നടനായ സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നായകൻ. വർണ്യത്തിൽ ആശങ്ക എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. അത് താൻ അല്ലയോ ഇത് എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. ഫെയ്‌സ്ബുക്ക് പേജിലൂടെ കുഞ്ചാക്കോ ബോബൻ തന്നെയാണ് സിദ്ധാർഥുമൊത്ത് പുതിയ സിനിമ ചെയ്യുന്ന കാര്യം അറിയിച്ചത്. ആഷി‌ക്ക് ഉസ്‌മാനാണ് വർണ്യത്തിൽ ആശങ്കയുടെ നിർമ്മാതാവ്. കുഞ്ചാക്കോ ബോബനും സിദ്ധാർഥും ആദ്യമായി ഒന്നിക്കുന്നുവെന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.

kunchacko boban, sidharth

കുഞ്ചാക്കോ ബോബൻ ഫെയ്‌സ്ബുക്കിൽ പങ്ക് വെച്ച ചിത്രം

കുഞ്ചാക്കോ ബോബൻ അഭിനയിച്ച ടേക്ക് ഓഫ് തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരവേയാണ് പുതിയ ചിത്രത്തെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്. രഞ്‌ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന രാമന്റെ ഏദൻതോട്ടമാണ് കുഞ്ചാക്കോ ബോബന്റെ മറ്റൊരു ചിത്രം.

നിദ്ര, ചന്ദ്രേട്ടൻ എവിടെയാ എന്നീ രണ്ട് ചിത്രങ്ങൾക്ക് ശേഷം സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വർണ്യത്തിൽ ആശങ്ക. നമ്മൾ എന്ന സിനിമയിലൂടെയാണ് സിദ്ധാർഥ് സിനിമയിലേക്കെത്തുന്നത്. നിരവധി നല്ല വേഷങ്ങളിലൂടെ ആരാധക മനസിലിടം നേടിയ സിദ്ധാർഥ് സംവിധായകനാകുന്നത് നിദ്രയിലൂടെയാണ്. 2012ലാണ് നിദ്രയിറങ്ങുന്നത്. സിദ്ധാർഥ് ഭരതനെ കൂടാതെ ജിഷ്‌ണു, റിമ കല്ലിങ്കൽ എന്നിവരായിരുന്നു നിദ്രയിലഭിനയിച്ചത്. 2015ൽ ദിലീപിനെ നായകനാക്കി ഒരുക്കിയ ചന്ദ്രേട്ടൻ എവിടെയാ ആണ് രണ്ടാമത് സംവിധാനം ചെയ്‌ത ചിത്രം. ദിലീപ്, അനുശ്രീ, നമിത പ്രമോദ് എന്നിവർ മുഖ്യ വേഷത്തിലെത്തിയ ചന്ദ്രേട്ടൻ എവിടെയാ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