/indian-express-malayalam/media/media_files/uploads/2020/01/kunchako-boban-2.jpg)
ഇന്ന് കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ചിത്രം കണ്ട് ആരാധകർ മാത്രമല്ല, താരങ്ങൾ പോലും അക്ഷരാർഥത്തിൽ ഞെട്ടി. തന്റെ പുതിയ ചിത്രത്തിന് വേണ്ടി മസിൽമാനായിരിക്കുകയാണ് ചാക്കോച്ചൻ. ഇതിന്റെ ചിത്രങ്ങൾ അദ്ദേഹം പങ്കുവച്ചിരിക്കുകയാണ്.
വടം വലിയുടെ ചിത്രങ്ങളാണ് ആദ്യം പങ്കുവച്ചിരിക്കുന്നത്. ഇത് ചുമ്മാ കളിയാണെന്ന് നങ്ങൾ കരുതുന്നുണ്ടെങ്കിൽ ബാക്കി ചിത്രങ്ങൾ കൂടി കാണൂ എന്ന് അദ്ദേഹം പറയുന്നു. ബാക്കി ചിത്രങ്ങൾ കണ്ട ആന്റണി വർഗീസ്, ടൊവിനോ, നീരജ് മാധവ് എന്നിവരെല്ലാം ശരിക്കും അത്ഭുതപ്പെട്ടെന്ന് കമന്റുകളിൽനിന്ന് മനസിലാക്കാം.
സൂപ്പർഹിറ്റ് ചിത്രം ‘ചാർലി’ക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് ഒരുക്കുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് ചാക്കോച്ചന്റെ ഈ ഗെറ്റപ്പ്. ചിത്രീകരണം കോലഞ്ചേരിയിൽ ആരംഭിച്ചു. കുഞ്ചാക്കോ ബോബനെ കൂടാതെ ജോജു ജോർജ്, നിമിഷ സജയൻ, യമ, അനിൽ നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ‘ജോസഫ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറാണ്. ഷൈജു ഖാലിദാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അൻവർ അലി എഴുതിയ വരികൾക്ക് സംഗീതം നിർവഹിക്കുന്നത് വിഷ്ണു വിജയാണ്. മഹേഷ് നാരായൺ എഡിറ്റിങ്ങും റോണി സേവ്യർ മേക്കപ്പും നിർവഹിക്കുന്നു. സമീറ സനീഷാണ് കോസ്റ്റ്യൂം ഒരുക്കുന്നത്.
Read More: കുഞ്ചാക്കോ ബോബൻ- മാർട്ടിൻ പ്രക്കാട്ട് ചിത്രത്തിന് തുടക്കമായി
സംവിധായകൻ രഞ്ജിത്, ശശികുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോൾഡ് കോയ്ൻ പിക്‌ചേഴ്സും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കോലഞ്ചേരി, അടിമാലി, മൂന്നാർ, വട്ടവട, കൊട്ടക്കാമ്പൂർ എന്നീ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. സിനിമയുടെ പേരും മറ്റു വിവരങ്ങളും വരും ദിവസങ്ങളിൽ പുറത്തുവിടും എന്നാണ് അറിയുവാൻ കഴിയുന്നത്.
‘ചാർലി’യ്ക്ക് ശേഷം അഞ്ചു വർഷം കഴിഞ്ഞാണ് മാർട്ടിൻ പുതിയ ചിത്രവുമായി എത്തുന്നത്. ദുൽഖറിനെ നായകനാക്കി മാർട്ടിൻ സംവിധാനം ചെയ്ത ‘ചാർലി’യ്ക്ക് സംസ്ഥാന സർക്കാറിന്റെ എട്ടു പുരസ്കാരങ്ങളാണ് ലഭിച്ചത്. മികച്ച നടൻ, മികച്ച നടി, മികച്ച സംവിധായകൻ, മികച്ച ഛായാഗ്രാഹകൻ എന്നീ പുരസ്കാരങ്ങൾ ‘ചാർലി’ സ്വന്തമാക്കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.