Kunchacko Boban, Nimisha Sajayan Starrer Mangalyam Thanthunanena Director Interview: പഠനം പൂർത്തിയായ ഉടനെ ലഭിച്ച എഞ്ചിനീയറിംഗ് ജോലിയുടെ സുരക്ഷിതത്വത്തിൽ ജീവിതം ഓടുമ്പോഴാണ്, ജോലി ഉപേക്ഷിച്ച് ‘പാഷൻ’ പിൻതുടരാൻ ആ പെൺകുട്ടി ഇറങ്ങിതിരിച്ചത്. വിജയ- പരാജയങ്ങൾ ഞൊടിയിട കൊണ്ട് വേഷപ്പകർച്ച നടത്തുന്ന, ഭാഗ്യ-നിർഭാഗ്യങ്ങളുടെ ഭൂമികയായ സിനിമാ എന്ന അത്ഭുതലോകത്തിലേക്ക് ആയിരുന്നു സൗമ്യ സദാനന്ദൻ എന്ന ആ പെൺകുട്ടിയുടെ വരവ്.

കഴിഞ്ഞ എട്ടുവർഷമായി ക്യാമറയുടെ പിന്നിലും മുന്നിലുമൊക്കെയായി മലയാള സിനിമാ ഇൻഡസ്ട്രിയിൽ തന്നെയുണ്ടായിരുന്നു സൗമ്യ സദാനന്ദൻ. ഷോർട്ട് ഫിലിം ഡയറക്ടർ, ഡോക്യുമെന്ററി ഡയറക്ടർ,​ അസിസ്റ്റന്റ് ഡയറക്ടർ, അഭിനേത്രി എന്നു തുടങ്ങി നിരവധിയേറെ വേഷങ്ങൾ അതിനിടയിൽ കൈകാര്യം ചെയ്തു.

ഒടുവിൽ ഇതാ, ‘സ്വപ്നങ്ങൾക്ക് പിറകെ യാത്ര തിരിക്കുന്നവർ ഒരിക്കൽ ആ സ്വപ്നത്തെ കയ്യെത്തി തൊടുമെന്ന’ പഴമൊഴിയെ അന്വർത്ഥമാക്കി കൊണ്ട്, സൗമ്യയുടെ ആദ്യ സിനിമയായ ‘മാംഗല്യം തന്തുനാനേന’ നാളെ തിയേറ്ററുകളിലെത്തുകയാണ്. തന്റെ സിനിമാസ്വപ്നങ്ങളെ കുറിച്ചും ആദ്യ സിനിമയുടെ വിശേഷങ്ങളെ കുറിച്ചും ജീവിതത്തെ കുറിച്ചുമൊക്കെ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് സംസാരിക്കുകയാണ് സൗമ്യ സദാനന്ദൻ.

Read More: Mangalyam Thanthunanena Movie Release: കുഞ്ചാക്കോ ബോബന്റെ ‘മാംഗല്യം തന്തുനാനേന’

പാട്ടുകളോടുള്ള ഇഷ്ടമാണ്, സിനിമയിലേക്ക് എന്നെ അടുപ്പിച്ചത്

“എൺപതുകളിൽ ജനിച്ചു വളർന്ന ഏതു കുട്ടിയേയും പോലെ എന്റെ ഓർമകളും ബ്ലാക്ക് ആന്റ് വൈറ്റ് – ദൂരദർശൻ കാലത്തു നിന്നുമാണ് തുടങ്ങുന്നത്. ദൂരദർശനും ആകാശവാണിയുമൊക്കെയായിരുന്നു അന്നത്തെ വിസ്മയം. സിദ്ദീഖ്- ലാൽ കൂട്ടുകെട്ടിലൊക്കെ ഇറങ്ങിയ സിനിമകളൊക്കെയാണ് കണ്ടു വളർന്നതും. രണ്ടും മൂന്നും മണിക്കൂറൊക്കെ, മറ്റേതോ ലോകത്തെത്തിയ പോലെ മിഴിച്ച് ടിവിയ്ക്ക് മുന്നിൽ പോയി നിന്നിട്ടുണ്ട്. പൂ പോലെ വിടർന്നു നിൽക്കുന്ന പ്രായമാണല്ലോ, എന്തും സ്വീകരിക്കാൻ തയ്യാറായ കുട്ടിമനസ്സ് ആ കാഴ്ചകളെയൊക്കെ ഒപ്പിയെടുത്തു. അന്നൊക്കെ എന്നെ വിസ്മയിപ്പിച്ചത് എങ്ങനെ ഇതുപോലെ കഥ പറയാൻ പറ്റുന്നു എന്നതാണ്.

