കുഞ്ചാക്കോ ബോബന് കുഞ്ഞു പിറന്നു എന്ന വാർത്തയറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ സുഹൃത്തുക്കളേയും ബന്ധുക്കളേയും പോലെ തന്നെ സന്തോഷിച്ചവരാണ് മലയാളികളെല്ലാം. ഇസ എന്ന ഇസഹാക്കിന്റെ കൊച്ചു കൊച്ചു വിശേഷങ്ങൾ ചാക്കോച്ചൻ പങ്കുവയ്ക്കുമ്പോൾ കാണുന്നവരുടെ ഉള്ളിലും അവനോട് സ്നേഹം നിറഞ്ഞു. ഏപ്രിൽ 16ന് ചാക്കോച്ചന്റേയും പ്രിയയുടേയും കൊച്ചു മിടുക്കന് ഒന്നാം പിറന്നാൾ ആയിരുന്നു. പിറന്നാൾ കേക്കിനടുത്തിരുന്ന് ചിരിക്കുന്ന ഇസയുടെ ചിത്രം ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
ഇത് വെറുമൊരു പിറന്നാൾ കേക്കല്ല. അതിലൊരു സന്ദേശമുണ്ട്. ഇന്നത്തെ ഈ അവസ്ഥയെ മറികടന്ന് നമ്മളെല്ലാവരും സ്നേഹത്തോടെയും ഐക്യത്തോടെയും വിശ്വാസത്തോടെയും പ്രതീക്ഷയോടെയും ജീവിക്കുന്ന ഒരു നല്ല പുലരിയെ ഓർമ്മിപ്പിക്കുന്നതാണ് കേക്കിന്റെ ഡിസൈൻ.
ചാക്കോച്ചന്റെ ഇസുവിന് പിറന്നാൾ ആശംസകളുമായി നിരവധി താരങ്ങളാണ് രംഗത്ത് വന്നത്. നടി ഉണ്ണിമായയും ഇസുവിന് പിറന്നാൾ ആശംസകൾ നേർന്നിരുന്നു. ഉണ്ണിമായ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രവും കുറിപ്പും ഏറെ രസകരമാണ്. “എന്റെ ബട്ടർ ബൺ ബോയ്ഫ്രണ്ടിന് ഒരു വയസാവുന്നു. എന്റെ ബട്ടർ ബൺ ബോയ്ഫ്രണ്ടിന് ഒരു വയസാവുന്നു. എന്റെ പൊന്നുബേബി ഇസകുട്ടന് പിറന്നാൾ ആശംസകൾ. നിന്റെ അപ്പനും അമ്മയും പല തന്ത്രങ്ങളും ഇറക്കും, വീഴാതെ തിരിച്ചടിക്കണം! ഡാഡിബോയ് ചാക്കോച്ചനും മമ്മിഗേൾ പ്രിയകൊച്ചിനും ആശംസകൾ,” ,” ഉണ്ണിമായ പറയുന്നു.
പ്രിയയും മകന്റെ ചിത്രം പ്രിയ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചു. ഒരു ടോയ് കാറിൽ താടിക്ക് കൈയും കൊടുത്ത് ചിരിച്ചിരിക്കുന്ന മിടുക്കൻ ഇസു. നിരവധി പേരാണ് ചിത്രത്തിന് താഴെ ഇസുവിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. നടിയും ടെലിവിഷൻ അവതാരകയുമായ പേളി മാണിയും ഇസുവിന് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്.