ഏഴു വർഷങ്ങൾക്കു ശേഷം കുഞ്ചാക്കോ ബോബനും നിത്യാമേനനും ഒന്നിക്കുന്ന ചിത്രമാണ് ‘ചെന്നൈയിൽ ഒരു നാൾ’. 2012 ൽ റിലീസിനെത്തിയ ‘പോപ്പിൻസ്’ ആയിരുന്നു ഇരുവരും അവസാനം ഒന്നിച്ച ചിത്രം. സംവിധായകൻ ഷഹീദ് ഖാദിർ ആണ് ‘ചെന്നൈയിൽ ഒരു നാൾ’ ഒരുക്കുന്നത്. അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയുടെ അസിസ്റ്റന്റായിരുന്നു ഷഹീദ് ഖാദർ.
സ്പോർട്സിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഒരു കായികതാരമായാണ് കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ ഭാര്യയുടെ വേഷമാണ് നിത്യ മേനന്. “ഇതൊരു ഭാര്യയും ഭർത്താവും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ചു പറയുന്ന ചിത്രമാണ്. ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ കഥാപാത്രം ഒരു അത്ലറ്റ് ആണ്. അതുകൊണ്ടുതന്നെ സ്പോർട്സ് സിനിമയുടെ ഒരു ചെറിയ വിഷമായി വരുന്നുണ്ട്. സ്പോർട്സ് പ്രേമിയായ കൊൽക്കത്ത ട്രാംവേയിൽ ജോലി ചെയ്യുന്ന കഥാപാത്രമാണ് നായകൻ,” സിനിമയെ കുറിച്ച് സംവിധായകൻ ഷഹീദ് ഖാദർ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷഹീദ്. ഷഹീദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൊൽക്കത്തയും സിനിമയുടെ പശ്ചാത്തലമാണ്.
Read more: ‘കോളാമ്പി’യില്‍ അരിസ്റ്റോ സുരേഷിന് നിത്യാമേനൻ നായിക
മാർച്ചോടെ ചിത്രീകരണം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവർത്തകർ. ഇ4 എന്റർടെയിൻമെന്റാണ് ചിത്രം നിർമ്മിക്കുന്നത്. ‘അള്ളു രാമേന്ദ്രന്’ എന്ന ചിത്രത്തിന്റെ ഉടനെ തിയേറ്ററുകളിലെത്താനുള്ള കുഞ്ചാക്കോ ബോബൻ ചിത്രം. ‘പോരാട്ടം’ എന്ന ചിത്രത്തിന്റെ സംവിധായകൻ ആയ ബിലഹരിയുടെ രണ്ടാമത് സംവിധാനസംരംഭമാണ് ‘അള്ളു രാമേന്ദ്രന്’. കുഞ്ചാക്കോ ബോബന്റെ കരിയറിലെ വ്യത്യസ്തമായൊരു ചിത്രമാണിതെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ചാക്കോച്ചന് പ്രത്യക്ഷപ്പെടുന്നത്. ആഷിഖ് ഉസ്മാന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനൊപ്പം കൃഷ്ണശങ്കറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തില്‍ നായികമാരായെത്തുന്നത് അപര്‍ണ ബാലമുരളിയും ചാന്ദിനി ശ്രീധരനുമാണ്. ഛായാഗ്രഹണം ജിംഷി ഖാലിദും സംഗീതം ഷാന്‍ റഹ്മാനും നിർവ്വഹിക്കും.
Read more: മഹേഷിന്റെ ജിംസിയെ ഓര്‍മ്മിപ്പിച്ച് അപര്‍ണ ബാലമുരളി; ‘അള്ള് രാമേന്ദ്രനി’ലെ പ്രണയ ഗാനം
വികെ പ്രകാശിന്റെ ‘പ്രാണ’, ടികെ രാജീവ് കുമാറിന്റെ ‘കോളാമ്പി’ എന്നിവയാണ് നിത്യ നായികയായ റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ. സമൂഹത്തില്‍ നിലനില്‍ക്കുന്ന അനീതിയും അസഹിഷ്ണുതയും ഇതിവൃത്തമായി ഒരുങ്ങുന്ന ഹൊറർ–ഫാന്റസി ത്രില്ലര്‍ ഴോണറിൽ പെടുന്ന ‘പ്രാണ’യിൽ സാമൂഹിക പ്രവര്‍ത്തകയായ എഴുത്തുകാരിയായാണ് നിത്യ മേനോന് വേഷമിടുന്നത്. സ്ക്രീനില്‍ നിത്യ മേനോന് മാത്രമാണുളളതെന്ന പ്രത്യേകതയും ‘പ്രാണ’ യ്ക്കുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം പി.സി ശ്രീറാമും സംഗീത സംവിധാനം ലൂയി ബാങ്ക്സും നിർവ്വഹിച്ചു. സുരേഷ് രാജ്, പ്രവീൺ എസ് കുമാർ, അനിതാ രാജ് എന്നിവർ ചേർന്നാണ് ‘പ്രാണ’യുടെ നിർമ്മാണം. ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ആദ്യമായി സിങ്ക് സറൗണ്ട് സൗണ്ട് ഫോര്‍മാറ്റിലൂടെ ശബ്ദ ലേഖനം നടത്തിയ ചിത്രം കൂടിയാണ് ‘പ്രാണ’.
നിത്യ പഴയകാല നടിയും ദേശീയ അവാർഡ് ജേതാവുമായ സാവിത്രിയെ അവതരിപ്പിക്കുന്ന എൻടിആറിന്റെ ബയോപിക് ചിത്രമായ ‘‘കഥാനായകുഡു’ ഇന്ന് റിലീസിനെത്തി. മികച്ച പ്രതികരണമാണ് ചിത്രം നേടി കൊണ്ടിരിക്കുന്നത്. ഇതുകൂടാതെ സംവിധായകൻ മിഷ്കിന്റെ അസിസ്റ്റന്റായിരുന്ന പ്രിയദർശിനി സംവിധാനം ചെയ്യുന്ന ജയലളിതയുടെ ബയോപിക്ക് ചിത്രത്തിലും നിത്യ തന്നെയാണ് നായിക. ജയലളിതയായാണ് നിത്യമേനൻ അഭിനയിക്കുന്നത്. അക്ഷയ് കുമാർ നായകനാവുന്ന ‘മിഷൻ മംഗൾ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും അരങ്ങേറ്റം കുറിക്കുകയാണ് നിത്യ മേനോൻ.
Read more: നയൻതാര പോലും മോഹിച്ച വേഷം; നറുക്കു വീണത് നിത്യ മേനോന്