മകളുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് നീരജ് മാധവ്. “ഞങ്ങളുടെ ലിറ്റിൽ ഫെയറിക്കു രണ്ടാം പിറന്നാൾ” എന്നാണ് ചിത്രത്തിനു താഴെ നീരജ് കുറിച്ചത്. അനവധി ആരാധകർ ചിത്രത്തിനു താഴെ ആശംസകളുമായി എത്തിയിട്ടുണ്ട്.
പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. താരങ്ങളായ കുഞ്ചാക്കോ ബോബൻ, ആന്റണി വർഗീസ് പെപ്പെ എന്നിവരും ആഘോഷത്തിനായെത്തി. ലൈറ്റു തെളിയുന്ന കൊമ്പ് വച്ചിരിക്കുന്ന താരങ്ങളുടെ ചിത്രം കൗതുകമുണർത്തുന്നതാണ്.
2021 ഫെബ്രുവരി 22 നായിരുന്നു നീരജ് മാധവിനും ഭാര്യ ദീപ്തിക്കും പെൺകുഞ്ഞ് പിറന്നത്. മകൾ ജനിച്ചശേഷം കുഞ്ഞിന്റെ മുഖം വ്യക്തമാകുന്ന ഫൊട്ടോകളൊന്നും നീരജ് പോസ്റ്റ് ചെയ്തിരുന്നില്ല. ഒന്നാം പിറന്നാളിനാണ് മകളുടെ മുഖം ആദ്യമായി ആരാധകരെ കാണിച്ചത്.
നിലാങ്ക നീരജ് എന്നാണ് നീരജിന്റെ മകളുടെ പേര്. ’22-2-2022 നിലാങ്കയുടെ മുഖം ആദ്യമായി കാണിക്കുന്നു’ എന്നാണ് നീരജ് ഫൊട്ടോയ്‌ക്കൊപ്പം കുറിച്ചത്.
‘സുന്ദരി ഗാർഡൻസ്’ എന്ന ചിത്രമാണ് നീരജിന്റേതായി അവസാനം റിലീസിനെത്തിയത്. 2013ല്‍ പുറത്തിറങ്ങിയ ‘ബഡ്ഡി’ എന്ന ചിത്രത്തിലൂടെയാണ് നീരജ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പീന്നീട് ദൃശ്യത്തിലെ മോനിച്ചന്‍ ആണ് നീരജിനെ ശ്രദ്ധേയനാക്കിയത്. 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്ക്കര, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങി നിരവധി ചിത്രങ്ങളില്‍ നീരജ് വേഷമിട്ടു. ‘പൈപ്പിന്‍ ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിലൂടെ നായകനായി. ‘ലവകുശ’ എന്ന ചിത്രത്തിന്റെ തിരക്കഥ നീരജിന്റേതായിരുന്നു. ബോളിവുഡ് വെബ്‌സീരീസായ ‘ദി ഫാമിലി മാൻ’ നീരജിന് കൂടുതൽ ആരാധകരെ നേടിക്കൊടുത്തു.