പതിനാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്മണിയെ ചുറ്റിപ്പറ്റിയാണ് കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ജീവിതമിപ്പോൾ. മകന് ഇസഹാക്ക് കുഞ്ചാക്കോയുമായി പങ്കിടുന്ന കൊച്ചു കൊച്ചു നിമിഷങ്ങളാണ് ചാക്കോച്ചന്റെ ഏറ്റവും വലിയ സന്തോഷങ്ങള്‍. ഇസയുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും ചാക്കോച്ചൻ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇക്കുറി അസ്തമയം കാണുന്ന ഇസയുടെ ചിത്രമാണ് ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. “അസ്തമയ സൂര്യനും ഒരു തിളക്കമുണ്ട്. അടുത്ത ദിവസം ഉയർത്തെഴുന്നേൽക്കാനുള്ള ഊർജം. അത് മികച്ചതായിരിക്കുമെന്ന പ്രതീക്ഷ,” എന്നാണ് ചാക്കോച്ചൻ ചിത്രത്തോടൊപ്പം കുറിച്ചത്.
ചിത്രത്തിന് താഴെ ഗീതു മോഹൻദാസും മുഹ്സിൻ പരാരിയുമെല്ലാം കമന്റ് ചെയിതിട്ടുണ്ട്. ഇസഹാക്കിനെ എന്റെ സുന്ദരാ എന്നാണ് ഗീതു വിളിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം ചാക്കോച്ചൻ നായകനായ അഞ്ചാം പാതിര എന്ന ചിത്രം കാണാനെത്തിയ ഇസഹാക്കിന്റെ ഫോട്ടോയും എല്ലാവരുടേയും ഹൃദയം കവർന്നിരുന്നു. തിയേറ്ററിലെ സീറ്റിൽ ചിരിച്ചു കൊണ്ടിരിക്കുന്ന ഇസഹാക്കിനെയാണ് ചിത്രത്തിൽ കണ്ടത്. ഇസയുടെ ആദ്യ തിയേറ്റർ അനുഭവം കൂടിയായിരുന്നു അത്.
Read More: അപ്പയുടെ ‘അഞ്ചാം പാതിര’ കാണാൻ ഇസഹാക്ക് എത്തിയപ്പോൾ; ആദ്യ തിയറ്റർ അനുഭവവുമായി ചാക്കോച്ചന്റെ മകൻ
ഏപ്രിൽ 17 നാണ് താൻ അച്ഛനായ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ കുഞ്ചാക്കോ ബോബൻ പങ്കുവച്ചത്. 42 വയസുകാരനായ കുഞ്ചാക്കോ ബോബന് 2005 ലാണ് പ്രിയ സാമുവേലിനെ വിവാഹം ചെയ്യുന്നത്. ചാക്കോച്ചന്റെ ജീവിതം ഇപ്പോൾ കുഞ്ഞിനെ ചുറ്റിപ്പറ്റിയാണ് എന്ന് നേരത്തേ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രിയ പറഞ്ഞിരുന്നു.
‘ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ മോനു ചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. കുഞ്ഞിനെ കെട്ടിപ്പിടിച്ചുറക്കുന്നു. എടുത്തു നടക്കുന്നു. ചിലപ്പോള്‍ കുഞ്ഞു കരഞ്ഞാല്‍ ഞാനറിയാറില്ല. പക്ഷേ, ചാക്കോച്ചന് ചാടിയെഴുന്നേല്ക്കും. കുഞ്ഞു വേണമെന്ന മോഹം പരാജയപ്പെടുമ്പോഴെല്ലാം സാരമില്ല, വിഷമിക്കേണ്ട നമ്മള് ഹാപ്പിയായി ഇരുന്നാല്‍ മതിയെന്ന് പറഞ്ഞുകൊണ്ടിരുന്ന ആളാണ്. പക്ഷേ ഇപ്പോള്‍ അവനോടുള്ള ഇഷ്ടം കാണുമ്പോള്‍ ദൈവമേ, ഇത്രയും മോഹം മനസില്‍? ഒളിപ്പിച്ചിട്ടാണോ എന്നെ ആശ്വസിപ്പിച്ചതെന്ന് തിരിച്ചറിയുന്നുണ്ട്,” മകനുമായുള്ള ചാക്കോച്ചന്റെ അടുപ്പത്തെ കുറിച്ച് പ്രിയയുടെ വാക്കുകൾ. വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയയും ചാക്കോച്ചനും.