മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകൻ ഇസഹാഖ് ചാക്കോച്ചന്റെ ആരാധകർക്കും പ്രിയങ്കരനാണ്. മകൻ ഇസഹാഖിന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോയുമെല്ലാം ഇടയ്ക്ക് ചാക്കോച്ചൻ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ട്.
മകനൊപ്പമുള്ള രസകരമായ വീഡിയോയാണിപ്പോൾ താരം പങ്കുവച്ചിരിക്കുന്നത്. മാർവൽ കഥാപാത്രങ്ങളായ താനോസ്, സ്പൈഡർമാൻ എന്നിവരുടെ മുഖമൂടി അണിഞ്ഞിരിക്കുകയാണ് ഇരുവരും. ചാക്കോച്ചൻ അതിനിടയിൽ കാപ്പി കുടിക്കാൻ പോകുന്നു. മുഖംമൂടി വച്ച് എങ്ങനെ കാപ്പി കുടിക്കുമെന്ന് ചോദിച്ചപ്പോൾ മകൻ പറയുകയാണ് അതു മാറ്റിയ ശേഷം കുടിച്ചോള്ളൂയെന്ന്. അതിനു ശേഷം താരം മകനോട് നന്ദിയും പറയുന്നുണ്ട്. ഒരു ചിരിയോടെ മാത്രം കണ്ടു തീർക്കാനാകുന്ന ഈ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. താനോസിനെ കാപ്പി കുടിക്കാൻ സഹായിക്കുന്ന സ്പൈഡർമാൻ എന്നാണ് വീഡിയോയ്ക്ക് താഴെ ആരാധകർ കുറിച്ചത്.
പതിനാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് വന്ന കൺമണിയാണ് ഇസഹാഖ്. മകന്‍ ജനിച്ച നിമിഷം മുതലുള്ള ഓരോ കൊച്ചുകൊച്ചു വിശേഷങ്ങളും ചാക്കോച്ചൻ സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.
“ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ മോനു ചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. കുഞ്ഞിനെ കെട്ടിപ്പിടിച്ചുറക്കുന്നു. എടുത്തു നടക്കുന്നു. ചിലപ്പോള്‍ കുഞ്ഞു കരഞ്ഞാല്‍ ഞാനറിയാറില്ല. പക്ഷേ, ചാക്കോച്ചന്‍ ചാടിയെഴുന്നേല്‍ക്കും. കുഞ്ഞു വേണമെന്ന മോഹം പരാജയപ്പെടുമ്പോഴെല്ലാം സാരമില്ല, വിഷമിക്കേണ്ട നമ്മള്‍ ഹാപ്പിയായി ഇരുന്നാല്‍ മതിയെന്ന് പറഞ്ഞുകൊണ്ടിരുന്ന ആളാണ്. പക്ഷേ ഇപ്പോള്‍ അവനോടുള്ള ഇഷ്ടം കാണുമ്പോള്‍ ദൈവമേ, ഇത്രയും മോഹം മനസ്സില്‍, ഒളിപ്പിച്ചിട്ടാണോ എന്നെ ആശ്വസിപ്പിച്ചതെന്ന് തിരിച്ചറിയുന്നുണ്ട്,” ഇസഹാഖുമായി ചാക്കോച്ചനുള്ള ആത്മബന്ധത്തെ കുറിച്ച് പ്രിയ പറയുന്നതിങ്ങനെ.