നടനും സംവിധായകനും അവതാരകനുമായ രമേഷ് പിഷാരടിയുടെ 41-ാം പിറന്നാളാണ് ഇന്ന്. പ്രിയ കൂട്ടുകാരന്റെ പിറന്നാൾ ദിനത്തിൽ ആശംസ നേർന്നുകൊണ്ട് നടൻ കുഞ്ചാക്കോ ബോബൻ ഷെയർ ചെയ്ത ചിത്രമാണ് ഇപ്പോൾ ചിരിയുണർത്തുന്നത്. ഒരു ബാത്ത്ടബ്ബിൽ കയറി താടിയ്ക്ക് കയ്യും കൊടുത്തിരിക്കുന്ന ചാക്കോച്ചനെയും പിഷാരടിയേയുമാണ് ചിത്രത്തിൽ കാണാനാവുക.
“ഈ രസികൻ പടം പങ്കുവയ്ക്കാതിരിക്കാൻ ആവുന്നില്ല പ്രിയ പിഷൂ! ഞങ്ങളുടെ ജീവിതത്തിലെ ഹാപ്പി ഫേസ് ആയതിനു നന്ദി പ്രിയപ്പെട്ടവനേ… മികച്ച സുഹൃത്ത്, സപ്പോർട്ടർ, കുടുംബം, സഹനടൻ, ഞങ്ങളുടെ ജീവിതത്തെ ക്രേസിയാക്കുന്നു ക്രേസി മനുഷ്യൻ. ജന്മദിനാശംസകൾ പിഷു ബോയ്,” ചാക്കോച്ചൻ കുറിച്ചു.
കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിയ്ക്ക് ഒപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.
2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധർവ്വൻ’ ആണ് രമേഷ് പിഷാരടിയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം.