‘മഴകൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിൻ മനസ്സിൽ..’ മഴക്കാലമൊക്കെയല്ലേ, ഒരു മഴപ്പാട്ട് തന്നെയാകാം എന്നു വിചാരിച്ച് കുഞ്ചാക്കോ ബോബൻ മൂളി. എന്നാൽ നടൻ ജോജു ജോർജിന് അതത്ര ഇഷ്ടമായില്ല എന്നു തോന്നുന്നു. പാട്ടിനെ വിമർശിച്ച് ഉടൻ ജോജുവിന്റെ മറുപടിയെത്തി “മഴകൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകളോ? വളരെ മോശം അഭിപ്രായമാണ്. രാജസ്ഥാനിലെ ആളുകൾ ചോദിക്കുന്നത് എന്ത് ചെയ്യാൻ മറ്റും അതുകൊണ്ട് എന്നാണ്.. ദുബായിലും…” പിന്നെ ജോജുവിന്റെ വക അറബിക് ആയിരുന്നു. “ജോജു എന്ന കാവ്യ വിമർശകന്റെ തപിക്കുന്ന കർഷക ഹൃദയം കാണാതെ പോകരുത്,” എന്ന അടിക്കുറിപ്പോടെയാണ് കുഞ്ചാക്കോ ബോബൻ ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാൽ ചാക്കോച്ചൻ ജോജുവിനെ അത്രയ്ക്കും പാടി വെറുപ്പിച്ചു കാണും അതാണ് ജോജു ഇങ്ങനെ പറയുന്നത് എന്നാണ് പോസ്റ്റിന് താഴെ വന്ന ഒരു അഭിപ്രായം. എന്തായാലും പോസ്റ്റിന് താഴെ മിക്ക ആളുകളും രസകരമായ കമന്റുകളാണ് പങ്കുവച്ചിരിക്കുന്നത്. ജോജുച്ചേട്ടൻ പറഞ്ഞതാ അതിന്റെ ശരി എന്നാണ് പലരുടേയും അഭിപ്രായം. അതിനിടയിൽ ചാക്കോച്ചന്റെ പാടാനുള്ള കഴിവിനെ പുകഴ്ത്താനും ആരാധകർ മറന്നില്ല.

Read More: ‘ദങ്ങനെയല്ല, ദിങ്ങനെ’; ‘വൈറസ്’ സെറ്റിൽ ചാക്കോച്ചനും ടൊവിനോയ്ക്കും പാർവ്വതി കൊടുത്ത പണി

അടുത്തിടെ പുറത്തിറങ്ങിയ ആഷിഖ് അബു ചിത്രം വൈറസിലായിരുന്നു ജോജുവും ചാക്കോച്ചനും ഒന്നിച്ച് അഭിനയിച്ചത്. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ.സുരേഷന്‍ രാജന്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തിൽ അവതരിപ്പിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തൊഴിലാളിയുടെ വേഷമായിരുന്നു ജോജുവിന്.

കോഴിക്കോട് കലക്ടറായി ടൊവിനോ തോമസും, കമ്മ്യൂണിറ്റി മെഡിസിന്‍ ഡോക്ടര്‍ അന്നു ആയി പാര്‍വ്വതിയും, ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥ ഡോക്ടര്‍ സ്മൃതി ഭാസ്കറായി പൂർണിമയും, ഡോക്ടർ ആബിദായി ശ്രാനാഥ് ഭാസിയും, ആരോഗ്യ വകുപ്പ് മന്ത്രിയായി രേവതിയും, സിസ്റ്റർ അഖിലയായി റിമ കല്ലിങ്കലും, മറ്റ് പ്രധാനപ്പെട്ട പല കഥാപാത്രങ്ങളിൽ മലയാളത്തിന്റെ പ്രമുഖ താരങ്ങളും അണിനിരന്ന ചിത്രമാണ് വൈറസ്. കേരളത്തെ ഭീതിയുടെ നാളുകളിലേക്ക് തള്ളിവിട്ട നിപ വൈറസ് കാലത്തെ അതിജീവന കഥയാണ് ചിത്രം പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook