Latest News

Mangalyam Thanthunanena Review: പറഞ്ഞും കേട്ടും മടുത്ത വീട്ടുകാര്യങ്ങള്‍

Mangalyam Thanthunanena Movie Review: നിരവധി ചിത്രങ്ങളില്‍ പറഞ്ഞുപോയ കാര്യങ്ങള്‍ തന്നെയാണ് ‘മാംഗല്യം തന്തുനാനേന’യും പറയുന്നത്. കുടുംബം എന്ന വ്യവസ്ഥിതി തന്നെ ക്ലീഷേ ആയതുകൊണ്ടായിരിക്കാം ഒരുപക്ഷെ കുടുംബചിത്രത്തിലും പുതിയതായി ഒന്നും പറയാനില്ലാത്തത്.

mangalyam thanthunanena,film review,kunchako boban

Kunchacko Boban, Nimisha Sajayan Starrer Mangalyam Thanthunanena Movie Review: കുടുംബജീവിതത്തിലെ സ്‌നേഹവും സന്തോഷങ്ങളും പൊല്ലാപ്പുകളും സൗന്ദര്യ പിണക്കങ്ങളും പറയുന്ന ഒട്ടേറെ ചിത്രങ്ങള്‍ മലയാള സിനിമയില്‍ ഇറങ്ങിയിട്ടുണ്ട്. ആ കൂട്ടത്തിലേക്കാണ് സൗമ്യ സദാനന്ദന്‍ എന്ന നവാഗത സംവിധായികയുടെ കന്നിച്ചിത്രം ‘മാംഗല്യം തന്തുനാനേനന’യും ഇന്നെത്തിയിരിക്കുന്നത്. ‘കുട്ടനാടന്‍ മാര്‍പാപ്പ’യ്ക്കു ശേഷം കുഞ്ചാക്കോ ബോബനും ഈടയ്ക്കു ശേഷം നിമിഷ സജയനും അഭിനയിക്കുന്ന ചിത്രമാണിത്. അതിനപ്പുറം മലയാളത്തിലേക്ക് ഒരു സംവിധായിക കൂടി രംഗപ്രവേശം ചെയ്തിരിക്കുന്നു എന്നതു തന്നെയാണ് മാംഗല്യം തന്തുനാനേ എന്ന ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം.

ഒരു ക്ലിയര്‍ ഫാമിലി എന്റര്‍ടെയ്‌നറാണ് ചിത്രം. ഗള്‍ഫില്‍ എഞ്ചിനീയറായിരുന്ന റോയ്(കുഞ്ചാക്കോ ബോബന്‍) ക്ലാര(നിമിഷ സജയന്‍)യുമായുള്ള വിവാഹത്തിനായി നാട്ടിലെത്തുകയും ലീവിനിടയില്‍ ഗള്‍ഫിലെ സാമ്പത്തിക മാന്ദ്യം മൂലം റോയുടെ ജോലി നഷ്ടപ്പെടുകയും തുടര്‍ന്ന് അയാള്‍ കടന്നു പോകുന്ന മാനസിക പ്രശ്‌നങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളും സാമൂഹിക പ്രശ്‌നങ്ങളും അതിനപ്പുറം കുടുംബപ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ rപ്രധാന ത്രെഡ്.

Read മോര്‍: Mangalyam Thanthunanena Movie Release: കുഞ്ചാക്കോ ബോബന്റെ ‘മാംഗല്യം തന്തുനാനേന’ നാളെ റിലീസ്

സാമ്പത്തികമായി വളരെ ഉയര്‍ന്ന കുടുംബത്തിലെ അംഗമാണ് ക്ലാര. എന്നാല്‍ ക്ലാരയുടെ ഡാഡിയോട് പണം ചോദിക്കാനോ അദ്ദേഹം നല്‍കുന്ന ജോലി സ്വീകരിക്കാനോ റോയുടെ ഈഗോ സമ്മതിക്കുന്നില്ല. ക്ലാരയുടെ ആഭരണങ്ങള്‍ വില്‍ക്കുകയോ പണയം വയ്ക്കുകയോ ആണ് റോയ് കാണുന്ന ഏക പോം വഴി. എന്നാല്‍ ക്ലാര ഇതിന് സമ്മതിക്കുന്നുമില്ല. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നു. പിന്നീട് സാമ്പത്തിക പ്രശ്‌നങ്ങള്‍ തീര്‍ക്കാനുള്ള റോയുടെ നെട്ടോട്ടവും അതിനിടയില്‍ ചെന്നു പിടിക്കുന്ന പുലിവാലുകളും അത് കുടുംബ പ്രശ്‌നങ്ങളെ രൂക്ഷമാക്കുന്നതിലൂടെയുമൊക്കെയാണ് ‘മാംഗല്യം തന്തുനാനേന’ എന്ന ചിത്രത്തിന്റെ യാത്ര.

നിരവധി ചിത്രങ്ങളില്‍ പറഞ്ഞുപോയ കാര്യങ്ങള്‍ തന്നെയാണ് ‘മാംഗല്യം തന്തുനാനേന’യും പറയുന്നത്. കുടുംബം എന്ന വ്യവസ്ഥിതി തന്നെ ക്ലീഷേ ആയതുകൊണ്ടായിരിക്കാം ഒരുപക്ഷെ കുടുംബചിത്രത്തിലും പുതിയതായി ഒന്നും പറയാനില്ലാത്തത്. എല്ലാ കുടുംബങ്ങളിലേയും കാഴ്ചകള്‍ ഒന്നു തന്നെയാണ് എന്നാകാം ചിലപ്പോള്‍ സിനിമ പറയാന്‍ ഉദ്ദേശിച്ചതും. ടോണി മഠത്തിലിന്റെ തിരക്കഥ അത്ര കരുത്തുറ്റതായി അനുഭവപ്പെട്ടില്ലെന്നു മാത്രമല്ല, പുതുമയും തോന്നിയില്ല.