ആകാശവാണിയായിരുന്നു മറ്റൊരു സ്വാധീനം. ‘കാറ്റടിച്ചാൽ ചാനൽ കട്ടായി പോകുന്ന’ മഴക്കാലത്തും അവധിക്കാലത്തുമൊക്കെ ആകാശവാണിയാണ് ആശ്രയം. സിനിമാ പാട്ടുകളോടുള്ള വല്ലാത്തൊരിഷ്ടം അന്നു തുടങ്ങിയതാവണം. ധ്യാനത്തിലെന്ന പോലെ ഇരുന്ന് പാട്ടുകളൊക്കെ കേൾക്കുമ്പോൾ അൽപ്പം ഇമാജിനറി സ്വഭാവമുള്ള മനസ്സ് കാടു കയറും, മനസ്സിന് പുതിയ പുതിയ വിഷ്വലുകൾ ലഭിക്കും. ആ റേഡിയോ കാലം ഇപ്പോഴുമൊരു നൊസ്റ്റാൾജിയയാണ്.

kunchacko koban nimisha sajayan starrer comedy movie mangalyam thanthunanena director interview sou sadanadan

ഒ എൻവി , കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി ഇവരുടെ ഒക്കെ പാട്ടുകൾ കേട്ടാണ് വളർന്നത്. ആ പാട്ടുകൾ ഒക്കെ എന്നെ ഷെയ്പ്പ് ചെയ്തെടുക്കാൻ സഹായിച്ചിട്ടുണ്ട്. അവയൊന്നും വെറും പാട്ടുകൾ അല്ലായിരുന്നു, കവിത പോലെ അർത്ഥപൂർണമായിരുന്നു. അക്കാലത്തെ സിനിമയിലെ കഥയ്ക്കും ആഴത്തിൽ വേരുണ്ടായിരുന്നു. നോവലുകളെ പോലെയോ ചെറുകഥകളെയോ പോലെയോ സുന്ദരമായ സിനിമകൾ. ആ പൈതൃക കാലമാണ് സിനിമയോടുള്ള പാഷൻ ഉള്ളിൽ നിറച്ചത്. മനസ്സിൽ ആഴത്തിൽ പതിഞ്ഞ ആ കഥ പറച്ചിൽ രീതികൾ തന്നെയാവാം, കഥകൾ പറയാനിഷ്ടമുള്ള ഒരാളാക്കി എന്നെ മാറ്റിയത്”, സൗമ്യ ഓർത്തെടുക്കുന്നു.

നർമ്മത്തിൽ പൊതിഞ്ഞ നൊമ്പരങ്ങളുമായി ‘മാംഗല്യം തന്തുനാനേന’

Kunchacko Boban, Nimisha Sajayan Starrer Mangalyam Thanthunanena Director Interview: നോർത്ത്- സൗത്ത് പോളുകളിൽ നിൽക്കുന്ന രണ്ടു പേർ വിവാഹത്തിലെത്തുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ‘മാംഗല്യം തന്തുനാനേന’ പറയുന്നത്. വീടിന്റെ ഉമ്മറത്തു തുടങ്ങി, പിന്നാമ്പുറത്ത് അവസാനിക്കുന്ന സിനിമയാണ് ഇതെന്നു പറയാം. സിനിമയിൽ നൊമ്പരങ്ങളെയൊക്കെ നർമ്മത്തിൽ പൊതിഞ്ഞാണ് അവതരിപ്പിക്കുന്നത്. ട്രീറ്റ്മെന്റിലും മേയ്ക്കിംഗിലുമെല്ലാം പുതുമ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. ഒരു ഫൺ ഫാമിലി എന്റർടെയിനർ ആകും ചിത്രം.

