‘ബൈ സൈക്കിൾ തീവ്സ്’, ‘സൺഡേ ഹോളിഡേ’, ‘വിജയ് സൂപ്പറും പൗർണമിയും’ മൂന്നു ചിത്രങ്ങൾ, ഒരൊറ്റ നായകൻ ആസിഫ് അലി. തന്റെ ചിത്രങ്ങളിലൂടെ ഫീൽ ഗുഡ് ആസ്വാദനം സാധ്യമാക്കിയ സംവിധായകൻ ജിസ് ജോയ് തന്റെ നാലാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലാണ്. ഇത്തവണ പക്ഷേ ജിസ് ജോയ് ചിത്രങ്ങളിലെ പതിവു നായകൻ ആസിഫ് അലി ചിത്രത്തിലില്ല. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിൽ നായകനാവുന്നത്. ചിത്രം ഒരു ഫാമിലി സറ്റയർ ആണെന്നാണ് റിപ്പോർട്ടുകൾ.

തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് ടീമിന്റെ കഥയ്ക്ക് ജിസ് ജോയ് തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. “ചിത്രത്തിന്റെ കഥ ഞങ്ങളുടേതാണ്, തിരക്കഥ ജിസ് തന്നെയാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ ബാക്കി കാര്യങ്ങളൊക്കെ പുരോഗമിക്കുന്നതേയുള്ളൂ,” ബോബി ഇന്ത്യൻ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു. മുൻപ് ബോബി സഞ്ജയ് ടീം തിരക്കഥയൊരുക്കിയ ‘ട്രാഫിക്ക്’, ‘ഹൗ ഓൾഡ് ആർ യു’, ‘സ്കൂൾ ബസ്’ തുടങ്ങിയ ചിത്രങ്ങളിലും കുഞ്ചാക്കോ ബോബൻ അഭിനയിച്ചിരുന്നു.

“കഴിഞ്ഞ 15 വർഷമായി ചാക്കോച്ചനും ഞാനും അടുത്ത സുഹൃത്തുക്കളാണ്. ചാക്കോച്ചനൊപ്പം ചെയ്യാവുന്ന നല്ലൊരു തിരക്കഥയ്ക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ. കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തെ കുറിച്ച് കൂടുതൽ ഒന്നും ഇപ്പോൾ വെളിപ്പെടുത്താനാവില്ല, ഒരു കാര്യം മാത്രം പറയാം കസ്തൂരിമാനിലൊക്കെ നമ്മൾ കണ്ട ചാക്കോച്ചന്റെ ഓർമ്മപ്പെടുത്തുന്ന കഥാപാത്രമായിരിക്കും ഇത്,” ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ജിസ് ജോയ് പറഞ്ഞതിങ്ങനെ.

ചിത്രത്തിന്റെ പേര്, നായിക എന്നിവയൊക്കെ തീരുമാനിക്കുന്നതേയുള്ളൂ. ശ്രീനിവാസൻ, സിദ്ദിഖ്, രൺജി പണിക്കർ, കെപിഎസി ലളിത, മുകേഷ് എന്നിവരും ചിത്രത്തിലുണ്ട്. മേയ് മാസത്തോടെ ഷൂട്ടിംഗ് ആരംഭിക്കും.

ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷങ്ങളിലെത്തിയ ‘വിജയ് സൂപ്പറും പൗർണമിയും’ ആയിരുന്നു ജിസ് ജോയുടെ അവസാനം തിയേറ്ററിലെത്തിയ ചിത്രം. ലക്ഷ്യബോധമില്ലാത്ത അലസനായ ചെറുപ്പക്കാരനെ ലക്ഷ്യത്തിലെത്തിക്കുന്ന ‘ബോൾഡ്’ പെൺകുട്ടിയായാണ് ഐശ്വര്യലക്ഷ്മി എത്തിയത്.

Read more: Vijay Superum Pournamiyum movie review: പുതുമകളൊന്നമില്ല, പക്ഷേ കണ്ടിരിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook