മലയാള സിനിമാചരിത്രത്തിൽ മറക്കാനാവാത്ത പേരുകളിൽ ഒന്നാണ് ഉദയ. കേരളത്തിലെ ആദ്യ സിനിമാ സ്റ്റുഡിയോകളിൽ ഒന്നായ ഉദയയ്ക്ക് മലയാള സിനിമാ വ്യവസായത്തെ മദ്രാസിൽ നിന്നും കേരളത്തിലേക്കെത്തിച്ചതിൽ നിർണായകമായൊരു പങ്കുതന്നെയുണ്ട്. ഉദയ കുടുംബത്തിൽ നിന്നെത്തി മലയാളസിനിമയിൽ തന്റേതായൊരിടം കണ്ടെത്തിയ താരമാണ് കുഞ്ചാക്കോ ബോബൻ. ഉദയയെ ആദരിച്ച വേദിയിൽ വികാരാധീനനായി സംസാരിക്കുന്ന ചാക്കോച്ചന്റെ വീഡിയോ ആണ് ഇപ്പോൾ ആരാധകരുടെ ഹൃദയം കവരുന്നത്.

കൊച്ചിയിൽ നടന്ന സിപിസി അവാർഡ് വേദിയിൽ ആയിരുന്നു ഉദയയെ കുറിച്ചുള്ള ഓർമകൾ ചാക്കോച്ചൻ പങ്കുവച്ചത്. “സ്ക്രീനിൽ പഴയ ചരിത്രം കണ്ടപ്പോൾ ഞാൻ ഇമോഷനായി. സിനിമയോട് ഒട്ടും താൽപ്പര്യമില്ലാതിരുന്ന, ദേഷ്യമുണ്ടായിരുന്ന ഒരാളാണ് ഞാൻ. ഉദയ എന്ന ബാനർ വേണ്ടെന്ന് അപ്പനോട് ദേഷ്യപ്പെട്ടു പറഞ്ഞ ഒരു ചെറുപ്പക്കാരൻ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ സിനിമയാണ് എനിക്കെല്ലാം. ഉദയയോട്, മുത്തശ്ശനോട്, അപ്പനോട് എല്ലാം നന്ദി പറയുകയാണ് ഞാനിപ്പോൾ,” കുഞ്ചാക്കോ ബോബൻ പറയുന്നു.

ഉദയയ്ക്ക് ഒപ്പം മേരിലാന്റ് സ്റ്റുഡിയോയെയും ചടങ്ങിൽ ആദരിച്ചു. മേരിലാന്റുമായി പണ്ട് ഉണ്ടായിരുന്ന ആരോഗ്യകരമായ മത്സരത്തെ കുറിച്ചും കുഞ്ചാക്കോ ബോബൻ ഓർത്തെടുത്തു. “അവർ ‘ഭക്ത കുചേല’ ഇറക്കിയപ്പോൾ ഞങ്ങൾ ‘കൃഷ്ണ കുചേല’ ഇറക്കി. വളരെ ആരോഗ്യകരമായ മത്സരം അന്ന് ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു.”

Read more: പത്മരാജന് ശേഷം മലയാളം കണ്ട ഏറ്റവും നല്ല തിരക്കഥാകൃത്താണ് ശ്യാം പുഷ്കരൻ: ഭദ്രൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook