അമ്പത് കോടി ക്ലബ്ബിൽ ഇടം നേടിയ ചാക്കോച്ചന്റെ ‘ന്നാ താൻ കേസ് കൊട്’ വിജയകരമായി പ്രദർശനം തുടരുകയാണ്. തിയേറ്ററിൽ നേടിയ മികച്ച വിജയം ഒടിടിയിലും ആവർത്തിക്കുകയായിരുന്നു ചിത്രം. ‘ന്നാ താൻ കേസ് കൊട്’ അമ്പത് ദിവസം പിന്നിട്ടതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് ചാക്കോച്ചൻ ഷെയർ ചെയ്ത വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനമായ ‘ദേവദൂതര്‍ പാടി’യ്ക്ക് അനുസരിച്ച് ചുവടുവയ്ക്കുന്ന ചാക്കോച്ചനെയാണ് വീഡിയോയിൽ കാണാനാവുക. അപ്പനൊപ്പം ഇസഹാഖും ചുവടുവയ്ക്കുന്നു. ആദ്യം അപ്പനെ അനുകരിക്കാൻ ശ്രമിക്കുകയും പിന്നെ ഡാൻസ് ചെയ്യുന്ന ചാക്കോച്ചന്റെ കാലുകൾക്കിടയിലൂടെ നൂണ്ടുപോയി കുസൃതി ഒപ്പിക്കുകയും ചെയ്യുകയാണ് ഇസഹാഖ്.
ദേവദൂതറിന്റെ ഏറ്റവും ക്യൂട്ട് വേർഷനാണ് ഇപ്പോ കണ്ടത് എന്നാണ് ആരാധകർ വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്. ചെക്കൻ വെറൈറ്റിയാണല്ലോ, അതൊക്കെ പോട്ടെ, ഞാൻ കാണിക്കുന്ന ഐറ്റം അപ്പനു ചെയ്യാൻ പറ്റുമോ എന്നിങ്ങനെ പോവുന്നു ആരാധകരുടെ കമന്റുകൾ.
വളരെ വേറിട്ട ഗെറ്റപ്പിൽ ചാക്കോച്ചൻ പ്രത്യക്ഷപ്പെട്ടൊരു ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’. ചാക്കോച്ചന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായി ന്നാ താൻ കേസ് കൊടിലെ രാജീവനെ വിശേഷിപ്പിക്കാം. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ഈ ചിത്രം ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞ ഒരു സോഷ്യോ- പൊളിറ്റക്കൽ ഡ്രാമയാണ്.