കഥ വന്ന വഴി

ഈ ചിത്രത്തിന്റെ തിരക്കാതാകൃത്തായ ടോണി മഠത്തിൽ നാലു വർഷം മുൻപാണ് ​ എന്നോട് കഥ പറയുന്നത്. ഒരേ സമയം ചിരിപ്പിക്കാനും നൊമ്പരപ്പെടുത്താനും കഴിയുന്ന ഒരു കഥ. ഇമോഷണലി റിച്ചായ കഥ പറച്ചിലുകൾ ഇഷ്ടപ്പെടുന്ന ഒരാളായതു കൊണ്ടാവാം, കഥ കേട്ടപ്പോൾ തന്നെ എനിക്ക് താൽപ്പര്യം തോന്നി.

റോയിയുടെയും ക്ലാരയുടെയും കഥയാണ് ‘മാംഗല്യം തന്തുനാനേന’. റോയി ആയി അഭിനയിക്കുന്നത് ചാക്കോച്ചൻ ആണ്. ചുറ്റുവട്ടത്തൊക്കെ നമുക്ക് കണ്ട് പരിചയമുള്ളതു പോലെയുള്ള ഒരു കഥാപാത്രമാണ് റോയി. അടുത്ത വീട്ടിലെ പയ്യൻ എന്നു പറയാവുന്നതു പോലെയുള്ള ആ കഥാപാത്രത്തിന് ചാക്കോച്ചനാവും ഏറ്റവും മാച്ച് എന്നെനിക്കു തോന്നി. സ്ക്രിപ്റ്റ് വായിച്ചുകേട്ടപ്പോൾ ചാക്കോച്ചനും ‘യെസ്’ പറയുകയായിരുന്നു. നിമിഷയെ സെലക്റ്റ് ചെയ്യുന്നതും ‘അടുത്ത വീട്ടിലെ കുട്ടി’ എന്ന ഇമേജിനോട് യോജിക്കുന്ന ആളെന്ന രീതിയിലാണ്. ക്ലാര എന്ന കഥാപാത്രമായാണ് നിമിഷ എത്തുന്നത്.

Read More: ആര് പറഞ്ഞു ഞാന്‍ റൊമാന്റിക് അല്ലാന്ന്?: ചിരിയുണര്‍ത്തി കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ ട്രെയിലര്‍

കഥയിൽ പുതുമകൾ ഒന്നും അവകാശപ്പെടാനില്ല ഈ കൊച്ചു ചിത്രത്തിന്. സത്യൻ സാറും ലോഹി സാറും ശ്രീനിവാസൻ സാറുമൊക്കെ മുൻപ് പറഞ്ഞ വിഷയം തന്നെയാണ് ഞങ്ങളും പറയുന്നത്. ട്രീറ്റ്മെന്റിലാണ് പുതുമ കൊണ്ടുവരാൻ ശ്രദ്ധിച്ചിരിക്കുന്നത്. ഒരു തരത്തിൽ പറഞ്ഞാൽ, പഴക്കമുള്ള വീഞ്ഞിനെ പുതിയൊരു കുപ്പിയിലാക്കുകയാണ്. പക്ഷേ, ആ വീഞ്ഞീനും അതിന്റേതായ വീര്യമുണ്ട് താനും. ചിത്രം കണ്ടിറങ്ങുമ്പോൾ, ഇത്തരം ചിത്രങ്ങൾ കണ്ടിട്ട് കുറേ നാളായല്ലോ എന്നൊരു തോന്നൽ പ്രേക്ഷകരിൽ സമ്മാനിക്കാൻ കഴിയുമെന്നാണ് ഞങ്ങളുടെ ഒരു വിശ്വാസം.

