മലയാളത്തിന്റെ പ്രിയനടൻ കുഞ്ചാക്കോ ബോബന്റെയും ഭാര്യ പ്രിയയുടെയും വീട്ടിലെ താരം ഇപ്പോൾ കുഞ്ഞ് ഇസഹാഖ് ആണ്. പതിനാലു വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ജീവിതത്തിലേക്ക് വന്ന ഇസഹാക്കിനെ ചുറ്റിപ്പറ്റിയാണ് ചാക്കോച്ചന്റെയും പ്രിയയുടെയും ലോകം. മുയൽക്കുഞ്ഞുങ്ങൾക്ക് തീറ്റകൊടുക്കുന്ന കുഞ്ഞ് ഇസഹാഖിന്റെ ചിത്രമാണ് ചാക്കോച്ചൻ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ഒരിടത്തൊരു മുയൽമാൻ എന്നാണ് ചാക്കോച്ചൻ കുറിക്കുന്നത്.

ഒരിടത്തൊരു മുയൽമാൻ!!

Posted by Kunchacko Boban on Thursday, February 11, 2021

‘ക്യാപ്ഷൻ കണ്ടപ്പോൾ രമേശ് പിഷാരടിയുടെ പോസ്റ്റ് ആണെന്ന് കരുതി’, ‘ചാക്കോച്ചന്റെ അക്കൗണ്ട് പിഷാരടി ഹാക്ക് ചെയ്തോ’ എന്നിങ്ങനെ രസകരമായ കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

Read more: ക്യാപ്ഷൻ സിങ്കം പിഷാരടി വീണ്ടും; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടെന്ന മുന്നറിയിപ്പുമായി ആരാധകർ

അനിയത്തിപ്രാവ് (1997) എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയതാണ് കുഞ്ചാക്കോ ബോബന്‍. ആദ്യ സിനിമയിലൂടെ തന്നെ ഇന്‍ഡസ്ട്രി ഹിറ്റെന്ന റെക്കോര്‍ഡും ചാക്കോച്ചന്റെ പേരിലാണ്. അനിയത്തിപ്രാവ് റിലീസ് ചെയ്തിട്ട് 22 വര്‍ഷം പൂര്‍ത്തിയായത് മാര്‍ച്ച് 24നായിരുന്നു. ‘നിറം’, ‘കസ്തൂരിമാൻ’, ‘സ്വപ്നക്കൂട്’, ‘ദോസ്ത്’, ‘നക്ഷത്രത്താരാട്ട്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ചെറുപ്പക്കാരുടെ ശ്രദ്ധ കവർന്ന കുഞ്ചാക്കോ ബോബൻ ആദ്യക്കാലത്ത് ഒരു ചോക്ക്ളേറ്റ് ഹീറോ പരിവേഷമായിരുന്നു. പിന്നീട് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ കുടുംബസദസ്സിന്റെ പ്രിയങ്കരനായ നായകനായി ചാക്കോച്ചൻ മാറുകയായിരുന്നു.

ലോക്ക്ഡൗൺ കാലത്ത് മകനൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആയതിന്റെ സന്തോഷം പലപ്പോഴായി ആരാധകരുമായി പങ്കുവച്ച താരം മകന്റെ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ കുറിക്കാറുണ്ട്.

കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകൻ ഇസഹാക്കിന്റെ ഒന്നാം പിറന്നാൾ. ബൈബിളില്‍ അബ്രഹാമിനും ഭാര്യ സാറയ്ക്കും ഏറെ കാത്തിരുന്ന് ലഭിച്ച കുഞ്ഞിനെ എന്ന പോലെ വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം തങ്ങളുടെ ജീവിതത്തിലേക്ക് വന്ന ആ വസന്തത്തിനും ഇസഹാഖ് എന്ന പേരു നൽകുകയായിരുന്നു ചാക്കോച്ചനും പ്രിയയും.

ചാക്കോച്ചന്റെ ലോകം തന്നെ ഇന്ന് ഇസയ്ക്ക് ചുറ്റുമാണെന്ന് മുൻപൊരു അഭിമുഖത്തിൽ പ്രിയ പറഞ്ഞിരുന്നു, “ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ മോനു ചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. കുഞ്ഞിനെ കെട്ടിപ്പിടിച്ചുറക്കുന്നു. എടുത്തു നടക്കുന്നു. ചിലപ്പോള്‍ കുഞ്ഞു കരഞ്ഞാല്‍ ഞാനറിയാറില്ല. പക്ഷേ, ചാക്കോച്ചന്‍ ചാടിയെഴുന്നേല്‍ക്കും. കുഞ്ഞു വേണമെന്ന മോഹം പരാജയപ്പെടുമ്പോഴെല്ലാം സാരമില്ല, വിഷമിക്കേണ്ട നമ്മള്‍ ഹാപ്പിയായി ഇരുന്നാല്‍ മതിയെന്ന് പറഞ്ഞുകൊണ്ടിരുന്ന ആളാണ്. പക്ഷേ ഇപ്പോള്‍ അവനോടുള്ള ഇഷ്ടം കാണുമ്പോള്‍ ദൈവമേ, ഇത്രയും മോഹം മനസ്സില്‍? ഒളിപ്പിച്ചിട്ടാണോ എന്നെ ആശ്വസിപ്പിച്ചതെന്ന് തിരിച്ചറിയുന്നുണ്ട്.” വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയയും ചാക്കോച്ചനും.

Read more: ‘പണ്ടേ ഫയർ എൻജിൻ കാണാൻ ഓടിചെല്ലുമായിരുന്നു ഞാൻ’; ഇത് സ്വപ്നനിമിഷമെന്ന് ചാക്കോച്ചൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook