scorecardresearch

ഞാൻ വരാൻ വൈകിയപ്പോൾ എന്റെ ഗ്യാപ്പു നികത്തിയല്ലേ: ഉമ്മൻ ചാണ്ടിയെ ഓർത്ത് കോട്ടയം നസീർ

ഉമ്മൻ ചാണ്ടിയെ ഏറ്റവും കൃത്യതയോടെ വേദികളിൽ അനുകരിച്ച കലാകാരനാണ് കോട്ടയം നസീർ

ഉമ്മൻ ചാണ്ടിയെ ഏറ്റവും കൃത്യതയോടെ വേദികളിൽ അനുകരിച്ച കലാകാരനാണ് കോട്ടയം നസീർ

author-image
Entertainment Desk
New Update
Oommen Chandy| Kottayam Nazeer| ഉമ്മൻ ചാണ്ടി

ഉമ്മൻ ചാണ്ടി, കോട്ടയം നസീർ

കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയ്ക്ക് വിട നൽകുകയാണ് കേരളക്കര. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവരാണ് ഈ ജനകീയ നേതാവിന് ആദരാഞ്ജലികൾ നേരുകയാണ്. ഉമ്മൻ ചാണ്ടിയെ നിരവധി വേദികളിൽ അനുകരിച്ച കലാകാരനാണ് കോട്ടയം നസീർ. കോട്ടയം നസീർ തന്നെ വേദികളിൽ അനുകരിക്കുന്നത് ഏറെ ഇഷ്ടപ്പെട്ടിരുന്ന നേതാവു കൂടിയായിരുന്നു ഉമ്മൻ ചാണ്ടി.

Advertisment

"ചാണ്ടി സാറുമായി നല്ല സൗഹൃദമായിരുന്നു. ഞാൻ അദ്ദേഹത്തെ നന്നായി അനുകരിക്കുന്നുണ്ട് എന്ന് പലരോടും പറഞ്ഞിട്ടുണ്ട്. എന്റെ പിതാവ് മരിച്ചപ്പോൾ വീട്ടിൽ വന്ന് അനുശോചിച്ചിരുന്നു. ഡ്രീംസ് ഓഫ് കളേഴ്സ് എന്ന പേരിൽ എന്റെ എക്സിബിഷൻ ദർബാർ ഹാളിൽ വച്ച് സംഘടിച്ചപ്പോഴും അദ്ദേഹം വന്നു. ഡ്രീംസ് ഓഫ് കളേഴ്സ് എന്നല്ല വണ്ടേഴ്സ് ഓഫ് കളേഴ്സ് എന്നാണ് ഞാനിതിനെ വിളിക്കാൻ ആഗ്രഹിക്കുന്നതെന്നു പറഞ്ഞു," കോട്ടയം നസീർ ഉമ്മൻ ചാണ്ടിയെ ഓർക്കുന്നതിങ്ങനെ.

"ഞാനെപ്പോഴും ഓർക്കുന്ന മറ്റൊരു സംഭവം, കറുകച്ചാലിൽ കലാകാരന്മാരെ ആദരിക്കുന്ന ഒരു ചടങ്ങു നടത്തിയപ്പോൾ എന്നെയും വിശിഷ്ടാതിഥിയായി വിളിച്ചിരുന്നു. ആ പരിപാടിയിലും ഉമ്മൻ ചാണ്ടി സാർ ഉണ്ടായിരുന്നു. അദ്ദേഹം എന്താണ് വൈകിയപ്പോൾ എന്നോട് അത്രയും സമയം എന്തെങ്കിലും മിമിക്രി കാണിക്കാമോ എന്ന് സംഘാടകർ ചോദിച്ചു. ഞാൻ അതുപോലെ പരിപാടി അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ പത്രസമ്മേളനത്തിലെ രീതിയൊക്കെ അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് ചാണ്ടി സാർ കയറി വരുന്നത്. അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ അവതരണം നിർത്തി. എന്നെയും ചാണ്ടി സാറിനെയും മാറിമാറി നോക്കി ആളുകൾ ഭയങ്കര ചിരിയായിരുന്നു. അദ്ദേഹത്തിന് കാര്യം പിടികിട്ടി. ചാണ്ടി സാർ സ്റ്റേജിലേക്ക് കയറി വന്ന് എന്റെ തോളത്തു തട്ടിയിട്ട് പറഞ്ഞു, ഞാൻ വരാൻ വൈകിയപ്പോൾ എന്റെ ഗ്യാപ്പു നികത്തിയല്ലേ എന്നു ചോദിച്ചു. അങ്ങനെ നിരവധി ഓർമകൾ അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടുണ്ട്.

ഉമ്മൻ ചാണ്ടിയ്ക്ക് വിട നൽകി കുഞ്ചാക്കോ ബോബൻ കുറിച്ച വാക്കുകളും ശ്രദ്ധ നേടുകയാണ്.

Advertisment

"ഉമ്മൻ ചാണ്ടി സർ. കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനകീയനായ നേതാക്കന്മാരിൽ മുൻപന്തിയിൽ ഉള്ള വ്യക്തി. പൊതു ജീവിതത്തിലും വ്യക്തിജീവിതത്തിലും നിസ്വാർഥതയുടെ പര്യായം എന്ന് നിസ്സംശയം പറയാവുന്ന വ്യക്തിത്വം. കേരള ജനതയ്ക്കും വ്യക്തിപരമായി എനിക്കും സംഭവിച്ച തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ നിര്യാണം. ഈ വേർപാടിന്റെ വേദനയിൽ ആ കുടുംബത്തോടൊപ്പം ഞാനും എന്റെ കുടുംബവും പ്രാർഥനയിൽ പങ്കു ചേരുന്നു," കുഞ്ചാക്കോ ബോബൻ കുറിച്ചു.

2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി കേരളം നിയമസഭയിൽ ഏറ്റവും കൂടുതൽ തവണ സാമാജികനായ ആളുമായിരുന്നു. അഞ്ച് പതിറ്റാണ്ടായി പുതുപ്പള്ളിയിലെ എംഎൽഎയായിരുന്നു.

1943 ഒക്ടോബര്‍ 31-ന് കോട്ടയം ജില്ലയിലെ കുമരകത്ത് പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി ആയിരുന്നു ജനനം. പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളില്‍നിന്ന് ബിരുദവും എറണാകുളം ലോ കോളേജില്‍നിന്ന് നിയമ ബിരുദവും നേടി. സ്‌കൂളില്‍ പഠിക്കുമ്പോഴെ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തില്‍ എത്തിയത്. 

Memories Kunchacko Boban Oommen Chandy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: