സഹപ്രവർത്തകർ മാത്രമല്ല, ജീവിതത്തിൽ വളരെ അടുത്ത സുഹൃത്തുക്കളാണ് അഭിനേതാക്കളായ കുഞ്ചാക്കോബോബനും രമേഷ് പിഷാരടിയും മഞ്ജു വാര്യരും. സിനിമ തിരക്കുകളിൽ നിന്നും അകന്ന് ഒന്നിച്ച് യാത്ര പോവാനും ഒത്തുകൂടാനുമെല്ലാം ഇവർ സമയം കണ്ടെത്താറുണ്ട്.
ചാക്കോച്ചന്റെ അമ്മയുടെ ജന്മദിനം ആഘോഷിക്കാൻ ഒന്നിച്ചുകൂടിയ ഈ ചങ്ങാതിമാരുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. രമേഷ് പിഷാരടിയ്ക്ക് ഒപ്പം ഭാര്യ സൗമ്യയും എത്തിയിരുന്നു. ചാക്കോച്ചൻ തന്നെയാണ് പിറന്നാൾ ആഘോഷ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്.
“സ്നേഹം കൊണ്ട് മാത്രം ആശ്ചര്യപ്പെടുന്ന ബർത്ത്ഡേ ഗേൾ, ജന്മദിനാശംസകൾ അമ്മാഞ്ചി,” ചിത്രങ്ങൾ പങ്കുവച്ച് ചാക്കോച്ചൻ കുറിച്ചു.
പിതാവായ ബോബൻ കുഞ്ചാക്കോ നിർമ്മിച്ച് ഫാസിൽ സംവിധാനം ചെയ്ത ‘ധന്യ’ (1981) എന്ന ചിത്രത്തിൽ ബാലതാരമായി കൊണ്ടാണ് ചാക്കോച്ചൻ അഭിനയം ആരംഭിച്ചത്. പിന്നീട് ‘അനിയത്തിപ്രാവ്’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു.
‘നിറം’, ‘കസ്തൂരിമാൻ’, ‘സ്വപ്നക്കൂട്’, ‘ദോസ്ത്’, ‘നക്ഷത്രത്താരാട്ട്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ചെറുപ്പക്കാരുടെ ശ്രദ്ധ കവർന്ന കുഞ്ചാക്കോ ബോബൻ ആദ്യക്കാലത്ത് ഒരു ചോക്ക്ളേറ്റ് ഹീറോ പരിവേഷമായിരുന്നു. എന്നാൽ പിന്നീട് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ കുടുംബസദസ്സിന്റെ പ്രിയങ്കരനായ നായകനായി ചാക്കോച്ചൻ മാറുകയായിരുന്നു.