മലയാളത്തിന്റെ എക്കാലത്തേയും റൊമാന്റിക് നായകനായ കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കുഞ്ഞു പിറന്ന വിവരം ഏറെ സന്തോഷത്തോടെയാണ് മലയാളികൾ കേട്ടത്. കുഞ്ഞിന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി ചാക്കോച്ചൻ പങ്കുവച്ചിരുന്നു. കുഞ്ഞിന്റെ മാമോദീസ ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ, മാമോദീസ ചടങ്ങിന്റെ വീഡിയോയും ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരം.
ചാക്കോച്ചന്റെ ഇസഹാക്കിനെ കാണാനും മാമോദിസ ചടങ്ങിന് ആശംസകൾ നേരാനും മലയാള സിനിമയിലെ പ്രമുഖ താരങ്ങളും എത്തിയിരുന്നു. മമ്മൂട്ടി, അനു സിതാര, പൂർണിമ, ഗീതു മോഹൻദാസ്, മിഥുൻ രമേഷ്, വിനു മോഹൻ, ഉണ്ണി മുകുന്ദൻ, വിജയ് യേശുദാസ്, ജോജു ജോർജ്, കാവ്യ മാധവന്, ദിലീപ്, മാർട്ടിൻ പ്രക്കാട്ട്, ടിനി ടോം, ചെമ്പൻ വിനോദ്, ലാൽ ജോസ് എന്നിവരും എത്തിയിരുന്നു. ജയസൂര്യയും ആസിഫ് അലിയും ടൊവിനോയും രമേഷ് പിഷാരടിയും ദുല്‍ഖര്‍ സല്‍മാനും കുടുംബസമേതമാണ് എത്തിയത്.
വൈകി വന്ന വസന്തത്തിന് ‘ഇസഹാഖ്’ എന്നാണ് സ്നേഹത്തോടെ ചാക്കോച്ചനും പ്രിയയും പേരു നല്‍കിയിരിക്കുന്നത്. ബൈബിളില്‍ അബ്രഹാമിനും ഭാര്യ സാറയ്ക്കും ഏറെ കാത്തിരുന്ന് ലഭിച്ച കുഞ്ഞാണ് ഇസഹാഖ്. പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജീവിതത്തിലേക്ക് വന്ന കണ്മണിയ്ക്കും അതേ പേരു തന്നെയാണ് ചാക്കോച്ചനും പ്രിയയും നൽകിയത്. ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ കുഞ്ഞിനു ചുറ്റും കറങ്ങുകയാണെന്നാണ് പ്രിയ പറയുന്നത്.
‘ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ മോനു ചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. കുഞ്ഞിനെ കെട്ടിപ്പിടിച്ചുറക്കുന്നു. എടുത്തു നടക്കുന്നു. ചിലപ്പോള്‍ കുഞ്ഞു കരഞ്ഞാല്‍ ഞാനറിയാറില്ല. പക്ഷേ, ചാക്കോച്ചന് ചാടിയെഴുന്നേല്ക്കും. കുഞ്ഞു വേണമെന്ന മോഹം പരാജയപ്പെടുമ്പോഴെല്ലാം സാരമില്ല, വിഷമിക്കേണ്ട നമ്മള് ഹാപ്പിയായി ഇരുന്നാല്‍ മതിയെന്ന് പറഞ്ഞുകൊണ്ടിരുന്ന ആളാണ്. പക്ഷേ ഇപ്പോള്‍ അവനോടുള്ള ഇഷ്ടം കാണുമ്പോള്‍ ദൈവമേ, ഇത്രയും മോഹം മനസ്സില്‍? ഒളിപ്പിച്ചിട്ടാണോ എന്നെ ആശ്വസിപ്പിച്ചതെന്ന് തിരിച്ചറിയുന്നുണ്ട്,” പ്രിയ പറയുന്നു. വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയയും ചാക്കോച്ചനും.
Read more: ചാക്കോച്ചന്റെ ലോകം ഇപ്പോൾ കുഞ്ഞിനു ചുറ്റും കറങ്ങുകയാണ്; പ്രിയ പറയുന്നു