മൂന്നു പുതിയ മലയാളം ചിത്രങ്ങൾക്കു കൂടി ഇന്ന് തുടക്കം കുറിച്ചിരിക്കുകയാണ്. മിഥുൻ മാനുവൽ- കുഞ്ചാക്കോ ബോബൻ ടീമിന്റെ പേരിടാത്ത ചിത്രം, ഷെയ്ൻ നിഗം നായകനാവുന്ന ‘ഖുർബാനി’, നാദിർഷായുടെ സഹോദരൻ സമദ് സുലൈമാൻ നായകനാവുന്ന ‘വർക്കി’തുടങ്ങിയ മൂന്നു ചിത്രങ്ങൾക്കാണ് ഇന്ന് തുടക്കം കുറിച്ചിരിക്കുന്നത്.

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിച്ച് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ കുഞ്ചാക്കോ ബോബനെ കൂടാതെ ശ്രീനാഥ് ഭാസി, ഷറഫുദ്ധീൻ, ജിനു ജോസഫ്‌, ഉണ്ണി മായ എന്നിവരാണ് മറ്റു അഭിനേതാക്കൾ. ഷൈജു ഖാലിദ് ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീതവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പൂജ, സ്വിച്ചോൺ കർമ്മം ഇന്ന് രാവിലെ ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തിൽ വച്ച് നടന്നു.

നാദിർഷായുടെ സഹോദരൻ സമദ് സുലൈമാനെ നായകനാക്കി ആദർശ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വർക്കി’. ചിത്രത്തിന്റെ പൂജ ഇന്ന് രാവിലെ 7 മണിക്ക് തൃശൂർ പാറമേക്കാവ് അമ്പലത്തിൽ വെച്ച് നടന്നു. പുതുമുഖം ദൃശ്യ ദിനേശാണ് നായിക. മേപ്പാടൻ ഫിലിംസിന്റെ ബാനറിൽ ബിജു മണികണ്ഠനാണ് ചിത്രം നിർമ്മിക്കുന്നത്.

‘വർക്കി’യുടെ അണിയറപ്രവർത്തകർക്ക് ആശംസകൾ നേർന്നുകൊണ്ട് നാദിർഷായും രംഗത്തു വന്നിരുന്നു.

ഷെയ്ന്‍ നിഗം നായകനാകുന്ന പുതിയ ചിത്രമാണ് ‘ഖുര്‍ബാനി’. ജിയോ വി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ഖുർബാനി’യും ഒരു പ്രണയചിത്രമാണെന്ന സൂചനകളാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തമാസം 15ന് ആരംഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. വര്‍ണ ചിത്രയുടെ ബാനറില്‍ മഹാ സുബൈര്‍ ആണ് ചിത്രം നിർമ്മിക്കുന്നത്. ദേവിക സഞ്ജയ്, ചാരുഹാസന്‍ എന്നിവരും ‘ഖുര്‍ബാനി’യില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. സുനോജ് വേലായുധന്‍ ഛായാഗ്രഹണവും ദിലീപ് എഡിറ്റിംഗും നിർവ്വഹിക്കും. ചിത്രത്തിന് ഇടപ്പള്ളി സെന്റ് ജോർജ് ചർച്ചിൽ നടന്ന ചടങ്ങിൽ ഇന്ന് ശുഭാരംഭം കുറിച്ചു.

ഷെയ്ൻ നിഗം നായകനാവുന്ന ‘ഖുർബാനി’യ്ക്ക് തുടക്കമായി

ദിലീപിന്റെ സഹോദരൻ അനൂപ് സംവിധായകനാവുന്ന ചിത്രത്തിനും ഇന്നലെ തുടക്കമായിരുന്നു. ചിത്രത്തിന്റെ പൂജ ഇന്നലെ കൊച്ചിയിലെ അഞ്ചുമന ക്ഷേത്രത്തിൽ വെച്ചു നടന്നു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്‌ഷന്‍സിന്റെ ബാനറാണ് ചിത്രം നിർമ്മിക്കുന്നത്. സന്തോഷ് ഏച്ചിക്കാനമാണ് തിരക്കഥ ഒരുക്കുന്നത്. ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകൻ ആണ് നായകൻ.

Read more: ദിലീപിന്റെ സഹോദരനും സംവിധാനരംഗത്തേക്ക്; പൂജാചടങ്ങിൽ തിളങ്ങി മീനാക്ഷി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook