/indian-express-malayalam/media/media_files/uploads/2022/08/Kunchacko-Boban.jpg)
കരിയറിലെ വലിയൊരു സന്തോഷം പങ്കുവയ്ക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ. 75-ാമത് ലൊകാർണോ ചലച്ചിത്രമേളയിൽ പ്രധാന മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ നായകനായ അറിയിപ്പ്. 75 വർഷം പിന്നിട്ട ലൊകാർണോ ചലച്ചിത്രമേളയുടെ പ്രധാന മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമെന്ന വിശേഷണവും അറിയിപ്പിന് സ്വന്തം.
"നിങ്ങൾ ദേവദൂതരോടുള്ള സ്നേഹം ചൊരിയുമ്പോൾ, ഞാനിവിടെ സ്വിറ്റ്‌സർലൻഡിലെ 75-ാമത് ലൊകാർണോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ആണുള്ളത്, എന്റെ അറിയിപ്പ് എന്ന സിനിമ നാളെ ഇവിടെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കും."
" 25 വർഷത്തെ സിനിമാജീവിതത്തിനിടെ എവിടെയെങ്കിലും ഒരു ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ഞാൻ പങ്കെടുക്കുന്നത് ഇതാദ്യമായാണ്. ലൊകാർണോയിൽ നിന്ന് ആരംഭിക്കാം, അതൊരു വലിയ അനുഗ്രഹവും ബഹുമതിയുമാണ്. നമ്മുടെ മലയാളഭാഷ ഇവിടെ അൽപ്പം ശബ്ദമുണ്ടാക്കട്ടെ. എനിക്ക് ആശംസകൾ നേരൂ സുഹൃത്തുക്കളേ, നമുക്കിത് കൂടുതൽ മികച്ചതാക്കാം," ചാക്കോച്ചൻ കുറിച്ചു.
കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിന്റെ സംവിധായകൻ മഹേഷ് നാരായണനാണ്. സംവിധാനത്തിനൊപ്പം രചന, എഡിറ്റിങ്ങ് തുടങ്ങിയവ നിർവ്വഹിച്ചതും മഹേഷ് തന്നെ. ദിവ്യ പ്രഭ, ലവ്‌ലീൻ മിശ്ര, ഡാനിഷ് ഹുസൈൻ, ഫൈസൽ മാലിക്, കണ്ണൻ അരുണാചലം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
ഋതുപർണഘോഷിന്റെ 'അന്തർമഹൽ' എന്ന ബംഗാളി ചലച്ചിത്രമാണ് ഇതിനു മുൻപ് ലൊകാർണോ ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചിത്രം. 2005-ലായിരുന്നു അന്തർമഹൽ പ്രദർശിപ്പിച്ചത്. 2011ൽ അടൂർ ഗോപാലകൃഷ്ണന്റെ 'നിഴൽക്കൂത്തും' ലൊകാർണോയിൽ പ്രദർശിപ്പിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.