മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ക്യാമ്പസ് സിനിമകളിലൊന്നായ നിറം വീണ്ടും തിയേറ്ററുകളിലേക്ക്. സൗഹൃദവും പ്രണയവും വിഷയമാക്കി കമൽ സംവിധാനം ചെയ്ത ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ശാലിനിയുമായിരുന്നു മുഖ്യവേഷങ്ങളിൽ. അക്കാലത്തെ ഏറ്റവും ഹിറ്റ് ജോഡികൾ കൂടിയായിരുന്നു ഇരുവരും.
ചിത്രത്തിന്റെ 20ാം വാർഷികവും കുഞ്ചാക്കോ ബോബന്റെ പിറന്നാളുമായ ഒക്ടോബർ 27നാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. രാവിലെ 7.30ന് ആലപ്പുഴ റെയ്ബാൻ സിനി ഹൗസിൽ ചിത്രം പ്രദർശിപ്പിക്കും. ക്യാൻസർ രോഗികളെ സഹായിക്കുന്നതിന്റെ ഭാഗമായിക്കൂടിയാണിത്. ഇക്കാര്യം കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയാണ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.
കമൽ സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ ഈ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നായിരുന്നു. ഇഖ്ബാൽ കുറ്റിപ്പുറത്തിന്റെ കഥയ്ക്ക് ശത്രുഘ്നനാണ് തിരക്കഥ രചിച്ചത്. വിദ്യാസാഗർ ഈണമിട്ട മനോഹരമായ ഗാനങ്ങൾ ചിത്രത്തിന്റെ മാറ്റുകൂട്ടി. ജയലക്ഷ്മി ഫിലിംസിന്റെ ബാനറിൽ കെ. രാധാകൃഷ്ണൻ നിർമിച്ച ഈ ചിത്രം സാഗരിഗ ഫിലിംസ് വിതരണം ചെയ്തിരിക്കുന്നു.
Read More: ചാക്കോച്ചന് ഇപ്പോഴും കത്തുകൾ കിട്ടാറുണ്ട്; കുട്ടി ആരാധികയ്ക്ക് മറുപടിയുമായി കുഞ്ചാക്കോ ബോബൻ
സമപ്രായക്കാരായ എബിയും സോനയും അയൽക്കാരും കുടുംബ സുഹൃത്തുകളുമാണ്. അവർ തമ്മിൽ സവിശേഷമായ പിരിയാനാവാത്ത ഒരു സുഹൃദ് ബന്ധം കുട്ടിക്കാലം മുതലേയുണ്ട് പക്ഷേ അതൊരിക്കലും പ്രണയത്തിന് വഴിമാറിയിരുന്നില്ല. കോളേജ് യൂത്ത് ഫെസ്റ്റിവലിന്റെ ഭാഗമായി ബാംഗ്ലൂരിൽ പോയ സോനയെ ജീവിതത്തിലാദ്യമായി അകന്നിരിക്കേണ്ടി വന്നപ്പോഴാണ് സുഹൃത് ബന്ധത്തിനുപരിയായി സോനയോട് തനിയ്ക്ക് പ്രണയമുണ്ടെന്ന് എബി മനസ്സിലാക്കിയത്. പക്ഷേ സോന തെറ്റിദ്ധരിച്ച് ഇപ്പോഴുള്ള സൗഹൃദം കൂടി നശിച്ചാലോ യെന്ന് പേടിച്ച് എബി അത് തുറന്നുപറയാൻ മടിക്കുന്നു.
കോളേജിലെ പാട്ടുകാരനായ പ്രകാശ് മാത്യു യുവജനോത്സവത്തിനിടയ്ക്ക് തന്നോട് പ്രണയാഭ്യർത്ഥന നടത്തിയ വാർത്തയും കൊണ്ടാണ് സോന തിരിച്ചുവന്നത്. വീണ്ടും ഒരു നല്ല സുഹൃത്ത് മാത്രമായിരിയ്ക്കാൻ തീരുമാനിച്ച് പ്രകാശ് മാത്യുവുമായുള്ള ബന്ധത്തെ എബി പിന്തുണയ്ക്കുന്നു. പ്രകാശ് മാത്യുമായുള്ള വിവാഹം ഉറപ്പിച്ചപ്പോഴാണ് ഒരുനാൾ തമ്മിൽ പിരിയേണ്ടിവരുമെന്ന് സോനയും ചിന്തിക്കുന്നത്. തന്റെ മനസ്സിൽ എബിയോടുള്ള പ്രണയം സോനയും മെല്ലെ തിരിച്ചറിയുകയാണ്.
കുഞ്ചാക്കോ ബോബനും ശാലിനിക്കും പുറമെ ജോമോൾ, ബോബൻ ആലുംമൂടൻ, ലാലു അലക്സ്, ദേവൻ, അംബിക, ബിന്ദു പണിക്കർ, കെപിഎസി ലളിത എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.