മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നായകന്മാരിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ എന്ന ചാക്കോച്ചൻ. ‘അനിയത്തിപ്രാവി’ലൂടെ വന്ന് മലയാളികളുടെ ഇഷ്ടം കവരുകയും ഏറെനാൾ ക്യാമ്പസുകളുടെ ചോക്ക്‌ളേറ്റ് ഹീറോയായിരിക്കുകയും ചെയ്ത താരം. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളസിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാനും ചാക്കോച്ചന് കഴിഞ്ഞിട്ടുണ്ട്. ചാക്കോച്ചൻ മാത്രമല്ല, പ്രിയയും മകൻ ഇസഹാക്കുമൊക്കെ മലയാളികളുടെ ഹൃദയത്തോട് ഏറെ അടുത്തുനിൽക്കുന്നവരാണ്. 2005 ലാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരാവുന്നത്.
ഷൂട്ടിങ്ങ് തിരക്കുകളില്ലാത്ത സമയങ്ങൾ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന താരമാണ് ചാക്കോച്ചൻ. മകനും ഭാര്യയ്ക്കുമൊപ്പമുള്ള രസകരമായ വീഡിയോയും താരം ഇടയ്‌ക്ക് പങ്കുവയ്ക്കാറുണ്ട്. കുടുംബത്തിലെ എല്ലാ അംഗങ്ങളുമായി തീർത്ഥ യാത്രയിലാണിപ്പോൾ ചാക്കോച്ചൻ. വേളാങ്കണിയിലേക്കാണ് കുടുംബസമേതം താരം പോയത്.യാത്രാ മധ്യേയുള്ള ചിത്രങ്ങൾ ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
വേളാങ്കണിയിലായിരിക്കെ കുടുംബത്തിനൊപ്പം ഒരു ഓട്ടൊറിക്ഷ മത്സരം നടത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം. ചാക്കോച്ചനും, ഭാര്യ പ്രിയയും മകൻ ഇസുവിനും എതിരായി മത്സരിച്ചത് താരത്തിന്റെ സഹോദരങ്ങളാണ്. രണ്ടു ഓട്ടോയിൽ വന്നിറങ്ങുകയാണ് കുടുംബം. ശേഷം എല്ലാവരും പൊട്ടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. “ജീവിതത്തിലെ പല ചെറിയ കാര്യങ്ങളുമായിരിക്കും കൂടുതൽ സന്തോഷം കൊണ്ടുവരുക” വീഡിയോയ്ക്ക് താഴെ ചാക്കോച്ചൻ കുറിച്ചു.
കുഞ്ചാക്കോ ബോബൻ എന്ന നടനെ സംബന്ധിച്ച് ഏറ്റവും മികച്ച വർഷമാണ് കടന്നു പോയത്. ന്നാ താൻ കേസ് കൊട്, അറിയിപ്പ്,പട ,ഒറ്റ് തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രകടനമായിരുന്നു താരത്തിന്റേത്. ചാവേർ, 2018 എന്നിവയാണ് ചാക്കോച്ചന്റെ പുതിയ ചിത്രങ്ങൾ.