മലയാളത്തിന്റെ പ്രിയനടൻ കുഞ്ചാക്കോ ബോബൻ അടുത്തിടെയാണ് പുതിയ കാർ വാങ്ങിയത്. മിനി കൂപ്പറിന്റെ സ്പെഷ്യൽ എഡിഷനാണ് ചാക്കോച്ചൻ സ്വന്തമാക്കിയത്. ഇന്ത്യയില്‍ ഈ സ്പെഷ്യൽ എഡിഷനിൽ വരുന്ന കാറുകൾ ആകെ 20 എണ്ണമാണ്, കേരളത്തിൽ നാലും. അതിലൊന്നാണ് ചാക്കോച്ചൻ സ്വന്തമാക്കിയിരിക്കുന്നത്.
മിനി കൂപ്പർ വാങ്ങിയപ്പോൾ അതുമായി ബന്ധപ്പെട്ട ഒരു രസകരമായ കാര്യം പങ്കുവയ്ക്കുകയാണ് ചാക്കോച്ചൻ. മലയാളത്തിൽ കാറുകളോട് പ്രിയമുള്ള താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. മമ്മൂട്ടിയുടെ പക്കലും ഒരും മിനി കൂപ്പർ മോഡലുണ്ട്. മിനി കൂപ്പർ എസ് ആണ് മമ്മൂട്ടി മുൻപ് സ്വന്തമാക്കിയത്.
Read more: കുസൃതി കാട്ടി കുഞ്ഞുമറിയം, പടം പിടിച്ച് മമ്മൂട്ടി; വൈറലാവുന്ന ചിത്രങ്ങൾ
മമ്മൂട്ടിയെപ്പോലെ താനും മിനി കൂപ്പർ സ്വന്തമാക്കിയതിനെക്കുറിച്ചാണ് ചാക്കോച്ചന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. മമ്മൂട്ടിയും താനും ഒരേ തരം വസ്ത്രങ്ങൾ ധരിച്ചുനിൽക്കുന്നതിന്റെയും രണ്ടുപേരുടെയും മിനി കൂപ്പർ കാറുകളുടെയും ചിത്രങ്ങളുള്ള മീം ആണ് ചാക്കോച്ചൻ പങ്കുവച്ചത്. ഒരു ആരാധകന്റെ യാദൃശ്ചികമായതും മനപ്പൂർവമല്ലാത്തതുമായ മുന്നേറ്റമാണിതെന്ന് ചിത്രത്തിന്റെ അടിക്കുറിപ്പിൽ ചാക്കോച്ചൻ പറയുന്നു.
ചുവപ്പും പച്ചയും നിറമുള്ള ഒരേപോലത്തെ വസ്ത്രങ്ങൾ ധരിച്ച മമ്മൂക്കയുടെയും ചാക്കോച്ചന്റെയും ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ. മമ്മൂട്ടിയുടെ കെഎൽ 36 ഡി 369 നമ്പറിലുള്ള മിനി കൂപ്പറിന്റെ ഫൊട്ടോ ചാക്കോച്ചന്റെ പുതിയ മിനി കൂപ്പറിന്റേതിനൊപ്പം നൽകിയിരിക്കുന്നു.
369 എന്ന നമ്പറിൽ തന്റെ വാഹനങ്ങൾ രജിസ്ട്രർ ചെയ്യാൻ ഇഷ്ടപ്പെടുന്ന താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. മിനി കൂപ്പറിനു പുറമെ ജഗ്വാർ എക്സ്ജെ, പോഷെ പാൻഅമേറ, റ്റൊയോട്ട ലാൻഡ് ക്രൂയിസർ, ടൊയോട്ട ഫോർച്യൂണർ, ബിഎംഡബ്ള്യൂ 5 സീരീസ്, ബിഎംഡബ്ള്യൂ എം3, മിത്സുബിഷി പജേരോ സ്പോർട്ട്, ഔഡി എ7, ഫോക്സ്വാഗൺ പസ്സാറ്റ് തുടങ്ങിയ കാറുകളും മമ്മൂട്ടിയുടെ ശേഖരത്തിലുണ്ട്.
ബ്രിട്ടിഷ് വാഹന നിർമാതാക്കളായ മിനിയുടെ അറുപതാം വാർഷികത്തോട് അനുബന്ധിച്ച് വിപണിയിലെത്തിച്ച മിനി കൂപ്പർ മോഡലാണ് ചാക്കോച്ചൻ സ്വന്തമാക്കിയത്. കൂപ്പര്‍ എസിന്റെ മൂന്ന് ഡോര്‍ വകഭേദമാണ് സ്പെഷ്യല്‍ എഡിഷനിലുള്ളത്. ഏകദേശം 40 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.