മലയാളത്തിന്റെ നിത്യഹരിത കാമുകൻ കുഞ്ചാക്കോ ബോബന്റെ 43ാം പിറന്നാളായിരുന്നു നവംബർ രണ്ടിന്. ചാക്കോച്ചനെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട പിറന്നാളുകളിൽ ഒന്നായിരുന്നു ഇത്. മകൻ ഇസഹാഖിന്റെ വരവിനു ശേഷമുള്ള ആദ്യ പിറന്നാൾ ചാക്കോച്ചനും പ്രിയയ്ക്കും ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. തന്റെ പിറന്നാൾ കേക്കിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഏവരുടേയും ഹൃദയത്തെ സ്പർശിക്കുന്നതാണ്.
കേക്കിന്റെ മുകളിലായി മകനെ വാരിപ്പുളർന്ന് നിൽക്കുന്ന ഒരച്ഛനെ കാണാം. താഴെ എഴുതിയിരിക്കുന്നു “എന്റെ പപ്പയ്ക്ക് ജന്മദിനാശംസകൾ,” എന്ന്. ആ വാക്കുകൾ ഉദ്ധരിച്ചാണ് ചാക്കോച്ചൻ തന്റെ കുറിപ്പ് ആരംഭിച്ചത്. ഈ വാക്കുകൾ കേൾക്കാൻ താൻ ഏറെ കാത്തിരുന്നിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഒപ്പം പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന എല്ലാവർക്കും സ്നേഹവും നന്ദിയും അറിയിക്കാനും താരം മറന്നില്ല.
സഹപ്രവർത്തകരും ആരാധകരും അടക്കം നിരവധിയേറെ പേരായിരുന്നു താരത്തിന് ജന്മദിന ആശംസകളുമായി രംഗത്തെത്തിയിരുന്നത്. കുഞ്ചാക്കോ ബോബന്റെ അടുത്ത സുഹൃത്തുക്കളായ രമേഷ് പിഷാരടി, ജോജു ജോർജ് എന്നിവരും സമൂഹമാധ്യമങ്ങളിലൂടെ താരത്തിന് ആശംസകൾ നേർന്നിട്ടുണ്ട്. നടി അനുസിതാരയും ചാക്കോച്ചന് പിറന്നാൾ ആശംസകൾ അറിയിച്ചിട്ടുണ്ട്.
താരത്തിന്റെ പിറന്നാൾ ആഘോഷമാക്കാൻ നിരവധി പരിപാടികൾ ആരാധകരുടെ വകയും ഉണ്ടായിരുന്നു. പിറന്നാളാഘോഷങ്ങളുടെ ഭാഗമായി ചാക്കോച്ചന്റെ കരിയറിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ നിറം റി റിലീസ് ചെയ്തിരുന്നു.
Read More: Happy Birthday Kunchacko Boban: ചാക്കോച്ചന് പിറന്നാൾ; ഗംഭീര ആഘോഷ പരിപാടികളുമായി ആരാധകർ
മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ക്യാമ്പസ് സിനിമകളിലൊന്നായിരുന്നു ‘നിറം’. ചിത്രത്തിന്റെ 20ാം വാർഷികവും കുഞ്ചാക്കോ ബോബന്റെ പിറന്നാളും ഒന്നിച്ചെത്തുന്ന സാഹചര്യത്തിലാണ് ‘നിറം’ റീ റിലീസ് ചെയ്തത്. ആലപ്പുഴ റെയ്ബാൻ സിനി ഹൗസിലാണ് ചിത്രം പ്രദർശിപ്പിച്ചത്. ക്യാൻസർ രോഗികളെ സഹായിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ചിത്രത്തിന്റെ റി റീലിസ്.
അനിയത്തിപ്രാവ് (1997) എന്ന ഫാസില്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയതാണ് കുഞ്ചാക്കോ ബോബന്. ആദ്യ സിനിമയിലൂടെ തന്നെ ഇന്‍ഡസ്ട്രി ഹിറ്റെന്ന റെക്കോര്‍ഡും ചാക്കോച്ചന്റെ പേരിലാണ്. അനിയത്തിപ്രാവ് റിലീസ് ചെയ്തിട്ട് 22 വര്‍ഷം പൂര്‍ത്തിയായത് മാര്‍ച്ച് 24നായിരുന്നു. ‘നിറം’, ‘കസ്തൂരിമാൻ’, ‘സ്വപ്നക്കൂട്’, ‘ദോസ്ത്’, ‘നക്ഷത്രത്താരാട്ട്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ചെറുപ്പക്കാരുടെ ശ്രദ്ധ കവർന്ന കുഞ്ചാക്കോ ബോബൻ ആദ്യക്കാലത്ത് ഒരു ചോക്ക്ളേറ്റ് ഹീറോ പരിവേഷമായിരുന്നു. പിന്നീട് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ കുടുംബസദസ്സിന്റെ പ്രിയങ്കരനായ നായകനായി ചാക്കോച്ചൻ മാറുകയായിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook