ടേക്ക് ഓഫ് എന്ന ചിത്രം കുഞ്ചാക്കോ ബോബന് നടനെന്ന നിലയിൽ അഭിമാനിക്കാവുന്ന മറ്റൊരു ചിത്രം കൂടിയാണ് സമ്മാനിക്കുന്നത്. രണ്ടര വർഷങ്ങൾക്ക് മുൻപ് ഇറാഖിൽ ഭീകരതയുടെ നിഴലിൽ ദിവസങ്ങളോളം കഴിഞ്ഞ മലയാളി നഴ്‌സുമാരുടെ ജീവിതം പറയുന്ന ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മലയാളികളുടെ സ്വന്തം ചാക്കോച്ചൻ. ടേക്ക് ഓഫ് വിശേഷങ്ങളുമായി ചാക്കോച്ചൻ…

ആദ്യമായി നഴ്‌സാകുന്നു

ടേക്ക് ഓഫിൽ മൂന്ന് നായകന്മാരാണുളളത്. ഞാനും ഫഹദും ആസിഫും. ഞങ്ങൾ മൂന്ന് പേരും ഇതുവരെ ചെയ്യാത്ത കഥാപാത്രങ്ങളാണ് ഇതിൽ ചെയ്‌തിരിക്കുന്നത്. ഞാൻ ആദ്യമായിട്ടാണ് ഒരു മെയിൽ നഴ്‌സ് ആയി അഭിനയിക്കുന്നത്. ഫഹദ് ഇന്ത്യൻ അംബാസിഡർ ആകുമ്പോൾ ആസിഫ് ഇതുവരെ ചെയ്‌തതിൽ വച്ച് വളരെ വ്യത്യസ്‌തമായ ഒരു കഥാപാത്രമായാണ് എത്തുന്നത്. സിനിമ കാണുമ്പോൾ അത് നിങ്ങൾക്ക് മനസ്സിലാകും.

പണ്ടെല്ലാം നഴ്‌സ് എന്നു പറയുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് ഒരു സ്ത്രീയുടെ രൂപമാണ്. പക്ഷേ ഇന്ന് കാര്യങ്ങൾ മാറിയപ്പോൾ മെയിൽ നഴ്‍‌സുമാർ ഒരുപാട് പേരുണ്ട്. പലരും എന്നോട് ചോദിച്ചു. ഒരു മെയിൽ നഴ്‌സിന്റെ കഥാപാത്രം ചെയ്യുമ്പോൾ യുവാക്കൾക്ക് എങ്ങനെ അത് റിലേറ്റ് ചെയ്യാൻ കഴിയുമെന്ന്. പക്ഷേ ഇന്ന് നഴ്‌സുമാരിൽ ഭൂരിഭാഗം പേരും ചെറുപ്പക്കാരാണ്. അതുകൊണ്ട് ഏറ്റവും കൂടുതൽ ഇത് മനസ്സിലാക്കാൻ കഴിയുന്ന ഒരു വലിയ വിഭാഗമാണ് നഴ്‌സുമാർ.

ചിത്രം: ആഷിഖ് റഫീക്ക്

ഇന്ന് മിക്ക വീട്ടിലും ഒരു നഴ്‌സെങ്കിലും ഉണ്ടാകും. കേരളത്തിലെ വലിയൊരു വിഭാഗത്തിന്റെ കഥയാണ് ആ അർഥത്തിൽ ചിത്രം പറയുന്നത്. അതുകൊണ്ട് ഈ സിനിമയ്‌ക്ക് അത്രത്തോളം പ്രസക്‌തിയുണ്ട്. കേരളത്തിന്റെ സന്പദ്‌ഘടനയെ പിടിച്ചു നിർത്തുന്ന വലിയൊരു വിഭാഗമാണ് അവർ. അവരെ ആശ്രയിച്ച് ജീവിക്കുന്ന വലിയൊരു സമൂഹമുണ്ട്. അതെല്ലാം ഈ സിനിമ ചർച്ച ചെയ്യുന്നുണ്ട്.

യഥാർഥ കഥ സ്‌ക്രീനിലേക്ക്

2014ൽ നടന്ന ഒരു രക്ഷാ പ്രവർത്തനത്തിന്റെ കഥാ പശ്ചാത്തലത്തിലാണ് ടേക്ക് ഓഫ് കഥ പറയുന്നത്. നമുക്ക് പരിചിതമായിട്ടുളള കാര്യമാണ്. എല്ലാ അർഥത്തിലും ചിത്രം യഥാർഥ ജീവിതവുമായി വളരെയേറെ ബന്ധപ്പെടുത്താൻ കഴിയുന്ന ഒന്നാണ്. യഥാർഥ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന ഒന്നാണ് ഈ ചിത്രം.