 പാട്ടുകൾക്കും കഥകൾ പറയാനുണ്ട്

Kunchacko Boban, Nimisha Sajayan Starrer Mangalyam Thanthunanena Director Interview: വെറുതെ പാട്ടിനു വേണ്ടി ഉണ്ടാക്കിയ പാട്ടുകളല്ല ചിത്രത്തിലുള്ളത്. കുറേ സംഭവവികാസങ്ങൾ പാട്ടിലൂടെ പറഞ്ഞു പോകുന്നുണ്ട്. സിനിമയിലെ അഞ്ചു പാട്ടുകളും സിറ്റ്വേഷണൽ സോംഗ്സ് ആണ്.

പാട്ടുകളോട് ഇഷ്ടമുള്ളതു കൊണ്ടാകാം പാട്ടുകൾ എല്ലാം മികച്ചതാവണം എന്ന ആഗ്രഹമുണ്ടായിരുന്നു. ആളുകൾക്ക് ഇഷ്ടപ്പെടുന്ന പാട്ടുകളാവണം എന്നും ആഗ്രഹിച്ചിരുന്നു. റിലീസ് ആയ പാട്ടുകൾക്ക് ഒക്കെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

ഓരോ കഥയും ആവശ്യപ്പെടുന്ന ട്രീറ്റ്മെന്റ് നൽകാനാണ് ആഗ്രഹം

ഡോക്യുമെന്ററിയ്ക്ക് ദേശീയ പുരസ്കാരമൊക്കെ കിട്ടിയ സംവിധായികയുടെ ആദ്യ സിനിമ കച്ചവട സിനിമയായതെന്താണ് എന്നൊക്കെ പലരും ചോദിച്ചു. കച്ചവട സിനിമ, ഓഫ്ബീറ്റ് എന്നൊക്കെ പറയുന്നതിലും എനിക്കിഷ്ടം, ഫെസ്റ്റിവൽ മൂവീസ്, പോപ്പുലർ മൂവീസ് എന്നു വിളിക്കാനാണ്.

പോപ്പുലർ മൂവി പാറ്റേണിൽ മാത്രമേ എനിക്കീ കഥ പറയാൻ പറ്റൂ. നമ്മൾ പറയാൻ ഉദ്ദേശിക്കുന്ന സബ്ജറ്റിന് അർഹിക്കുന്ന ട്രീറ്റ്മെന്റാണ് വേണ്ടത്, അവിടെ ഫെസ്റ്റിവൽ മൂവി- പോപ്പുലർ മൂവി എന്നൊന്നും നോക്കേണ്ടതില്ല എന്നാണ് എന്റെ വിശ്വാസം.

ചാക്കോച്ചനും പ്രൊഡ്യൂസറും നൽകിയ സപ്പോർട്ട്

എന്റെ രൂപം കണ്ടാൽ, പലരും ഞാനൊരു ചെറിയ കുട്ടിയാണെന്നൊക്കെ കരുതി ട്രീറ്റ് ചെയ്യാറുണ്ട്. ഇനിയും സമയമുണ്ടല്ലോ എന്നൊക്കെ പറഞ്ഞ് പലരും എന്നോട് നോ പറഞ്ഞിട്ടുണ്ട്. പക്ഷേ ഒരു ബിഗ് നോ പറയാതെ, എന്നിൽ വിശ്വാസമർപ്പിക്കാൻ ചാക്കോച്ചനും പ്രൊഡ്യൂസർ ആന്റണി ചേട്ടനും തയ്യാറായി. അവർക്കെന്നിൽ ഉള്ള വിശ്വാസമാണ് ഈ സിനിമ യാഥാർത്ഥ്യമാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook