സിനിമയിലായാലും ജീവിതത്തിലായാലും ഹേറ്റേഴ്സ് ഇല്ലാത്ത താരമാണ് കുഞ്ചാക്കോ ബോബൻ. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ സന്തോഷങ്ങൾ ആരാധകരുടേയും സന്തോഷങ്ങളാണ്. വീട്ടുവിശേഷങ്ങളും സിനിമാ വിശേഷങ്ങളും മകൻ ഇസഹാക്കിന്റെ വിശേഷങ്ങളുമെല്ലാം ചാക്കോച്ചൻ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്.
Read More: സെക്രട്ടറിക്ക് എന്തും ആകാലോ; ‘അല്ലിയാമ്പൽ കടവിൽ’ പാടി ചാക്കോച്ചൻ
ഇക്കുറി തന്റെ പുതിയ അതിഥിയായ അപ്പുവിനെയാണ് ചാക്കോച്ചൻ പരിചയപ്പെടുത്തുന്നത്. അപ്പു ആരാണെന്നറിയേണ്ടേ? അതൊരു തത്തയാണ്. ചാര നിറത്തിലുള്ള തത്ത. അപ്പു ഒരു ഗുഡ് ബോയ് ആണെന്ന് പറയുമ്പോൾ തത്ത വന്ന് ചാക്കോച്ചന്റെ തോളിലിരിക്കുകയും ഉമ്മ ചോദിക്കുമ്പോൾ കൊടുക്കുകയും ചെയ്യുന്ന രണ്ട് വീഡിയോകളാണ് ചാക്കോച്ചൻ പങ്കുവച്ചിരിക്കുന്നത്.
അടുത്തിടെ, വർഷങ്ങൾക്കു മുൻപുള്ള കോളേജ് കാല ചിത്രങ്ങൾ ചാക്കോച്ചൻ പങ്കുവച്ചിരുന്നു. നടൻ മാത്രമല്ല, താൻ ഒരു ഗായകനായിരുന്നു എന്ന് വെളിപ്പെടുത്തുകയിരുന്നു താരം. ‘പഴയകാല ചിത്രങ്ങൾ ഒരിക്കൽകൂടി കുത്തിപൊക്കുന്നു’ എന്നു പറഞ്ഞാണ് കോളേജ് കാലഘട്ടത്തിലെ ഒരു ചിത്രം കുഞ്ചാക്കോ ബോബൻ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്.
ആലപ്പുഴ എസ്‌ഡി കോളേജ് വിദ്യാർഥിയായിരുന്ന സമയത്തെ ചിത്രമായിരുന്നു അത്. 1997 കാലം. ‘കൊമേഴ്‌സ് ഡേ’ ആഘോഷങ്ങളുടെ ഭാഗമായി സുഹൃത്തുക്കൾക്കൊപ്പം പാട്ടുപാടുകയാണ് ചാക്കോച്ചൻ. സോണി, വിനീത് എന്നീ സുഹൃത്തുക്കൾക്കൊപ്പമാണ് താൻ പാട്ടുപാടുന്നതെന്ന് താരം സോഷ്യൽമീഡിയയിൽ കുറിച്ചിരുന്നു.
കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ കുടുംബത്തോടൊപ്പം വീട്ടിൽ തന്നെയാണ് താരം. വീട്ടിൽ മകനൊപ്പമുള്ള ചിത്രങ്ങളും മകനെ കുറിച്ചുള്ള പോസ്റ്റുകളും താരം ഇടയ്‌ക്കിടെ പങ്കുവയ്‌ക്കാറുണ്ട്.