ചാക്കോച്ചന്റെ ഗ്ലാമർ കണ്ട് ആരാധകർ അത്ഭുതപ്പെട്ടിരിക്കുകയാണ്. “ഇങ്ങേരിതെന്ത് ഭാവിച്ചാ, പ്രായം റിവേഴ്സ് ഗിയറിലാണോ?” എന്നാണ് എല്ലാവരും ചോദിക്കുന്നത്.
Read More: മെയ് വഴക്കത്താൽ അമ്പരപ്പിച്ച് സംയുക്ത വർമ്മ, ശീർഷാസന വീഡിയോ വൈറൽ
കൂട്ടത്തിൽ രസകരമായൊരു കമന്റുമായി നടനും സംവിധായകനുമായ രമേഷ് പിഷാരടിയും എത്തി. ‘യുവാവിന്റെ ഫോട്ടോ വൈറലാകുന്നു’ എന്നാണ് പിഷാരടിയുടെ കമന്റ്.
View this post on Instagram
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ‘ചാക്കോച്ചൻ’ എന്നു ആരാധകർ വിളിക്കുന്ന കുഞ്ചാക്കോ ബോബൻ. സാമൂഹ്യമാധ്യമങ്ങളിലും ഏറെ സജീവമാണ് താരം. അനിയത്തിപ്രാവിലെ സുധിയായും നക്ഷത്രത്താരാട്ടിലെ സുനിലായുമെല്ലാമാണ് ചാക്കോച്ചൻ ആരാധകരുടെ, പ്രത്യേകിച്ച് ആരാധികമാരുടെ ഹൃദയങ്ങളിൽ ഇടം നേടിയത്. കുഞ്ചാക്കോ ബോബന് പ്രണയ ലേഖനമെഴുതിയ പെൺകുട്ടികളെ കുറിച്ച് എത്രയോ വാർത്തകൾ നാം വായിച്ചിരിക്കുന്നു. ഒരുകാലത്ത് അദ്ദേഹത്തിന്റെ ഫോട്ടോകളിൽ ഓട്ടോഗ്രാഫ് വാങ്ങുന്നതും ഒരു ട്രെൻഡായിരുന്നു.
രണ്ടു പതിറ്റാണ്ട് മുൻപ്, ഒരു സ്‌പ്ലെൻഡർ ബൈക്ക് ഓടിച്ചാണ് ഒരുപാട് ആരാധികമാരുടെ മനസ്സിലേക്ക് കുഞ്ചാക്കോ ബോബൻ എന്ന ചോക്ലേറ്റ് ഹീറോ കയറിവന്നത്. ‘അനിയത്തിപ്രാവ്’ എന്ന ചിത്രത്തിൽ നായകനെ പരിചയപ്പെടുത്തുന്ന ആദ്യസീനിൽ സ്‌പ്ലെൻഡർ ബൈക്ക് ഓടിക്കുന്ന ചാക്കോച്ചനെയാണ് കാണാൻ കഴിയുക. അടുത്തിടെ ആ ബൈക്ക് തിരിച്ചെത്തിയ സന്തോഷം ചാക്കോച്ചൻ പങ്കുവച്ചിരുന്നു.
‘അനിയത്തിപ്രാവി’ൽ കുഞ്ചാക്കോ ബോബൻ ഉപയോഗിച്ച ആ ബൈക്ക് കണ്ടു പിടിച്ച് താരത്തിന്റെ മുന്നിലെത്തിച്ചത് ഫ്ളവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് ഷോയുടെ അണിയറപ്രവർത്തകരായിരുന്നു. കഴിഞ്ഞ തിരുവോണം നാളിൽ സംപ്രേഷണം ചെയ്ത ഓണം സ്‌പെഷ്യൽ എപ്പിസോഡിൽ കുഞ്ചാക്കോ ബോബൻ അതിഥിയായി എത്തിയപ്പോഴായിരുന്നു ഈ ഓർമ്മ പുതുക്കലിനു വേദി ഒരുങ്ങിയത്.
പിതാവായ ബോബൻ കുഞ്ചാക്കോ നിർമ്മിച്ച് ഫാസിൽ സംവിധാനം ചെയ്ത ‘ധന്യ’ (1981) എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച ചാക്കോച്ചന്റെ നായകനായുള്ള അരങ്ങേറ്റം 1997ൽ റിലീസ് ചെയ്ത ‘അനിയത്തിപ്രാവി’ലൂടെ ആയിരുന്നു. ഏറെ ഹിറ്റായ ചിത്രം നിരവധി ആരാധകരെയും ചാക്കോച്ചനു നേടികൊടുത്തു. പിന്നീട് ‘നിറം’, ‘കസ്തൂരിമാൻ’, ‘സ്വപ്നക്കൂട്’, ‘ദോസ്ത്’, ‘നക്ഷത്രത്താരാട്ട്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ചെറുപ്പക്കാരുടെ ശ്രദ്ധ കവർന്ന കുഞ്ചാക്കോ ബോബന് ആദ്യകാലത്ത് ഒരു ചോക്ക്ളേറ്റ് ഹീറോ പരിവേഷമായിരുന്നു. എന്നാൽ പിന്നീട് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ കുടുംബസദസ്സിന്റെ പ്രിയങ്കരനായ നായകനായി ചാക്കോച്ചൻ മാറുകയായിരുന്നു.