Read More: സിനിമയെ ആരും ജെൻഡർ വച്ച് കാണരുത്: പാർവതി

എല്ലാ അർഥത്തിലും ഒരു യഥാർഥ സംഭവത്തെ കാണിക്കുന്നതും നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളും അതിന് പുറകിലുളള ജീവിതത്തെ ആസ്‌പദമാക്കിയാണെങ്കിലും നമുക്കെല്ലാവർക്കും മനസ്സിലാകുന്ന ഒന്നാണ് ടേക്ക് ഓഫിന്റെ പ്രമേയം. നഴ്‌സുമാരുടെ കഥ എന്ന രീതിയിൽ ഒതുക്കി നിർത്താതെ കേരളത്തിലെ വലിയ ഒരു ജനതയുടെ കൂടി കഥയാണിത്. ഈ ചിത്രം ഒരു ത്രില്ലർ കൂടിയാണ്.

നഴ്‌സുമാരുടെ എല്ലാവരുടെയും പ്രതിനിധിയെന്ന നിലയിൽ പാർവതിയുടെ കഥാപാത്രത്തെ നമുക്ക് കാണാൻ കഴിയും. ജീവിതത്തിലുളള ഒരു യഥാർഥ കഥാപാത്രമായി ഫഹദ് എത്തുന്നു. എന്റെ കഥാപാത്രം കഥാഗതിയെ പലപ്പോഴും സിനിമാറ്റിക് ആക്കാനും അതേസമയം അങ്ങനെ തോന്നാത്ത തരത്തിലുളളതാണ്.

ചിത്രം: ആഷിഖ് റഫീക്ക്

പാർവതിയുടെ ഭർത്താവ് ഷഹീദായാണ് ഞാൻ ചിത്രത്തിലെത്തുന്നത്. ജോലി തേടി ഞങ്ങൾ ഇറാഖിലേക്ക് പോകുന്നതും അതിനു ശേഷമുളള സംഭവ വികാസങ്ങളുമാണ് ചിത്രത്തിൽ. കഥാപാത്രത്തിനായി ഞാൻ പ്രത്യേകം തയാറെടുപ്പുകൾ ഒന്നും നടത്തിയിരുന്നില്ല. ചിത്രത്തിനായി സംവിധായകൻ മഹേഷ് നാരായണനും തിരക്കഥാകൃത്ത് പി.വി.ഷാജികുമാറും ഒരുപാട് ഹോംവർക്ക് ചെയ്‌തിട്ടുണ്ട്. അതുകൊണ്ട് എനിക്ക് ജോലി വളരെ എളുപ്പമായിരുന്നു. അവർ പറയുന്നത് അതുപോലെ ചെയ്‌താൽ മതിയായിരുന്നു.

കഥ നോക്കിയാണ് സിനിമ ചെയ്യുന്നത്

സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം കൂടുതലുളള ചിത്രങ്ങൾ ഈയിടെ ഏറ്റെടുത്തത് റിസ്‌ക് നോക്കിയല്ല. അതെല്ലാം നല്ല കഥകളായിരുന്നു എന്നതുകൊണ്ടാണ് അതെല്ലാം ചെയ്യാൻ തീരുമാനിച്ചത്. സത്യത്തിൽ അതുകൊണ്ടുതന്നെ ആ ചിത്രങ്ങൾ റിസ്‌ക് വളരെ കുറവാണ്. നല്ല സിനിമയുടെ ഭാഗമാവുക എന്നതാണ് ഞാൻ ഇഷ്‌ടപ്പെടുന്ന കാര്യം.

അതിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം ഉണ്ടെങ്കിൽ അതിൽ നല്ലൊരു സന്ദേശം കൊടുക്കുന്നുണ്ടെങ്കിൽ അതാണ് ഇന്നത്തെ ലോകത്തിന്റെ ആവശ്യം. സ്ത്രീകളെ അംഗീകരിക്കുകയും ബഹുമാനിക്കുകയും അവരുടെ കഴിവുകൾക്ക് വേണ്ടത്ര വേദികൾ ഒരുക്കുകയുമാണ് ചെയ്യേണ്ടത്. അപ്പോൾ നമ്മുടെ ജോലിയും എളുപ്പമാകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