Read More: പുലിവാലു പിടിച്ച ഒരു മാംഗല്യത്തിന്റെ കഥയുമായി സൗമ്യ സദാനന്ദൻ

കുഞ്ചാക്കോ ബോബന്‍ നിമിഷ സജയന്‍ എന്നിവരിലെ അഭിനേതാക്കളെ തിരഞ്ഞ് പോകേണ്ടതില്ല. അതിസാധാരണമായ പ്രകടനങ്ങള്‍ മാത്രമാണ് കാഴ്ചവച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ അമ്മയായി എത്തുന്നത് ശാന്തി കൃഷ്ണയാണ്. തിരിച്ചുവരവില്‍ ശാന്തികൃഷ്ണ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ അല്‍പം ഹാസ്യത്തിന്റെ മേമ്പൊടി കൂടി കലര്‍ന്നതാണെന്ന് ഈ ചിത്രവും തെളിയിക്കുന്നു. ക്ലാരയുടെ അച്ഛനായെത്തുന്നത് വിജയ രാഘവനാണ്. ഇവരെക്കൂടാതെ സലിം കുമാര്‍, ഹരീഷ് കണാരന്‍, ലിയോണ ലിഷോയ്, മാമുകോയ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. സംവിധായികയും എഡിറ്ററും കുറച്ചുകൂടി ശ്രദ്ധ പുലര്‍ത്തിയിരുന്നെങ്കില്‍ അനാവശ്യമായ പല കഥാപാത്രങ്ങളെയും രംഗങ്ങളെയും ഒഴിവാക്കാനും ചിത്രത്തിന്റെ ലാഗ് ഇല്ലാതാക്കാനും സാധിച്ചേനെ. തൊടുപുഴക്കാരന്‍ ചങ്ങാതിയായി വന്ന ഹരീഷ് കണാരന്റെ കോഴിക്കോടന്‍ ഭാഷയും കുറച്ച് അരോചകമായി തോന്നി.

റോയ് എന്ന നായകന്റെ പേര്, ക്രിസ്തീയ പശ്ചാത്തലം, അയാളുടെ ഉത്തരാദിത്തമില്ലായ്മ, പിടിപ്പുകേട് എന്നു തുടങ്ങി പല കാര്യങ്ങളും പത്തൊമ്പത് വര്‍ഷം മുമ്പ് സത്യന്‍ അന്തിക്കാട് ജയറാമിനേയും സംയുക്താ വര്‍മ്മയേയും തിലകനേയും കേന്ദ്രകഥാപാത്രങ്ങളായി ഒരുക്കിയ ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’ എന്ന ചിത്രത്തെ പലപ്പോഴും ഓര്‍മ്മിപ്പിക്കുന്നതായിരുന്നു. എന്നാല്‍ ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’ കാലാതിവര്‍ത്തിയായ നിലനില്‍ക്കുന്നതു പോലൊരു ആസ്വാദനം ‘മാംഗല്യം തന്തുനാനേന’യുടെ കാര്യത്തില്‍ സാധ്യമാണോ എന്നത് സംശയകരമാണ്. പ്രേക്ഷകരുടെ സാമാന്യ യുക്തിക്ക് വിട്ടുകൊടുക്കേണ്ട കാര്യങ്ങളെപ്പോലും നീട്ടിപ്പരത്തി പറഞ്ഞത് ചിത്ത്രതിന്റെ ഒരു വലിയ പോരായ്മതന്നെയാണ്.

അരവിന്ദ് കൃഷ്ണനൊരുക്കിയ ഫ്രെയ്മുകളാണ് ചിത്രത്തിന്റെ ഒരു പോസിറ്റീവ് വശം. തൊടുപുഴയുടെ സൗന്ദര്യത്തെ പരമാവധി, എന്നാല്‍ അനാവശ്യമല്ലാത്ത തരത്തില്‍ തന്റെ ക്യാമറയിലേക്ക് പകര്‍ത്താന്‍ അരവിന്ദ് കൃഷ്ണന്‍ ശ്രമിച്ചിട്ടുണ്ട്. നാലു പേർ ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. തമിഴ് ഗായിക രേവ, സയനോര ഫിലിപ്പ്, എസ്. ശങ്കർ, അസിം റോഷൻ. ചിത്രത്തിന്റെ മൂഡിനനസുരിച്ചുള്ള സംഗീതം ഒരുക്കാന്‍ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്.

കുടുംബപ്രേക്ഷകരെ ‘മാംഗല്യം തന്തുനാനേന’ തൃപ്തിപ്പെടുത്തിയേക്കും എന്നതിനപ്പുറം തിയേറ്ററിൽ കാര്യമായ ചലനമുണ്ടാക്കുമോ എന്ന് പറയാനാകില്ല. ചിത്രം എങ്ങനെയുണ്ടെന്നു ചോദിച്ചാല്‍ കണ്ടിരിക്കാം എന്നു ചുരുക്കിപ്പറയാം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Kunchacko boban nimisha sajayan starrer comedy movie mangalyam thanthunanena review

Next Story
Varathan Review: ‘വരത്തന്’ കരുത്തു പകരുന്ന ഫഹദ്varathan,film review,fahad fazil
The moderation of comments is automated and not cleared manually by malayalam.indianexpress.com