രണ്ടു ദശാബ്ദത്തിലേറെയായി മലയാളികളുടെ പ്രിയതാരമായി വിലസുകയാണ് ചാക്കോച്ചൻ എന്ന് നമ്മൾ സ്നേഹപൂർവം വിളിക്കുന്ന കുഞ്ചാക്കോ ബോബൻ. അദ്ദേഹത്തിന്റെ സിനിമാ വിശേഷങ്ങളും ജീവിത വിശേഷങ്ങളുമെല്ലാം ചാക്കോച്ചൻ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇക്കുറി തന്റെ പ്രിയപ്പെട്ട അമ്മയ്ക്ക് ജന്മദിനാശംസകൾ നേരുകയാണ് കുഞ്ചാക്കോ ബോബൻ.
“ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും കരുത്തരായ സ്ത്രീകളിൽ ഒരാൾക്ക്. ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷണങ്ങളെ അവർ ധീരമായി നേരിട്ടു. ഏറ്റവും ഭീകരമായ അവസ്ഥയിലും ഉറച്ച് നിന്നു. ഏറ്റവും ശ്രമകരമായ സാഹചര്യങ്ങളിലും തന്റെ മൂല്യങ്ങളും ഗുണങ്ങളും ഉയർത്തിപ്പിടിച്ചു. ആ ചിരിക്കുന്ന മുഖത്തിന് പിന്നിൽ അവർ എന്തെല്ലാം അവസ്ഥകളിലൂടെ കടന്നു പോയിട്ടുണ്ട് എന്ന് അധികമാർക്കും അറിയില്ല. ഞങ്ങളുടെ കുടുംബത്തിന്റെ നെടുംതൂണാണ്. ഞങ്ങളെയെല്ലാം എപ്പോഴും ബന്ധിപ്പിക്കുന്ന കണ്ണിയാണ്. എന്റെ ജീവിതത്തിൽ ഞാൻ അൽപ്പമെങ്കിലും നല്ലൊരു വ്യക്തിയാണെങ്കിൽ അതിന് ഈ സ്ത്രീയോടാണ് ഞാൻ നന്ദി പറയുന്നത്.
ജന്മദിനാശംസകൾ അമ്മാ. ഈ ദിവസം നാല് വർഷത്തിലൊരിക്കലേ വരൂ എന്നത്കൊണ്ട് അമ്മയ്ക്കിപ്പോൾ മധുരപ്പതിനാറാണ്. ഒരുപാട് സ്നേഹം, ഉമ്മകൾ. ഈ ലോകത്തിലെ ഏല്ലാ സന്തോഷങ്ങളും അനുഗ്രഹങ്ങളും അമ്മ അർഹിക്കുന്നു.”
മോളി എന്നാണ് ചാക്കോച്ചന്റെ അമ്മയുടെ പേര്. അമ്മയ്ക്ക പിറന്നാൾ ആശംസകളുമായി സെലിബ്രിറ്റികളടക്കം നിരവധി പേർ കമന്റുകളുമായി ചാക്കോച്ചന്റെ പോസ്റ്റിന് താഴെ എത്തിയിട്ടുണ്ട്. ചെറുപ്പത്തിൽ തന്നേയും സഹോദരിയേയും ചേർത്തുപിടിച്ചിരിക്കുന്ന അമ്മയുടേയും ഇപ്പോൾ തന്റെ കുഞ്ഞുമകൻ ഇസഹാക്കിനേയും സഹോദരിമാരുടെ മക്കളേയും കൂട്ടിപ്പിടിച്ചിരിക്കുന്ന അമ്മയുടേയും ചിത്രമാണ് ചാക്കോച്ചൻ പങ്കുവച്ചിരിക്കുന്നത്. അനു, മിനു എന്നിങ്ങനെ രണ്ട് സഹോദരിമാരാണ് ചാക്കോച്ചനുള്ളത്.
Read More: ‘ഉദയ’ വേണ്ടെന്ന് അപ്പനോട് ദേഷ്യപ്പെട്ട് പറഞ്ഞയാളാണ് ഞാൻ; കണ്ണുനിറഞ്ഞ് ചാക്കോച്ചൻ
മലയാള സിനിമാചരിത്രത്തിൽ മറക്കാനാവാത്ത പേരുകളിൽ ഒന്നാണ് ഉദയ. കേരളത്തിലെ ആദ്യ സിനിമാ സ്റ്റുഡിയോകളിൽ ഒന്നായ ഉദയയ്ക്ക് മലയാള സിനിമാ വ്യവസായത്തെ മദ്രാസിൽ നിന്നും കേരളത്തിലേക്കെത്തിച്ചതിൽ നിർണായകമായൊരു പങ്കുതന്നെയുണ്ട്. ഉദയ കുടുംബത്തിൽ നിന്നെത്തി മലയാളസിനിമയിൽ തന്റേതായൊരിടം കണ്ടെത്തിയ താരമാണ് കുഞ്ചാക്കോ ബോബൻ. അടുത്തിടെ ഉദയയെ ആദരിച്ച വേദിയിൽ ഏറെ വികാരാധീനനായാണ് ചാക്കോച്ചൻ സംസാരിച്ചത്.
“സിനിമയോട് ഒട്ടും താൽപ്പര്യമില്ലാതിരുന്ന, ദേഷ്യമുണ്ടായിരുന്ന ഒരാളാണ് ഞാൻ. ഉദയ എന്ന ബാനർ വേണ്ടെന്ന് അപ്പനോട് ദേഷ്യപ്പെട്ടു പറഞ്ഞ ഒരു ചെറുപ്പക്കാരൻ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ സിനിമയാണ് എനിക്കെല്ലാം. ഉദയയോട്, മുത്തശ്ശനോട്, അപ്പനോട് എല്ലാം നന്ദി പറയുകയാണ് ഞാനിപ്പോൾ,” ഇടറുന്ന ശബ്ദത്തിൽ ചാക്കോച്ചൻ പറഞ്ഞു.