കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രം തിയറ്ററുകളില്‍ എത്തിയതിന് പിന്നാലെ വിവാദങ്ങള്‍ക്കും തിരികൊളുത്തിയിരിക്കുകയാണ്. ‘തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട് എന്നാലും വന്നേക്കണേ’ എന്ന ചിത്രത്തിന്റെ പരസ്യവാചകമാണ് പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ചത്. ചിത്രത്തിനു പിന്നില്‍ സര്‍ക്കാരിനെ ഇകഴ്ത്തി കാണിക്കുകയാണ് ലക്ഷ്യമെന്നും അണിയറ പ്രവര്‍ത്തകര്‍ മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം ചിത്രം ബഹിഷ്‌കരിക്കുമെന്നുമാണ് ഒരു പക്ഷത്തിന്റെ വെല്ലുവിളി.
എന്നാല്‍ ചിത്രം ചര്‍ച്ച ചെയ്യുന്നത് സാധാരണക്കാരുടെ പ്രശ്‌നമാണെന്നും ചിത്രത്തിനെതിരെയുള്ള വിവാദങ്ങള്‍ അനാവശ്യമാണെന്നാണ് കുഞ്ചാക്കോ ബോബന്റെ പ്രതികരണം. ‘ചിത്രം ചര്‍ച്ച ചെയ്യുന്ന കാര്യങ്ങളില്‍ സത്യമുണ്ട്. അത് കണ്ട് മനസ്സിലാക്കി പ്രതികരിക്കുക എന്നുള്ളതാണ് ചെയ്യേണ്ടത്,’ ചിത്രത്തെ ചുറ്റിപ്പറ്റി വിവാദങ്ങളുണ്ടാക്കുന്നതും മറ്റു തലങ്ങളിലേക്ക് കൊണ്ടുപോകുകയാണെന്നുമാണ് കുഞ്ചാക്കോ ബോബന്‍ പ്രതികരിച്ചത്.
റോഡിലെ കുഴികളുടെ പേരില്‍ കുഞ്ചാക്കോ ബോബനും ‘ന്നാ താന്‍ കേസ് കൊട്’ ചിത്രവും പുലിവാല് പിടിക്കുമ്പോൾ ഏതാനും വർഷങ്ങൾക്കുമുൻപ് റോഡിലെ കുഴികള്‍ അടച്ച് പ്രതിഷേധിച്ച് വിവാദത്തിലായ ജയസൂര്യയെയും ഓര്‍ക്കണം. റോഡുകളിലെ കുഴികള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക് കരാറുകാരനെതിരെ കേസ് എടുക്കണമെന്നാണ് ജയസൂര്യ പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോഡില്‍ പ്രസിദ്ധപ്പെടുത്തുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടന വേളയില്‍ ജയസൂര്യ വകുപ്പിനെതിരെ തുറന്നടിച്ചിരുന്നു. മഴയാണ് റോഡ് അറ്റകുറ്റപ്പണിയുടെ തടസം എന്ന വാദം ജനങ്ങള്‍ അറിയേണ്ട കാര്യമില്ലെന്നും മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ അദ്ദേഹം പറഞ്ഞു. റോഡിലെ കുഴികളില്‍ വീണ് അപകടം ഉണ്ടാകുമ്പോള്‍ കരാറുകാരനെതിരെ കേസ് എടുക്കണം. ടോള്‍ കാലാവധിയുടെ കാര്യത്തിലും വ്യക്തമായ നടപടി വേണം. കാലാവധി കഴിഞ്ഞാല്‍ ടോള്‍ ഗേറ്റുകള്‍ പൊളിച്ച് കളയുക തന്നെയാണ് വേണ്ടതെന്നും ജയസൂര്യ പറഞ്ഞിരുന്നു. പിന്നീട് മന്ത്രി മുഹമ്മദ് റിയാസിനെ മികച്ച മന്ത്രിയെന്നു ജയസൂര്യ വിശേഷിപ്പിച്ചതും വാർത്തകളിൽ ഇടംനേടി.
2013ല്‍ ജയസൂര്യ ശോചനീയമായ റോഡ് സ്വന്തം ചിലവില്‍ നന്നാക്കിയതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എറണാകുളം മേനക ജങ്ഷനിലെ റോഡിലാണ് നടന്‍ സ്വന്തം ചിലവില്‍ മെറ്റല്‍ കൊണ്ടുവന്നിറക്കി സുഹൃത്തുക്കളുമായി ചേര്‍ന്ന് കുഴിയടച്ചത്. തുടര്‍ന്ന് നടനെതിരെ അന്നത്തെ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞും കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ ടോണി ചമ്മിണിയും രംഗത്തു വന്നു. മാധ്യമ ശ്രദ്ധ കിട്ടാന്‍ വേണ്ടിയാണ് നടന്‍ ഈ പ്രവൃത്തി ചെയ്തതതെന്നായിരുന്നു ഇരുവരും പറഞ്ഞത്.
മേനകയിലെ റോഡിന്റെ ശോച്യാവസ്ഥ കണ്ട ജയസൂര്യ റോഡിലെ കുഴികള്‍ കല്ലിട്ട് നിരത്താന്‍ തീരുമാനിക്കുകയായിരുന്നു. കൂട്ടരും റോഡിലിറങ്ങി. കണ്ട് നിന്നവരെല്ലാം ആദ്യം ഇത് ഏതെങ്കിലും ജയസൂര്യ ചിത്രത്തിന്റെ ഷൂട്ടിങ്ങാണെന്നാണ് കരുതിയത്. എന്നാല്‍ അല്‍പസമയം കഴിഞ്ഞപ്പോള്‍ ഇത് കളിയല്ല കാര്യമാണെന്ന് മനസിലായി. പിന്നീട് ജനങ്ങളും താരവും സുഹൃത്തുക്കള്‍ക്കുമൊപ്പം ചേര്‍ന്ന് കല്ലിടല്‍ ഗംഭീരമാക്കുകയായിരുന്നു.
ഇതിനെല്ലാമിടയിലും, വർഷങ്ങൾ പിന്നിട്ടിട്ടും ‘റോഡിലെ കുഴി’യെന്ന തലവേദനയിൽ നിന്ന് കേരളത്തിന് മോചനമില്ല എന്നത് ദൗർഭാഗ്യകരമാണ്. മഴ പെയ്താൽ കുളമാകുന്ന റോഡുകളും കുഴികളും പരമ്പര പോലെ തുടരുകയും റോഡുകൾ കുരുതികളമാവുകയും ചെയ്യുന്നു. റോഡുകൾ തകർന്ന് അപകടങ്ങളുണ്ടാവുമ്പോൾ മഴയെ പഴിചാരി ഉത്തരവാദിത്വങ്ങളിൽ നിന്നും പതിവുപോലെ രക്ഷനേടുകയാണ് സർക്കാർ. ‘റോഡിൽ കുഴി വീഴാം, പക്ഷേ കുഴിയെ കുറിച്ച് മിണ്ടരുത്,’ നയമാണ് ഇപ്പോഴത്തെ സൈബർ ആക്രമണങ്ങളിലും നിഴലിക്കുന്നത്.